ലോകത്ത് എണ്ണ ഉല്‍പ്പാദകരില്‍ ഒന്നാമന്‍ ഈ രാജ്യം; പട്ടികയിലെ മറ്റ് രാജ്യങ്ങളെയും അറിയാം
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരുടെ പട്ടികയില്‍ ഒന്നാമനായി യു.എസ്. ഒപെക് + കൂട്ടായ്മയിലുള്ള രാജ്യങ്ങളായ സൗദി അറേബ്യ, റഷ്യ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം കാനഡയും പട്ടികയിലുണ്ട്.
മുന്നില്‍ യു.എസ്
എണ്ണ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും നിലവില്‍ യു.എസാണ് മുന്നില്‍. പ്രതിദിനം 13 ദശലക്ഷം ബാരല്‍ (ബി.പി.ഡി) ക്രൂഡ് ഓയില്‍ രാജ്യം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. യു.എസ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം സെപ്റ്റംബറിലാണ് പ്രതിദിനം 13.236 ദശലക്ഷം ബാരല്‍ എന്ന പുതിയ പ്രതിമാസ റെക്കോഡിലെത്തിയത്.
ഈ വര്‍ഷത്തെ യു.എസ് അസംസ്‌കൃത എണ്ണയുടെ പ്രതിദിന ഉല്‍പ്പാദന ലക്ഷ്യം ശരാശരി 12.93 ദശലക്ഷം ബാരലായി തീരുമാനിച്ചിട്ടുണ്ട്. ഇത് 13.11 ദശലക്ഷം ബാരലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉല്‍പ്പാദനം കുതിച്ചുയരുന്നത് യു.എസ് ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പന്നങ്ങളുടെ കയറ്റുമതിയും വര്‍ധിപ്പിക്കും.
സൗദി അറേബ്യയും റഷ്യയും
ഒപെക്കിന്റെയും ഒപെക് + ഗ്രൂപ്പിന്റെയും നേതാവായ സൗദി അറേബ്യ ഈ വര്‍ഷം ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമാണ്. 2023ന്റെ ആദ്യ പകുതിയില്‍ സൗദി ക്രൂഡ് ഓയിലിന്റെ പ്രതിദിന ഉല്‍പ്പാദനം ശരാശരി 10.2 ദശലക്ഷം ബാരലായിരുന്നു. എന്നാല്‍ ജൂലൈ മുതല്‍ രാജ്യം പ്രതിദിനം 1 ദശലക്ഷം ബാരലിന്റെ ഉല്‍പ്പാദനം വെട്ടിക്കുറച്ചു. ഇതോടെ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രതിദിന ഉല്‍പ്പാദനം ശരാശരി 9 ദശലക്ഷം ബാരലായി കുറഞ്ഞു.
ഒപെക് + സഖ്യത്തിലെ പ്രധാന പങ്കാളിയായ റഷ്യ പ്രതിദിനം ഏകദേശം 9 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിലക്കിഴിവില്‍ എണ്ണ വിറ്റഴിച്ചതും രാജ്യത്തിന് ഏറെ നേട്ടമായി. റഷ്യയാണ് 2023ലെ ലോകത്തെ അഞ്ച് വലിയ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്ന്.
കാനഡയും ഇറാഖും
കാനഡ എനര്‍ജി റെഗുലേറ്ററില്‍ നിന്നുള്ള കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം കനേഡിയന്‍ എണ്ണയുടെ പ്രതിദിന ഉല്‍പ്പാദനം 4.86 ദശലക്ഷം ബാരലെന്ന റെക്കോഡിലെത്തി. റഷ്യയും സൗദി അറേബ്യയും വിപണിയിലേക്കുള്ള വിതരണം വെട്ടിക്കുറയ്ക്കുമ്പോള്‍ അമേരിക്കയില്‍ നിന്ന് മാത്രമല്ല കാനഡയില്‍ നിന്നുമുള്ള ഉത്പാദനത്തിനും നേട്ടമാണുള്ളത്. ആല്‍ബര്‍ട്ടയില്‍ കമ്പനികള്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനാല്‍ 2023, 2024, 2025 വര്‍ഷങ്ങളില്‍ കനേഡിയന്‍ എണ്ണയുടെ ഉല്‍പ്പാദനം ഉയരുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. കാനഡയുടെ അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം 2025 ഓടെ 8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഒപെക്കിന്റെ രണ്ടാമത്തെ വലിയ ഉല്‍പ്പാദകരായ ഇറാഖ് ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ഇവിടെ പ്രതിദിന ഉല്‍പ്പാദനം ഏകദേശം 4.3 ദശലക്ഷം ബാരലാണ്.