

ആഗോള തലത്തില്‍ ഉല്‍പ്പന്ന വിലകള്‍ അഥവ കമ്മോഡിറ്റി പ്രൈസുകളില്‍ പ്രകടമാവുന്ന വര്‍ദ്ധന പുതിയ ഒരു ബൂമിന്റെ തുടക്കമാണെന്ന ചര്‍ച്ചകള്‍ വിപണിയില്‍ സജീവമാണ്. ചെമ്പിന്റെ വില ഏറ്റവും വലിയ ഉയരങ്ങളില്‍ എത്തിയതും, അസംസ്‌കൃത എണ്ണയുടെയു കാര്‍ഷികോല്‍പ്പന്നങ്ങളുടെയും വില കോവിഡിന് മുമ്പത്തെ നിലവാരത്തില്‍ എത്തിയതുമാണെ പുതിയ ബൂമിനെ ക്കുറിച്ചുള്ള വര്‍ത്തമാനങ്ങളുടെ അടിസ്ഥാനം. കോവിഡിന്റെ അടച്ചു പൂട്ടലിനു ശേഷം സാമ്പത്തിക മേഖല സാധാരണ നില കൈവരിക്കുന്നതും, സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള വന്‍ ഉത്തേജന പദ്ധതികളും ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡിലും, വിലയിലും വര്‍ഷങ്ങള്‍ നീളുന്ന വര്‍ദ്ധനവിന് കാരണമാകും എന്നാണ് വിലയിരുത്തല്‍. സാധാരണ നിലയിലുള്ള ബൂമല്ല സൂപ്പര്‍ സൈക്കിള്‍ എന്നു വിശേഷിപ്പിക്കുന്ന വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിലവര്‍ദ്ധനയുടെ ലക്ഷണമാണ് ഇപ്പോള്‍ പ്രകടമാവുന്നതെന്നു കരുതുന്ന വിദ്ഗധരും കുറവല്ല. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന, ചിലപ്പോള്‍ ദശകങ്ങള്‍ തന്നെ നീളുന്ന, അസാധാരണമായ വില വര്‍ദ്ധനവിനെയാണ് സൂപ്പര്‍ സൈക്കിള്‍ എന്നു വിശേഷിപ്പിക്കുന്നത്.
എന്നാല്‍, ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡിന്റെ ബലത്തില്‍ ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദൃശ്യമായതു പോലുള്ള സൂപ്പര്‍ സൈക്കിളിന് സാധ്യതയില്ലെന്ന വിലയിരുത്തലുകളും ശക്തമാണ്. ചൈനയുടെ പിന്‍ബലത്തില്‍ നേരത്തെ സംഭവിച്ചതു പോലെ എല്ലാത്തരം ഉല്‍പ്പന്നങ്ങളുടെയും വില ഉയരണമെന്നു നിര്‍ബന്ധമില്ല എന്നതാണ് അതിനുള്ള കാരണം. ഉദാഹരണമായി ചെമ്പിന്റെ വില ഉയരും. എന്നാല്‍ എണ്ണയുടെ വില ഉയരുന്നതിന് പകരം കുറയുന്നതിനാണ് സാധ്യത. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഹരിത ഇന്ധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതിനുള്ള സാധ്യതയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നുള്ള വീക്ഷണങ്ങളുടെ അടിസ്ഥാനം. എണ്ണ വില താഴോട്ടു പോവുന്നതിന് തടയിടുന്നതിനായി പ്രമുഖ എണ്ണയുല്‍പ്പാദന രാജ്യങ്ങള്‍ ഉല്‍പ്പാദനത്തില്‍ വരുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇപ്പോഴത്തെ വര്‍ദ്ധനവിനുള്ള പ്രേരണയാണ്. വില ഉയരുന്ന പക്ഷം ഉല്‍പ്പാദനത്തിലെ നിയന്ത്രണങ്ങള്‍ ഇല്ലാതാവുന്നതോടെ ലഭ്യത ഉയരുകയും അത് വില കുറയുന്നതിന് കാരണമാവുകയും ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ചെമ്പിന്റെ കാര്യത്തില്‍ അതല്ല സ്ഥിതി. ആവശ്യത്തിന് അനുസരിച്ച് പുതിയ ചെമ്പ് ഖനികളില്‍ നിന്നുള്ള ഉല്‍പ്പദാനം ലഭ്യത ഉറപ്പാക്കുന്നതിനായി 10 കൊല്ലം വരെ കാത്തരിക്കേണ്ടി വരും. എണ്ണയുടെയും, ലോഹങ്ങളുടെയും ഈ ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ പ്രതീകമായി വിപണിയിലെ ഏറ്റിറക്കങ്ങളെ കാണാനാവുമെന്നു ബ്ലൂംബര്‍ഗ് ഒരു റിപോര്‍ടില്‍ പറയുന്നു. ലണ്ടന്‍ ഓഹരി വിപണയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയെന്ന പദവി റോയല്‍ ഡച്ച് ഷെല്ലില്‍ നിന്നും ലോകത്തെ ഏറ്റവും വലിയ ഖനന കമ്പനിയായ BHP Plc ആയി മാറി. ചെമ്പിന്റെ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ ടണ്ണിന് 10,000 ഡോളര്‍ എന്ന നിലയില്‍ എത്തുമെന്നാണ് ഗോള്‍ഡ്മാന്ഡ സാക്‌സ് പോലുള്ള സ്ഥാപനങ്ങളുടെ വിലയിരുത്തല്‍. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 ഡോളര്‍ എന്ന നിലയില്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട്. അത് ബാരലിന് 75 ഡോളര്‍ വരെയെത്തുമെന്നു കണക്കാക്കുന്നു.
സോയബീനും, ചോളവും ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് ഉയര്‍ന്നതോടെ പുതിയ ഉയരങ്ങളിലെത്തി. അസംസ്‌കൃത എണ്ണ മുതല്‍ ചോളത്തിന്റെ വരെയുള്ള ഉല്‍പ്പന്നങ്ങളുടെ വില ഉയരുന്നത് ഇന്ത്യയിലെ ഓഹരി വിപണിക്ക് അത്ര ഗുണകരമല്ലെന്നു ബ്ലൂംബെര്‍ഗ് ക്വിന്റിന്റെ മറ്റൊരു റിപോര്‍ട് ചൂണ്ടിക്കാണിക്കുന്നു. ഉല്‍പ്പന്ന വിലയിലെ വര്‍ദ്ധന നിഫ്ടിയിലെ മാര്‍ക്കറ്റ് ക്യാപിന്റെ 46 ശതമാനം പ്രതിനിധാനം ചെയ്യുന്ന 31 കോര്‍പറേറ്റുകള്‍ക്കു ഗുണകരമാവില്ലെന്ന് പ്രസ്തുത റിപോര്‍ട് പറയുന്നു. ഉല്‍പ്പന്ന വില വര്‍ദ്ധന കേരളം താല്‍പര്യത്തോടെ ശ്രദ്ധിക്കേണ്ട സംഗതിയാണ്. പ്രത്യേകിച്ചും ചൈനയുടെ സാമ്പത്തികമായ തിരിച്ചു വരവ് സ്വാഭാവിക റബറിന്റെ വില ഉയര്‍ത്തുന്നതിന് സഹായിക്കുമെന്ന കാഴ്ചപ്പാട് ശക്തമാണ്. ലോകത്തില്‍ ഏറ്റവുമധികം റബര്‍ ഉപയോഗിക്കുന്ന രാജ്യമാണ് ചൈന.
Read DhanamOnline in English
Subscribe to Dhanam Magazine