Begin typing your search above and press return to search.
നികുതിവിഹിതമായി കേരളത്തിന് കേന്ദ്രത്തിന്റെ ₹2,700 കോടി, ബിഹാറിന് ₹14,300 കോടി; യു.പിക്ക് ₹25,500 കോടി!
കേന്ദ്രത്തിന്റെ നികുതി സമാഹരണത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമായി ഫെബ്രുവരിയില്‍ മൂന്ന് ഗഡുക്കളായി മൊത്തം 1.42 ലക്ഷം കോടി രൂപ അനുവദിച്ചു. കേരളത്തിന് 2,736 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന സര്‍ക്കാരിന് ആശ്വാസമേകുന്നതാണ് തുക അനുവദിച്ച കേന്ദ്രത്തിന്റെ നടപടി. അതേസമയം, നികുതിവിഹിത വിതരണത്തില്‍ കേന്ദ്രം 'വിവേചനം' കാട്ടുന്നുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ വിമര്‍ശനങ്ങള്‍ കടുക്കാന്‍ ഇത്തവണത്തെ വിതരണ സമവാക്യവും ഇടവരുത്തിയേക്കും.
2021-23ലെ കണക്കുപ്രകാരം സംസ്ഥാനം 65 രൂപ പിരിപ്പെടുത്താല്‍ 35 രൂപ കേന്ദ്രതരും എന്നതാണ് ദേശീയ ശരാശരിയെന്ന് ഇക്കഴിഞ്ഞ ബജറ്റിലും സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളം 79 രൂപ പിരിച്ചെടുത്തിട്ടും 21 രൂപ മാത്രമേ കേന്ദ്രം തരുന്നുള്ളൂ. അതേസമയം, ഉത്തര്‍പ്രദേശിന് 46 രൂപയും ബിഹാറിന് 70 രൂപയും കേന്ദ്രം കൊടുക്കുന്നുണ്ടെന്നും അദ്ദേഹം ബജറ്റില്‍ പറഞ്ഞിരുന്നു.
യു.പിക്ക് 25,000 കോടി
ഫെബ്രുവരിയിലെ നികുതിവിഹിതമായി ഉത്തര്‍പ്രദേശിന് 25,495 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബംഗാളിന് 10,692 കോടി രൂപ നല്‍കി. മദ്ധ്യപ്രദേശിന് 11,157 കോടി രൂപയും ബിഹാറിന് 14,295 കോടി രൂപയും അനുവദിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പരിഗണിച്ചാല്‍ തമിഴ്‌നാടിന് 5,797 കോടി രൂപയും തെലങ്കാനയ്ക്ക് 2,987 കോടി രൂപയും ലഭിച്ചു. 5,183 കോടി രൂപയാണ് കര്‍ണാടകയ്ക്ക് ലഭിച്ചത്. 5,752 കോടി രൂപ ആന്ധ്രയ്ക്കും നല്‍കി.
ഗോവ (549 കോടി രൂപ), സിക്കിം (551 കോടി രൂപ) എന്നിവയാണ് ഏറ്റവും കുറഞ്ഞ നികുതിവിഹിതം നേടിയ സംസ്ഥാനങ്ങള്‍.
എന്തുകൊണ്ട് കേരളത്തിന് വിഹിതം കുറയുന്നു?
ധനകാര്യ കമ്മിഷന്റെ മാനദണ്ഡപ്രകാരമാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും നല്‍കേണ്ട നികുതിവിഹിതം നിശ്ചയിക്കുന്നത്. പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് കേരളത്തിന് 3.87 ശതമാനം നികുതിവിഹിതം അനുവദിച്ചിരുന്നത് 15-ാം ധനകാര്യ കമ്മിഷന്റെ കാലമായപ്പോള്‍ (നിലവിലെ കമ്മിഷന്‍) 1.925 ശതമാനത്തിലേക്ക് താഴ്ന്നു. ഇത് നികുതിവിഹിത ലഭ്യത കുറയാനിടയാക്കി.
Next Story
Videos