രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ താഴ്ന്നതിന് പിന്നിലെ രഹസ്യം ഇതാണ്!

രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ താഴ്ന്നതിന് പിന്നിലെ രഹസ്യം ഇതാണ്!
Published on

സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ (സിഎംഐഇ) പുറത്തുവിട്ട പുതിയൊരു ഡാറ്റ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കുത്തനെയുള്ള തിരിച്ചുകയറ്റത്തിന്റെ ( 'V' ആകൃതിയിലുള്ള തിരിച്ചുകയറല്‍) സൂചനയാണെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. എന്താണ് അതിന്റെ വാസ്തവം?

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2020 ആഗസ്തില്‍ 8.35 ശതമാനമായെന്നാണ് സിഎംഐഇ കണക്ക് പറയുന്നത്. ഏപ്രില്‍ മാസത്തില്‍ ഇത് 23.52 ശതമാനമായിരുന്നു!

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് മുമ്പ്, ഫെബ്രുവരിയില്‍ തൊഴിലില്ലായ്മ നിരക്ക് 7.76 ശതമാനമായിരുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 8.35 ശതമാനം ഏതാണ്ട് ആ നിരക്കിന്റെ അടുത്ത് വരുന്നതിനാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുത്തനെയുള്ള തിരിച്ചുകയറ്റത്തിന്റെ പാതയിലാണെന്നും അതുകൊണ്ടാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതെന്നും ഒരു വിഭാഗം പറയുന്നു.

അതാണോ ശരി?

കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് നല്ല ഒരു സൂചന തന്നെയാണ്. പക്ഷേ, എന്റെ അഭിപ്രായത്തിന്റെ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കുത്തനെയുള്ള തിരിച്ചുകയറ്റത്തിന്റെ സൂചനയല്ല.

അപ്പോള്‍ രാജ്യത്തിന്റെ തൊഴില്‍ രംഗത്ത് ഇക്കാലയളവില്‍ സംഭവിച്ചത് എന്താണ്?

രണ്ടു വാക്കില്‍ ഇതിന് ഉത്തരം പറയാം. കൃഷി, തൊഴിലുറപ്പ് പദ്ധതി.

റാബി വിളകളുടെ വിളവെടുപ്പും ഖരീഫ് വിളകളുടെ വിതയ്ക്കല്‍ ജോലികളും ഇക്കാലയളവിലാണ് രാജ്യത്ത് നടന്നത്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നഗരങ്ങളില്‍ നിന്ന് ജനിച്ച ഗ്രാമങ്ങളിലേക്ക് പലായനം ചെയ്ത, കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ കാര്‍ഷിക ജോലികള്‍ മൂലം തൊഴില്‍ ലഭിച്ചു.

ഇത് സിഎംഐഇ ഡാറ്റയില്‍ കാണാം. 2020 ഏപ്രില്‍ - ജൂലൈ മാസകാലയളവില്‍ 18.9 ദശലക്ഷം മാസവേതന ജോലികളും 6.8 ദശലക്ഷം പ്രതിദിന വേതന ജോലികളും നഷ്ടപ്പെട്ടിട്ടുണ്ട്. 14.9 ദശലക്ഷം ജോലികള്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുമുണ്ട്. അതായത് ഇത്രയും കൃഷി പണിക്കാര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്.

ഇതിന് പുറമേ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളാകുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അതായത് ഈ കാലയളവില്‍ പ്രതിദിനം 200 രൂപ കൂലി കിട്ടുന്ന ജോലിക്ക് പോകാന്‍ ഏറെ പേര്‍ തയ്യാറായി. ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ക്ക് തൊഴിലുകള്‍ ഇല്ലാതായതുകൊണ്ടാവുമല്ലോ ഇത്രയും കുറഞ്ഞ വേതനത്തിലും കൂടുതല്‍ പേര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളാന്‍ തീരുമാനിച്ചത്.

എന്നെ ആശങ്കയിലാക്കുന്ന ഘടകം ഇതാണ്. കാര്‍ഷിക ജോലികള്‍ ഓരോ സീസണ്‍ അനുസരിച്ചുള്ളതാണ്. ഖാരിഫ് വിളകളുടെ വിളവെടുപ്പും റാബി വിളകളുടെ വിതയ്ക്കല്‍ ജോലികളും നവംബര്‍ മാസത്തോടെ തീരും.

നവംബര്‍ മാസത്തിന് ശേഷമുള്ള ഡാറ്റയാകും സമ്പദ് വ്യവസ്ഥയുടെ തിരിച്ചുകയറ്റത്തിന്റെ യഥാര്‍ത്ഥ ചിത്രം തരിക. അത് V ആകുമോ, W ആകുമോ അതോ L ആകുമോയെന്ന് കാത്തിരുന്നു കാണാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com