ചൈനയെ ബഹിഷ്‌കരിച്ചാല്‍ എന്തു സംഭവിക്കും? പറയുന്നതുപോലെ എളുപ്പമല്ല കാര്യങ്ങള്‍
ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പരിണിതഫലം എന്തായിരിക്കും? ചൈനയെ പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാനാകുമോ? ചൈനയെ ബഹിഷ്‌കരിക്കല്‍ പറയുന്നതുപോലെ എളുപ്പമായിരിക്കില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈനയെ മാറ്റിനിര്‍ത്തുന്നത് ഫാര്‍മ, ഇലക്ട്രോണിക്‌സ് മേഖലകളെയായിരിക്കും ഏറ്റവും ബാധിക്കുന്നതെങ്കിലും സപ്ലൈ ചെയ്ന്‍ തടസപ്പെടുന്നത് രാജ്യത്തെ വിവിധ ബിസിനസുകളുടെ പ്രവര്‍ത്തനം താറുമാറാക്കും.
''ഒരു രാജ്യത്തിനും ഇപ്പോഴത്തെ കാലഘട്ടത്തില്‍ ഒറ്റയ്ക്ക് മുന്നോട്ടുപോകാനാകില്ല. പരസ്പരസഹകരണത്തോടെയേ പോകാനാകൂ. ആഭ്യന്തര ഉല്‍പ്പാദനവും ആഭ്യന്തര ഉപഭോഗവും മാത്രമായി നിലനില്‍ക്കാനാകില്ല. ഇന്ത്യയുടെയും ചൈനയുടെയും ഫ്രീ ഇക്കണോമിയാണ്. ഇരുകൂട്ടരും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ ഒപ്പിട്ടിട്ടുള്ളവരാണ്. ഒരുപരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകില്ല. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം തന്നെ ഒത്തുതീര്‍പ്പിലേക്ക് എത്തിയിരിക്കുകയാണ്. ഇത് യുദ്ധത്തിന് സമാനമായ സ്ഥിതിവിശേഷമാണ്. ഒരാള്‍ മാത്രമായി ജയിക്കുകയോ ഒരാള്‍ മാത്രമായി തോല്‍ക്കുകയോ ഇല്ല. ഇരുകൂട്ടര്‍ക്കും കനത്ത നഷ്ടമുണ്ടാകും. ചൈനയെ ബഹിഷ്‌കരിക്കുക എന്ന് പറയുന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയര്‍ത്തിപ്പിടിക്കാമെന്നല്ലാതെ പ്രായോഗികമായി അത് നടപ്പാക്കാനാകില്ല. ചൈനയ്ക്കും ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിക്കൊണ്ട് മുന്നോട്ടുപോകാനാകില്ല.'' കൊട്ടാരം ഗ്രൂപ്പിന്റെ ഡയറക്റ്ററായ ആന്റണി കൊട്ടാരം പറയുന്നു.
''ചൈനയെ ബഹിഷ്‌കരിക്കുന്നതിന് മുമ്പ് നാം ആദ്യം കൂടുതല്‍ മല്‍സരക്ഷമമാകുകയാണ് വേണ്ടത്. നമ്മുടെ മാനുഫാക്ചറിംഗ് മേഖലയുടെ നിലവാരം ഉയര്‍ത്തി അവരുടെ ഉല്‍പ്പന്നങ്ങളുമായി കിടപിടിക്കത്തക്ക രീതിയിലേക്ക് എത്തണം. പക്ഷെ ഇത് പെട്ടെന്നൊരു ദിനം കൊണ്ട് നടക്കുന്ന കാര്യമല്ല. പടിപടിയായി അതിനുള്ള ശ്രമങ്ങളുണ്ടാകണം.'' ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ നവാസ് മീരാന്‍ പറയുന്നു.
ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?
ഇന്ത്യ എത്രമാത്രം ചൈനയെ ആശ്രയിക്കുന്നുണ്ട്? ഈ കണക്കുകള്‍ അതിന് ഉത്തരം പറയും. ഇന്ത്യയില്‍ വില്‍ക്കുന്ന 28 ശതമാനം എയര്‍ കണ്ടീഷണറുകളും ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യയിലെ 15-20 ശതമാനം ഓട്ടോമൊബീല്‍ പാര്‍ട്‌സും ഇറക്കുമതി ചെയ്യുന്നതാണ്. ഇതില്‍ ബഹുഭൂരിപക്ഷവും ചൈനയില്‍ നിന്നാണ് വരുന്നത്.
''ഇന്ത്യയുടെ മെഡിസിന്‍ ഇന്‍ഡസ്ട്രിയിലേക്കുള്ള 60-65 ശതമാനം അസംസ്‌കൃത വസ്തുക്കളും ചൈനയില്‍ നിന്നാണ് വരുന്നത്. അതുപോലെ ഇലക്ട്രോണിക്‌സ് വിപണിയിലേക്കുള്ള 85 ശതമാനം ഘടകഭാഗങ്ങളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. നാം ചൈനയെ എത്രത്തോളം ആശ്രയിക്കുന്നുവെന്നത് ഇതില്‍ നിന്ന് മാത്രം വ്യക്തമാണല്ലോ. ഇത് പെട്ടെന്നൊരു ദിനം മാറ്റിമറിക്കാനാകില്ല. ചൈനയെ സംബന്ധിച്ചടത്തോളം ഇന്ത്യന്‍ വിപണി അത്ര വലുതാണെന്ന് പറയാന്‍ കഴിയില്ല. ചൈനയുടെ മൊത്തം കയറ്റുമതിയുടെ 1.5-2 ശതമാനം മാത്രമേ ഇന്ത്യയിലേക്ക് വരുന്നുള്ളു. ബാക്കി മറ്റു രാജ്യങ്ങളിലേക്കാണ് അവര്‍ കയറ്റുമതി ചെയ്യുന്നത്.'' ആന്റണി കൊട്ടാരം ചൂണ്ടിക്കാട്ടുന്നു.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ എക്‌സ്‌പോര്‍ട്ട് & ഇംപോര്‍ട്ട് ഡാറ്റ ബാങ്ക് അനുസരിച്ച് 2018-19 കാലഘട്ടത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മൂന്ന് പ്രധാന വിഭാഗങ്ങളിലെ ഇറക്കുമതി താഴെപ്പറയുന്നവിധമായിരുന്നു.
1. ഇലക്ട്രിക്കല്‍ എക്വിപ്‌മെന്റ്: 20.63 ബില്യണ്‍ ഡോളര്‍
2. ന്യൂക്ലിയര്‍ റിയാക്ടേഴ്‌സ്: 13.4 ബില്യണ്‍ ഡോളര്‍
3. കെമിക്കല്‍സ്: 8.6 ബില്യണ്‍ ഡോളര്‍
എന്നാല്‍ 2018-19ല്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി നടത്തിയ പ്രധാന വിഭാഗങ്ങള്‍:
1. ഓര്‍ഗാനിക് കെമിക്കല്‍സ്: 3.25 ബില്യണ്‍ ഡോളര്‍
2. മിനറല്‍ ഫ്യൂവല്‍സ്: 2.86 ബില്യണ്‍ ഡോളര്‍
3. പരുത്തി: 1.79 ബില്യണ്‍ ഡോളര്‍
ലോക്ഡൗണ്‍ കാലത്തുതന്നെ ചൈനയില്‍ നിന്നുള്ള സപ്ലൈ തടസപ്പെട്ടത് ഇന്ത്യയുടെ ഓട്ടോമൊബീല്‍ മുതല്‍ ടെക് മേഖലകളെയും ഫാര്‍മ മേഖലയെയും വരെ ബാധിച്ചത് നാം കണ്ടതാണ്. അതിര്‍ത്തിയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അത്തരത്തിലുള്ള സ്ഥിതിവിശേഷം വീണ്ടുമുണ്ടാകുന്നതിന് വഴിതെളിച്ചേക്കാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline