ദരിദ്രരാഷ്ട്രത്തിൽ നിന്ന് വളർച്ചയിലേക്ക്: ലോകത്തിന് അത്ഭുതമായി വിയറ്റ്നാം

30 വർഷങ്ങൾക്ക് മുൻപ് ലോകത്തെ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളിലൊന്നായിരുന്നു വിയറ്റ്നാം. ഇപ്പോൾ ഈ രാജ്യത്തിൻറെ വളർച്ച ചൈനയെ വെല്ലുവിളിക്കാൻ പോന്നതാണ്. എങ്ങനെയാണ് ഈ വിയറ്റ്നാം ഇത്ര വലിയ നേട്ടം കൈവരിച്ചത്?

1975-ൽ 20 വർഷങ്ങൾ നീണ്ടുനിന്ന വിയറ്റ്നാം യുദ്ധം അവസാനിക്കുമ്പോൾ, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വളർച്ച എന്നൊന്ന് ആ രാജ്യത്ത് കാണാനുണ്ടായിരുന്നില്ല. 1980 കളുടെ മധ്യത്തോടെ പെർ ക്യാപിറ്റ ജിഡിപി 300 ഡോളറിന് താഴെയായിരുന്നു.

എന്നാൽ ഈ സമയത്ത് വലിയൊരു മാറ്റം വന്നു. 1986-ൽ അന്നത്തെ ഭരണകൂടം സാമ്പത്തിക-രാഷ്ട്രീയ പരിഷ്കാരങ്ങളുടെ ഒരു പരമ്പര തന്നെ രാജ്യത്ത് നടപ്പിലാക്കി. ഡോയ്-മോയ് എന്നറിയപ്പെടുന്ന ഈ പരിഷ്‌കാരങ്ങൾ രാജ്യത്തെ ഒരു സോഷ്യലിസ്റ്റ്-മാർക്കറ്റ് സമ്പദ് വ്യവസ്ഥയാക്കി മാറ്റി.

ജനങ്ങളിലും ഇൻഫ്രാസ്ട്രക്ച്ചറിലും വലിയ നിക്ഷേപങ്ങൾ നടത്തി. ജനസംഖ്യയിൽ പകുതിയും 35 വയസിന് താഴെയായിരുന്നതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസത്തിൽ നിക്ഷേപം കൊണ്ടുവന്നു. വില കുറഞ്ഞ ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കി.

കൂടാതെ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവന്നു. സ്വതന്ത്ര വ്യാപാരത്തെ പ്രോത്സാഹിപ്പിച്ചു. 1995-ൽ ആസിയാനിൽ ചേർന്നു. 2000-ൽ യുഎസുമായി വ്യാപാരക്കരാർ ഒപ്പുവെച്ചു. 2007-ൽ ലോകവ്യാപാര സംഘടനയിൽ അംഗത്വം നേടി.

ഈ കരാറുകളെല്ലാം ഇറക്കുമതി, കയറ്റുമതി തീരുവകൾ കുറയാൻ കാരണമായി. ഇത് ആഭ്യന്തര വ്യവസായം വളരുന്നതിന് സഹായിച്ചു. അങ്ങനെ സമ്പദ്‌വ്യവസ്ഥ ഒരു വലിയ വളർച്ചാ ഘട്ടത്തിലേക്ക് കടന്നു.

ബിസിനസ് തുടങ്ങുന്നതിനും അത് നടത്തിക്കൊണ്ടു പോകുന്നതിനും ഉള്ള നടപടികൾ ലളിതമാക്കി ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഉൽപന്ന നിർമ്മാതക്കളായിരുന്നു ഈ ദശയിൽ വളർച്ചയെ നയിച്ചിരുന്നത്.

ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന 10 സ്മാർട്ട്ഫോണുകളിൽ ഒന്ന് വിയറ്റ്നാമിലാണ് നിർമിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ തുണിത്തരങ്ങളുടെ ഏറ്റവും വലിയ എക്സ്പോർട്ടറാണ് രാജ്യം. 1993-ൽ ജനസംഖ്യയുടെ 58 ശതമാനവും ദാരിദ്ര രേഖയ്ക്ക് താഴെയായിരുന്നു. എന്നാൽ 2016-ൽ ഇത് 10 ശതമാനമായി കുറഞ്ഞു.

എന്നാൽ വളർച്ചക്കൊപ്പം വെല്ലുവിളികളും ഉണ്ട്. പ്രായമായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പത്ര സ്വാതന്ത്രം ഏറ്റവും കുറഞ്ഞ നാടുകളിലൊന്നാണ് വിയറ്റ്നാം.

എന്നിരുന്നാലും, സ്വാതന്ത്രം ലഭിച്ച് 72 വർഷം കഴിഞ്ഞിട്ടും രാജ്യത്തിൻറെ വികസനത്തിന് കൃത്യമായ ലക്ഷ്യമോ പദ്ധതി തുടർച്ചയോ ഇല്ലാതെ ബുദ്ധിമുട്ടുന്ന നമ്മുടെ സർക്കാരുകൾക്ക് വിയറ്റ്നാം ഒരു മാതൃകയാണ്.

Related Articles
Next Story
Videos
Share it