കോവിഡ്: സര്‍ക്കാര്‍ നിയമനങ്ങളിലും കുറവ്

രാജ്യത്തെ പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരി സര്‍ക്കാര്‍ നിയമനങ്ങളെയും കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ സര്‍ക്കാര്‍ തസ്തികകളിലെ നിയമനം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ നടത്തിയ നിയമനങ്ങളില്‍ 27 ശതമാനം കുറവുണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നിയമനങ്ങളില്‍ 21 ശതമാനം കുറഞ്ഞതായി നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2019-20 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ 1,19,000 പേരെ വിവിധ തസ്തികകളില്‍ നിയമിച്ചപ്പോള്‍ 2021 സാമ്പത്തിക വര്‍ഷം അത് 87,423 ആയി കുറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷം 3,98,052 പേരെയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് കീഴില്‍ നിയമിച്ചത്. 2019-20 നേക്കാള്‍ 1,07,000 കുറവാണിത്. സ്വകാര്യമേഖലയെ കൂടാതെ സര്‍ക്കാരുകളും പ്രതികൂല സാമ്പത്തിക അന്തരീക്ഷത്തിനിടയില്‍ ജോലിക്കാരെ നിയമിക്കുന്നതില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ ഏപ്രില്‍ മാസം 7.35 ദശലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി (സിഎംഐഇ) ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ എണ്ണം മാര്‍ച്ച് മാസത്തിലെ 398.14 ദശലക്ഷത്തില്‍ നിന്ന് ഏപ്രിലില്‍ 390.79 ദശലക്ഷമായാണ് കുറഞ്ഞത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it