"ബജറ്റ് നിരാശാജനകം, വ്യാപാരമേഖലയ്ക്കായി യാതൊന്നുമില്ല''

ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്ന് സഭയില്‍ അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കച്ചവടമേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന ഒരു പ്രഖ്യാപനവുമില്ലെന്നും ധനകാര്യ വിദഗ്ധന്‍ ഡോ. ജോസ് സെബാസ്റ്റിയന്‍.

വിഭവ സമാഹരണത്തിന് ക്രിയാത്മകമായ യാതൊരു പദ്ധതിയും ബജറ്റില്‍ ഇല്ല. സ്‌പെഷല്‍ പര്‍പ്പസ് വെഹിക്ക്ള്‍ വഴി കടമെടുക്കല്‍ മാത്രമാണ് കേരളത്തിന് മുന്നിലുള്ള ഏക വഴിയെന്ന ധാരണ ഈ ബജറ്റ് സമൂഹത്തിലെത്തിക്കുന്നു. കിഫ്ബി വന്നതോടെ ജനങ്ങള്‍ക്ക് കടമെടുത്തായാലും ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ ചിലത് നടപ്പാകുമെന്ന ധാരണ വന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് ഏറെ അപകടകരമായ കാര്യമാണ്. കടമെടുത്തുള്ള ഈ പശ്ചാത്തല വികസനം നാലഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കും. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രൈസ് കള്‍ച്ചര്‍ ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ഡയറക്റ്റര്‍ കൂടിയായ ഡോ. ജോസ് സെബാസ്റ്റിയന്‍ വിശദീകരിക്കുന്നു.

ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ചത് മാത്രമാണ് വ്യാപാരമേഖയ്ക്ക് പരോക്ഷമായെങ്കിലും സഹായിക്കുന്ന ഏക പദ്ധതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ''കേരളത്തില്‍ രണ്ടുലക്ഷത്തോളം കടകള്‍ പൂട്ടിപ്പോയെന്നാണ് കണക്ക്. സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ താങ്ങിനിര്‍ത്തുന്നത് ഐടിയോ മറ്റോ രംഗങ്ങളോ അല്ല. മറിച്ച് കച്ചവട മേഖലയും കയറ്റിറക്ക് മേഖലയും ഒക്കെയാണ്. ക്ഷേമ പെന്‍ഷനുകള്‍ 5000 രൂപ ആക്കിയിരുന്നുവെങ്കില്‍ സാധാരണക്കാരുടെ കൈയില്‍ പണം വരും. അവരാണ് കൈയില്‍ കിട്ടുന്ന പണം ചെലവിടുന്ന ആള്‍ക്കാര്‍. അവര്‍ കൂടുതല്‍ സാധാനങ്ങള്‍ കടകളില്‍ നിന്ന് വാങ്ങു. ഓട്ടോറിക്ഷ പോലുള്ള പൊതുഗതാഗത മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കും. ഇത് കേരളത്തിലെ ക്രയവിക്രയം കൂട്ടും. അതിലൂടെ വ്യാപാരമേഖലയ്ക്കും ഉണര്‍വുണ്ടാകുമായിരുന്നു. എന്നാല്‍ അത് ബജറ്റിലുണ്ടായിട്ടില്ല,'' ഡോ. ജോസ് സെബാസ്റ്റിയന്‍ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളുടെ ഉപഭോഗം വര്‍ധിപ്പിച്ചാല്‍ മാത്രമേ വ്യാപാരരംഗത്ത് ഉണര്‍വുണ്ടാകൂവെന്ന് അദ്ദേഹം പറയുന്നു. ''തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ് മാത്രമാണിത്. കിഫ്ബി ഇല്ലായിരുന്നുവെങ്കില്‍ ജനങ്ങള്‍ ഈ ബജറ്റ് തള്ളിക്കളഞ്ഞേനെ. കിഫ്ബി ഉള്ളതുകൊണ്ട് പദ്ധതികള്‍ നടക്കുമെന്ന മായികമായ ധാരണ ജനങ്ങളിലുണ്ട്. ജനങ്ങളുടെ കയ്യടി വാങ്ങാനുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളത്,'' ഡോ. ജോസ് സെബാസ്റ്റിയന്‍ ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ ലൈവ് അപ്‌ഡേറ്റുകള്‍ക്ക് ക്ലിക്ക് ചെയ്യുക: കേരള ബജറ്റ് 2021

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it