പൊതുമേഖലാ ഓഹരികളില്‍ നിന്ന് കേന്ദ്രത്തിന് കിട്ടുക 12.5 ലക്ഷം കോടി; 'ഗോള്‍ഡന്‍ ഷെയര്‍' പദ്ധതി വീണ്ടും ചര്‍ച്ചകളില്‍

ഓഹരികള്‍ വിറ്റഴിച്ചാലും തന്ത്രപ്രധാനമായ കാര്യങ്ങളില്‍ സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെടില്ല എന്നതാണ് ഗോള്‍ഡന്‍ ഷെയറിന്റെ പ്രത്യേകത
cash bundle
Image by Canvacanva
Published on

പൊതുമേഖലാ സ്ഥാപനങ്ങളിലെ (PSU) സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം കുറച്ച്, പണമാക്കി മാറ്റാന്‍ ഗോള്‍ഡന്‍ ഷെയര്‍ ആശയം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 'ഇതു വഴി ഏകദേശം 12.5 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തലെന്ന്‌ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്താണ് ഗോള്‍ഡന്‍ ഷെയര്‍?

ഒരു കമ്പനിയിലെ ഭൂരിഭാഗം ഓഹരികള്‍ വിറ്റഴിച്ചാലും, ആ കമ്പനിയുടെ നിര്‍ണായക തീരുമാനങ്ങളില്‍ സര്‍ക്കാരിന് വീറ്റോ അധികാരം (Veto Power) നല്‍കുന്ന പ്രത്യേക തരം ഓഹരിയാണ് 'ഗോള്‍ഡന്‍ ഷെയര്‍'. ഇത് നിലവില്‍ വരുന്നതോടെ, കമ്പനിയിലെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിന് താഴെയായാലും സര്‍ക്കാരിന് കമ്പനിയുടെ നിയന്ത്രണം നിലനിര്‍ത്താന്‍ സാധിക്കും.

നേരത്തെ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്തും ഈ നയം പരിഗണിക്കപ്പെട്ടിരുന്നു.

ഭീമമായ ലാഭം

ഇത്തരത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ അധിക ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ സര്‍ക്കാരിന് ഏകദേശം 12.5 ലക്ഷം കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിലയിലുണ്ടായ വന്‍ വര്‍ധനവാണ് ഇത്തരമൊരു സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നത്. ഓഹരികള്‍ വിറ്റഴിച്ചാലും തന്ത്രപ്രധാനമായ കാര്യങ്ങളില്‍ സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെടില്ല എന്നതാണ് ഗോള്‍ഡന്‍ ഷെയറിന്റെ പ്രത്യേകത. പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ കമ്പനികളില്‍ ഇത് കൂടുതല്‍ ഗുണകരമാകും.

വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷങ്ങളില്‍ സര്‍ക്കാരിന്റെ ധനക്കമ്മി കുറയ്ക്കാനും അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്താനും ഈ തുക വിനിയോഗിക്കാന്‍ സാധിക്കും.

ഗോള്‍ഡന്‍ ഷെയര്‍' നയം നടപ്പിലാക്കുന്നതിന് കമ്പനീസ് ആക്റ്റില്‍ (Companies Act) ഭേദഗതികള്‍ വരുത്തേണ്ടി വന്നേക്കാം. നിലവിലെ നിയമമനുസരിച്ച്, ഒരു സ്ഥാപനത്തെ സര്‍ക്കാര്‍ കമ്പനിയായി കണക്കാക്കുന്നതിന് സര്‍ക്കാരിന് 51% ഓഹരി പങ്കാളിത്തം ആവശ്യമാണ്. എന്നാല്‍, സ്‌പെഷ്യല്‍ റെസല്യൂഷന്‍ അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള ഫലപ്രദമായ നിയന്ത്രണം വെറും 26% ഓഹരി പങ്കാളിത്തത്തിലൂടെയും നിലനിര്‍ത്താന്‍ സാധിക്കുമെന്ന നിര്‍ദ്ദേശങ്ങള്‍ ഉയരുന്നുണ്ട്. നിയമപരമായ മാറ്റങ്ങളിലൂടെ ഇത് സാധ്യമാക്കിയാല്‍, തന്ത്രപരമായ മേല്‍നോട്ടം കൈവിടാതെ തന്നെ സര്‍ക്കാരിന് കൂടുതല്‍ ഓഹരികള്‍ വിറ്റഴിച്ച് പണം കണ്ടെത്താന്‍ സാധിക്കും.

സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം വിപണിയില്‍ ഉയര്‍ത്താനും ഈ നീക്കം സഹായിക്കും. 2027 സാമ്പത്തിക വര്‍ഷത്തേക്ക് 80,000 കോടി രൂപയുടെ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, പരമ്പരാഗതമായ സ്വകാര്യവല്‍ക്കരണ നടപടികള്‍ പലപ്പോഴും രാഷ്ട്രീയവും തൊഴിലാളികളുമായി ബന്ധപ്പെട്ടതുമായ തടസങ്ങള്‍ നേരിടാറുണ്ട്. ഈ സാഹചര്യത്തിലാണ് ഗോള്‍ഡന്‍ ഷെയര്‍ പദ്ധതിയെ കുറിച്ച് ചിന്തിക്കുന്നത്.

2025 പകുതിയോടെ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിപണി മൂല്യം (Market Capitalization) ഏകദേശം 69 ലക്ഷം കോടി രൂപയായിരുന്നു. ഇത് സര്‍ക്കാരിന് ലഭിക്കാനിരിക്കുന്ന വരുമാനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 2026 ഫെബ്രുവരി തുടക്കത്തില്‍ നിഫ്റ്റി പി.എസ്.ഇ (Nifty PSE Index) സൂചിക 10,396.25 പോയിന്റിലെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 16.23 ശതമാനം റിട്ടേണും, 5 വര്‍ഷത്തെ കണക്കെടുത്താല്‍ 28.1 ശതമാനം വാര്‍ഷിക വളര്‍ച്ചയുമാണ് (CAGR) ഇത് രേഖപ്പെടുത്തിയത്.

സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുന്നതിനാല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെയുള്ള രാഷ്ട്രീയ എതിര്‍പ്പുകളെ ഒരു പരിധിവരെ മറികടക്കാനും ഇതിലൂടെ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിദേശത്തും പരീക്ഷിക്കുന്ന മോഡല്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോള്‍ഡന്‍ ഷെയര്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിമാന നിര്‍മ്മാണ കമ്പനിയായ എംബ്രയറില്‍ (Embraer) ബ്രസീല്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ നിയന്ത്രണം നിലനിര്‍ത്തുന്നുണ്ട്. ബ്രിട്ടനും പല സ്വകാര്യവല്‍ക്കരണ പ്രക്രിയകളിലും ഈ മാതൃക പിന്തുടര്‍ന്നിരുന്നു.

അതേസമയം, സ്വതന്ത്രമായ മൂലധന വിനിമയത്തിന് തടസമാകുന്നു എന്ന കാരണത്താല്‍ യൂറോപ്യന്‍ യൂണിയന്‍ ഗോള്‍ഡന്‍ ഷെയര്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

India Eyes ‘Golden Share’ Model to Unlock PSU Value

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com