സ്വകാര്യവത്കരണം ടെലികോം മേഖലയിലേക്കും ?
പബ്ലിക് സെക്ടര്‍ എന്റര്‍പ്ലൈസസ് (PSE) പോളിസി 2021ന് കീഴില്‍ തന്ത്രപരമായ മേഖലയിൽ നിന്നുള്ള (Strategic Sector) ആദ്യ സ്വകാര്യവത്കരണം ടെലികോം രംഗത്തു നിന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യവത്കരിക്കാനുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യയും (TCIL) ഉള്‍പ്പെട്ടിട്ടുണ്ട്. നീതി ആയോഗ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചകള്‍ നടന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ടിസിഐഎല്ലിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കാര്യം കേന്ദ്രം പരിഗണിച്ചിരുന്നു. പ്രാരംഭ ഓഹരി വില്‍പ്പന നടത്തുന്നതിന് പുറമെ സ്വകാര്യവത്കരണം കൂടിയാണ് ഇപ്പോള്‍ കേന്ദ്രം പരിഗണിക്കുന്നത്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷന്‍സിന് കീഴില്‍ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്ന സ്ഥാപനമാണ് ടിസിഐഎല്‍. ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ വികസ്വര രാജ്യങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 1978ല്‍ ആരംഭിച്ചതാണ് ടിസിഐഎല്‍.
മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ഈ പൊതുമേഖലാ സ്ഥാപനത്തിന് സാന്നിധ്യമുണ്ട്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക്, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് സെന്റര്‍, ഐടിഐ എന്നിവയാണ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷൻസിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങള്‍. പൊതുമേഖലയിലെ രണ്ട് ബാങ്കുകളും ഒരു ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് കേന്ദ്രം സ്വകാര്യവത്കരിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ ബാങ്കുകളില്‍ കൈവശം വെക്കാവുന്ന ഓഹരിയുടെ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. പബ്ലിക് സെക്ടര്‍ എന്റര്‍പ്ലൈസസ് പോളിസിക്ക് കീഴില്‍
വളനിര്‍മാണ മേഖലയിലെ സ്ഥാപനങ്ങള്‍ സ്വാകാര്യവത്കരിക്കുന്ന കാര്യവും കേന്ദ്രത്തിന്റെ പരിഗണനയിലാണ്. രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ്, ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (FACT) തുടങ്ങിയവയെ ആണ് വളനിര്‍മാണ മേഖലയില്‍ നിന്ന് സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം പരിഗണിക്കുന്നത്.