ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 3.2 % ചുരുങ്ങുമെന്ന് ലോക ബാങ്ക്
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 3.2 ശതമാനം ചുരുങ്ങുമെന്ന് ലോക ബാങ്ക്. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ ഫലമായി ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും ഗുരുതരമായ മാന്ദ്യമാണെന്നും ലോകബാങ്ക് വ്യക്തമാക്കി.
ആഗോള സമ്പദ്വ്യവസ്ഥ 5.2 ശതമാനം ചുരുങ്ങുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് ഏറ്റവും പുതിയ ആഗോള സാമ്പത്തിക റിപ്പോര്‍ട്ടില്‍ ലോക ബാങ്ക് പറയുന്നു. കോവിഡ് -19 പകര്‍ച്ചവ്യാധിയും ബിസിനസ് ലോക്ഡൗണുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കൂടുതല്‍ കാലം നിലനില്‍ക്കുകയാണെങ്കില്‍ പ്രവചനങ്ങള്‍ താഴേക്ക് പരിഷ്‌കരിക്കേണ്ടിവരും.എല്ലാ രാജ്യങ്ങളില്‍ നിന്നും 1960 ല്‍ മൊത്തം ഡാറ്റ ലഭ്യമായിത്തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ കനത്ത പ്രതിസന്ധിയുടെ അവസ്ഥയാണിതെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.
വികസിത സമ്പദ്വ്യവസ്ഥ 2020 ല്‍ ഏഴ് ശതമാനം ചുരുങ്ങുമെന്നാണ് ഇപ്പോഴുള്ള കണക്ക്. വളര്‍ന്നുവരുന്ന വിപണി സമ്പദ്വ്യവസ്ഥയിലെ സങ്കോചം 2.5 ശതമാനമായിരിക്കും. പ്രതിശീര്‍ഷ ജിഡിപി അടിസ്ഥാനത്തില്‍ ആഗോള സങ്കോചം 1945 -46 ന് ശേഷമുളള ഏറ്റവും അപകടകരമായ സ്ഥിതിയിലാണെന്നും ലോക ബാങ്ക് വിലയിരുത്തുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline