Begin typing your search above and press return to search.
കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വാകും പക്ഷേ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെ
റബറിനും നാളികേരത്തിനും നെല്ലിനും താങ്ങുവില്‍പ്പന, കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍ തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത് കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനമാകും. റബറിന്റെ താങ്ങുവില 170 രൂപയാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. നാളികേരത്തിന്റെ സംഭരണ വില 22 രൂപയില്‍ നിന്ന് 32 യായി വര്‍ധിപ്പിക്കുമെന്നും നെല്ലിന്റെ സംഭരണ വില 28 രൂപയാക്കുമെന്നുമാണ് മറ്റു പ്രഖ്യാപനങ്ങള്‍. കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മ പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി തോമസ് ഐസക് കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തരിശുരഹിത കേരളമാണ് ലക്ഷ്യമിടുന്നതെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍വിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികള്‍ രൂപീകരിക്കും. കുടുംബശ്രീയുടെ 70000 സംഘകൃഷി ഗ്രൂപ്പുകളില്‍ നിന്ന് മൂന്നു ലക്ഷം സ്ത്രീകള്‍ പണിയെടുക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു. 2021-22 വര്‍ഷത്തില്‍ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരു ലക്ഷമാക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. അധികമായി ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. ഈ സംഘങ്ങള്‍ക്കെല്ലാം കാര്‍ഷിക വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കും. പലിശ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും. കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് അധിവര്‍ഷാനുകൂല്യം നല്‍കുന്നതിന് നൂറു കോടി രൂപ കൂടി അനുവദിക്കുമെന്നും ബഡ്ജറ്റില്‍ പറയുന്നു.
നെല്‍കൃഷി വികസനത്തിന് 116 കോടി രൂപയും പച്ചക്കറി-കിഴങ്ങ് വര്‍ഗ ഉല്‍പ്പാദനം കൂട്ടാന്‍ 80 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നാളികേര കൃഷി പ്രോത്സാഹിപ്പിക്കാന്‍ 75 കോടി രൂപയും വികയിരുത്തി.
എന്നാല്‍ പ്രഖ്യാപിച്ചതു പോലെ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സാമ്പത്തിക ശേഷി സംസ്ഥാനത്തിനുണ്ടോ എന്നതാണ് വിദഗ്ധര്‍ ചോദിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച നെല്ല് സംഭരണം പോലും വേണ്ട പോലെ നടക്കാത്ത സാഹചര്യത്തില്‍ തറവില പ്രഖ്യാപിച്ചതും യാഥാര്‍ത്ഥ്യമാക്കാന്‍ ഏറെ ബുദ്ധിമുട്ടും. തറവില പ്രഖ്യാപനം ചെറുകിട കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് അഗ്രിപ്രണറായ റോഷന്‍ കൈനടി അഭിപ്രായപ്പെടുന്നു. സ്വന്തമായി അധ്വാനിച്ച് കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് തറവിലയുടെ നേട്ടം അനുഭവിക്കാനാകും. എന്നാല്‍ അത് പ്രായോഗിക തലത്തില്‍ എത്രമാത്രം വിജയകരമാകും എന്നത് സംശയമുണര്‍ത്തുന്നുമുണ്ടെന്ന് അദ്ദേഹം പറയുന്നു. അതേസമയം തൊഴിലവസരങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളില്‍ കാര്യമില്ലെന്നും കൃത്യമായ ഡാറ്റ ലഭ്യമാകാത്തതിനാല്‍ അതു സംബന്ധിച്ച അവകാശവാദങ്ങളില്‍ മാത്രമൊതുങ്ങാനാണ് സാധ്യതയെന്നും റോഷന്‍ കൈനടി വിലയിരുത്തുന്നു.
ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ പുതുതായി കാര്‍ഷിക മേഖലയിലേക്ക് കടന്നു വരുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുമെന്ന് അഭിപ്രായവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം 60 ശതമാനം മലയാളി പ്രവാസികള്‍ തിരിച്ചെത്തിയിട്ടുണ്ട്. അവരില്‍ പലരും കാര്‍ഷിക അനുബന്ധ സംരംഭങ്ങളിലാണ് കണ്ണുവെയ്ക്കുന്നത്. കാര്‍ഷിക പരിശീലന പരിപാടികളില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെ തിരക്കാണ്. അവരില്‍ കുറേപേരെങ്കിലും കൃഷിയിലേക്ക് തിരിയും. എന്നാല്‍ കൃത്യമായ അറിവില്ലാതെ കൃഷിയിലേക്ക് ഇറങ്ങിയാല്‍ എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അവര്‍ കുറേയറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യത്തിലും സംശയമില്ല.
വര്‍ക്ക് അറ്റ് ഹോം പ്രകാരം വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ യുവാക്കളില്‍ പലരും കൃഷിയിലേക്ക് തിരിയുന്നു എന്നതും അടുത്തിടെയുണ്ടായ വലിയ മാറ്റമാണ്. സാങ്കേതികമായ അറിവും കൃത്യമായ ധാരണയോടെയും ഈ രംഗത്ത് എത്തുന്ന അവര്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കാര്‍ഷിക വൃത്തിയിലേക്ക് ഇറങ്ങുന്നതും കാര്‍ഷിക മേഖലയ്ക്ക് ഗുണമാകും. യഥാസമയം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സഹായം ലഭിച്ചാല്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് അത് നേട്ടം തന്നെയാകും.
കൂടുതല്‍ ലൈവ് അപ്‌ഡേറ്റുകള്‍ക്ക് ക്ലിക്ക് ചെയ്യുക: കേരള ബജറ്റ് 2021
Next Story
Videos