ബ്രിക്‌സ് കൂട്ടായ്മയിലേക്ക് ഈ അഞ്ച് രാജ്യങ്ങള്‍ കൂടി

പുതുവര്‍ഷത്തില്‍ ബ്രിക്‌സ് (BRICS) കൂട്ടായ്മയിലേക്ക് പുതിയ അഞ്ച് രാജ്യങ്ങള്‍ കൂടി ചേരും. ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ജനുവരി ഒന്നിന് പുതുതായി ഈ കൂട്ടായ്മയിലെ അംഗങ്ങളാകുന്നത്. 2006ല്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് 'ബ്രിക്ക്' ഗ്രൂപ്പ് സൃഷ്ടിച്ചത്. പിന്നീട് 2010ല്‍ ദക്ഷിണാഫ്രിക്കയും കൂട്ടായ്മയിലേക്ക് എത്തിയതോടെ ഇത് 'ബ്രിക്‌സ്' ആയി. പുതിയ അംഗങ്ങള്‍ എത്തുന്നതോടെ കൂട്ടായ്മയുടെ പേര് 'ബ്രിക്‌സ് +' എന്നാകുമെന്നാണ് സൂചന.

പാശ്ചാത്യ ആധിപത്യം കുറഞ്ഞേക്കും

പാശ്ചാത്യ ആധിപത്യം പുലര്‍ത്തുന്ന സാമ്പത്തിക, രാഷ്ട്രീയ ഘടനകള്‍ക്ക് എതിരായാണ് ബ്രിക്സ് ആദ്യം രൂപീകരിച്ചത്. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഈ അഞ്ച് രാജ്യങ്ങൾ കൂടി പുതുതായി ബ്രിക്‌സിലേക്ക് ചേരുന്നേതാടെ പാശ്ചാത്യ ആധിപത്യം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ആഗോള ജനസംഖ്യയുടെ 41 ശതമാനവും ആഗോള ജി.ഡി.പിയുടെ 24 ശതമാനവും ആഗോള വ്യാപാരത്തിന്റെ 16 ശതമാനവും സംഭാവന ചെയ്യുന്നത് ബ്രിക്‌സ് രാജ്യങ്ങളാണ്.

പുതിയ രാജ്യങ്ങളുടെ ഈ വരവ് സാമ്പത്തിക സഹകരണത്തിനുള്ള പുതിയ വഴികളും തുറക്കും. സൂയസ് കനാലില്‍ ഈജിപ്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം, എത്യോപ്യയുടെ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ സാധ്യതകള്‍, ഇറാന്റെ എണ്ണ- വാതക ശേഖരം, സൗദി അറേബ്യയുടെ സാമ്പത്തിക സ്വാധീനം, യു.എ.ഇയുടെ ചരക്ക് കയറ്റുമതി സംവിധാനം, സാമ്പത്തിക വൈദഗ്ധ്യം എന്നിവ ബ്രിക്‌സ് കൂട്ടായ്മയ്ക്ക് മുതല്‍ക്കൂട്ടാകും.

മുഖം തിരിച്ച് അര്‍ജന്റീന

ബ്രിക്‌സ് രാജ്യങ്ങള്‍ വാര്‍ഷിക ഉച്ചകോടി നടത്തുകയും അതില്‍ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. ഗ്രൂപ്പിലെ അംഗങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂട്ടായ്മയുടെ അധ്യക്ഷത വഹിക്കും. 2023 ഉച്ചകോടിയുടെ അധ്യക്ഷത വഹിച്ചത് ദക്ഷിണാഫ്രിക്കയായിരുന്നു. 2024ല്‍ ഇത് റഷ്യക്കാണ്. അതേസമയം ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കൊപ്പം അര്‍ജന്റീനയ്ക്കും ബ്രിക്‌സ് കൂട്ടായ്മയിലേക്ക് ചേരാന്‍ ക്ഷണമുണ്ടായിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് ഹാവിയര്‍ മിലി രാജ്യം ബ്രിക്‌സിലേക്കില്ലെന്ന് അറിയിച്ചു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it