ഇന്ത്യ-അമേരിക്ക വാണിജ്യ ബന്ധം പുതിയ ഉയരങ്ങളിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക്. പ്രതിരോധ കരാറുകള്‍, സാങ്കേതികവിദ്യയിലെ സഹകരണം, യു.എസ് തൊഴില്‍ വീസ, നിര്‍മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബഹിരാകാശ സഹകരണം തുടങ്ങി വിവിധ വിഷയങ്ങളാണ് ഈ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്തത്. ഇന്ന് ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള ബന്ധം മറ്റെന്നെത്തേക്കാലും ശക്തവും അടുത്തതുമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

പ്രതിരോധ മേഖലയിലെ ഇടപാടുകള്‍

പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം ഇന്ത്യയും യു.എസും തമ്മിലുള്ള പ്രതിരോധ സഹകരണത്തില്‍ പുതിയ ഊര്‍ജം പകര്‍ന്നു. പ്രതിരോധ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന ഇരു രാജ്യങ്ങളിലേയും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ തമ്മില്‍ സഹകരിക്കാനുള്ള സൗകര്യങ്ങളൊരുക്കും. ന്യൂക്ലിയര്‍ സപ്ലയേള്‌സ് സംഘത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കാന്‍ യു.എസ് പിന്തുണ തുടരും.

യു.എസ്‌ന്റെ എം.ക്യൂ-9 ബി ഡ്രോണുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ അനുമതി ലഭിച്ചു. ജി.ഇ- എഫ്-414 ഫൈറ്റര്‍ വിമാന എന്‍ജിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ജനറല്‍ ഇലക്ട്രിക്കും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇത്തരത്തില്‍ പ്രതിരോധ മേഖലയിലെ വിവിധ ഇടപാടുകള്‍ യു.എസ് സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി.

ഗുജറാത്തില്‍ മൈക്രോണ്‍ പ്ലാന്റ്

സെമികണ്ടക്ടര്‍ നിര്‍മാണ മേഖലയിലെ ഇന്ത്യ-യു.എസ് സഹകരണത്തിന്റെ ഭാഗമായി 2.7 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ ഗുജറാത്തില്‍ മൈക്രോണ്‍ ടെക്‌നോളജിയുടെ സെമികണ്ടക്ടര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കും. 60,000 ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കും.

ബഹിരാകാശ സാങ്കേതികവിദ്യ

ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കാനായി പരിശീലനം ഉള്‍പ്പെടെയുള്ള സഹകരണം, ഇന്റലിജന്‍സ് പങ്കിടുന്നത്, മറ്റ് ബഹിരാകാശ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ എന്നിവയിലും ഇന്ത്യയും യു.എസും കരാറുകളില്‍ ഒപ്പുവച്ചു. നാസയും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും (ഐ.എസ്.ആര്‍.ഒ) അടുത്ത വര്‍ഷം അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കാനുള്ള സംയുക്ത ദൗത്യത്തിനും സമ്മതിച്ചിട്ടുണ്ട്.

യു.എസ് തൊഴില്‍ വിസകള്‍ (H-1B)

യു.എസ് സന്ദര്‍ശനത്തിന് പിന്നാലെ എച്ച്-1 ബി വിസയിലുള്ള കുറച്ച് ഇന്ത്യക്കാര്‍ക്കും മറ്റ് വിദേശ തൊഴിലാളികള്‍ക്കും വിദേശ യാത്ര ചെയ്യാതെ തന്നെ യു.എസില്‍ ആ വീസകള്‍ പുതുക്കാന്‍ കഴിയുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലേയും ആളുകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി യു.എസ് ബംഗളൂരുവിലും അഹമ്മദാബാദിലും കോണ്‍സുലേറ്റ് തുറക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it