ആസ്തി വിൽപ്പനയിലൂടെ സർക്കാർ ലക്ഷ്യം 2.5 ലക്ഷം കോടി

ആസ്തി വിൽപ്പനയിലൂടെ 2.5 ലക്ഷം കോടി രൂപ സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി 100 ആസ്തികൾ കണ്ടെത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ്‌ അസറ്റ് മാനേജ്‌മെന്റുമായി (DIPAM) ബന്ധപ്പെട്ട് ബജറ്റിലുണ്ടായ പ്രഖ്യാപനങ്ങൾ വിശദീകരിക്കുന്നതിനായി ബുധനാഴ്ച്ച നടന്ന ഒരു വെബിനാറിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സ്വകാര്യവൽക്കരണത്തിനും ആസ്തി ധനസമ്പാദനത്തിനും ഉറച്ച പിന്തുണ നൽകിക്കൊണ്ടു സംസാരിച്ച മോദി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 111 ലക്ഷം കോടി രൂപയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ (എൻ‌ഐ‌പി) പദ്ധതികളാണ് രാജ്യത്തിനു മുന്നിലുള്ളതെന്നും ഇതിൽ 25 ലക്ഷം കോടി രൂപയായിരിക്കും സ്വകാര്യമേഖലയുടെ സംഭാവനയെന്നും എടുത്തു പറഞ്ഞു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ സ്വകാര്യമേഖലയ്ക്ക് വലിയ പങ്കാണുള്ളതെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, സമ്പത്ത് സൃഷ്ടിക്കുന്നവരും രാജ്യത്തിന് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി.

"'ധനസമ്പാദനം, ആധുനികവത്കരണം' എന്ന മന്ത്രവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. സർക്കാർ സ്വന്തമായി ബിസിനസിൽ ഏർപ്പെടേണ്ടത് അത്യാവശ്യമല്ല. ആസ്തി ധനസമ്പാദനത്തിലൂടെ സമാഹരിക്കുന്ന തുകകൊണ്ട് വികസന പദ്ധതികൾക്ക് ധനസഹായം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സ്വത്ത് ധനസമ്പാദനവും സ്വകാര്യവൽക്കരണ തീരുമാനങ്ങളും ഇന്ത്യൻ പൗരന്മാരെ ശാക്തീകരിക്കാൻ സഹായിക്കും," മോദി പറഞ്ഞു.

സർക്കാർ ആസ്തികളിൽ നിന്ന് ധനസമ്പാദനം നടത്തുമ്പോൾ രാജ്യത്തെ സ്വകാര്യമേഖലയാണ് ആ ഇടത്തിലേക്ക് കയറിവരുന്നത് എന്ന് മോദി പറഞ്ഞു. സ്വകാര്യമേഖല നിക്ഷേപവും മികച്ച ആഗോള സമ്പ്രദായങ്ങളും കൊണ്ടുവരുന്നു.

ഏതെങ്കിലും മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുകയാണെങ്കിൽ ഒരു പൊതുമേഖലാ സംരംഭത്തിന്റെ ആവശ്യകത എനിക്ക് മനസ്സിലാക്കാൻ കഴിയും. രാജ്യത്തിന്റെ സംരംഭങ്ങൾക്കും ബിസിനസ്സിനും പിന്തുണ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും സർക്കാർ ബിസിനസ്സിൽ ഏർപ്പെടേണ്ട ആവശ്യമില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

മിക്ക പൊതുമേഖലാ സംരംഭങ്ങളും നഷ്ടമുണ്ടാക്കുന്നവയാണ്, അവയിൽ പലതിനും പൊതു പണത്തിന്റെ പിന്തുണ ആവശ്യമാണ്. "ഇത് സമ്പദ്‌വ്യവസ്ഥക്ക് ഭാരമുണ്ടാക്കുന്നു," അദ്ദേഹം പറഞ്ഞു.

"വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്, ആരുടെയെങ്കിലും ഇഷ്ടപദ്ധതിയാണ് എന്നതുകൊണ്ടു മാത്രം പ്രവർത്തിപ്പിക്കേണ്ടവയല്ല പൊതുമേഖലാ സ്ഥാപനങ്ങൾ. സ്വകാര്യവൽക്കരണത്തിലും ആസ്തി ധനസമ്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഉയർന്ന വളർച്ചാപാതയിലേക്ക് രാജ്യത്തെ നയിക്കാനുള്ള ശ്രമത്തിനാണ് ബജറ്റ് ശക്തമായ തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയുടെ വികസനത്തിൽ സ്വകാര്യമേഖലയുടെ കൂടുതൽ സജീവമായ പങ്കാളിത്തം മുന്നോട്ടുവെക്കുന്ന ബജറ്റ് പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ സാധ്യതകളും ലക്ഷ്യങ്ങളും വ്യക്തതയോടെ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ FDI-സൗഹൃദ അന്തരീക്ഷവും ഉത്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനവും നിക്ഷേപകരുടെ ആവേശം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി FDIയിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് ഇതാണ് സൂചിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it