കേന്ദ്ര ബജറ്റ്: സർക്കാരിന്റെ ലക്ഷ്യം ശമ്പള വരുമാനക്കാർ
ശമ്പള വരുമാനക്കാരും മധ്യവര്‍ഗവും അടങ്ങുന്ന വോട്ട് ബാങ്കിനെ ആകർഷിക്കാനുള്ള പ്രഖ്യാപനങ്ങൾ മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ ഉണ്ടായിരിക്കുമെന്ന് സൂചന.
ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുക. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടത്തര വരുമാനക്കാർക്കുള്ള നികുതി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 80 സി പ്രകാരമുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തില്‍നിന്ന് വര്‍ധിപ്പിക്കണമെന്ന ആവശ്യം ദീര്‍ഘകാലമായുണ്ട്.
ബജറ്റിൽ പരിഗണിച്ചേക്കാവുന്ന മറ്റുചില കാര്യങ്ങൾ
- അടിസ്ഥാന കസ്റ്റംസ് തീരുവ പുനർനിർണയിക്കുമെന്ന് സൂചനയുണ്ട്. എന്നാൽ ഏതെല്ലാം ഉൽപന്നങ്ങളാണ് ഇതിൽപെടുന്നത് എന്ന് വ്യക്തമല്ല.
- ഭവന വായ്പ പലിശക്കുള്ള നികുതിയിളവ് പരിധി വര്‍ധിപ്പിച്ചേക്കും.
- ആദായ നികുതിയിളവുകള്‍ പ്രഖ്യാപിച്ചേക്കും
- പെൻഷൻകാർക്ക് കൂടുതൽ നികുതി ആനുകൂല്യങ്ങൾ പരിഗണിക്കും
ബജറ്റിന് മുൻപായി സമർപ്പിച്ച റിപ്പോർട്ടിൽ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി (സിഐഐ) ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിൽ താഴെ വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കണം എന്നതാണ് പ്രധാന നിർദേശം. നിലവിൽ ഇത് 2.5 ലക്ഷമാണ്. അഞ്ചു മുതൽ 10 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി 10 ശതമാനമാക്കണമെന്നും സിഐഐ പറയുന്നു.