നയം മാറ്റം ഫലം കാണുന്നു; സൗദിയില്‍ ടൂറിസം കുതിപ്പ്

വിഷന്‍ 2030 എന്ന വികസന പദ്ധതിയുമായി മുന്നേറുന്ന സൗദി അറേബ്യയില്‍ പരമ്പരാഗത നയങ്ങളുടെ ഉടച്ചുവാര്‍ക്കലിന് ഫലം കാണുന്നു. ടൂറിസത്തിനും മറ്റു വിനോദങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സൗദി സര്‍ക്കാരിന്റെ പുതിയ നയം രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതായാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സൗദിയില്‍ ടൂറിസം മേഖല 153 ശതമാനം വളര്‍ന്നതായി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് വ്യക്തമാക്കി. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ആറ് കോടി സന്ദര്‍ശകര്‍ എത്തിയതായും ഇവര്‍ 150 ബില്യണ്‍ സൗദി റിയാല്‍ ചെലവിട്ടതായും അദ്ദേഹം വെളിപ്പെടുത്തി. 2019 മുതല്‍ ഈ വര്‍ഷം വരെ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 153 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ജി-20 രാജ്യങ്ങള്‍ക്കിടയില്‍ ടൂറിസം മേഖല ഏറ്റവും വേഗത്തില്‍ വളരുന്നത് സൗദിയിലാണ്.

ലക്ഷ്യമിടുന്നത് പത്തു ശതമാനം വളര്‍ച്ച

ടൂറിസം രംഗത്ത് ഒരു വര്‍ഷത്തിനകം പത്തു ശതമാനം വളര്‍ച്ചയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നു ശതമാനമാണ് ടൂറിസം മേഖലക്കുള്ളത്. 700 ബില്യണ്‍ സൗദി റിയാല്‍ മൂല്യമുള്ള മേഖലയാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം 11 കോടി ജനങ്ങളാണ് രാജ്യത്തെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തിയത്. ഇതില്‍ മൂന്നു കോടിയോളം വിദേശികളാണ്. ആഗോള ടൂറിസം ഇന്‍ഡക്‌സില്‍ സൗദി അറേബ്യ ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്.

വിദേശികള്‍ക്കായി വാതില്‍ തുറന്ന്

വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നയമാണ് ഇപ്പോള്‍ ടൂറിസം മേഖലയില്‍ സൗദി സര്‍ക്കാര്‍ അവലംബിക്കുന്നത്. രാജ്യത്തെ ചരിത്രസ്മാരകങ്ങൾ, മരുപ്രദേശങ്ങള്‍, കടലോരങ്ങള്‍, ആധുനിക വല്‍ക്കരിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഹജ്ജ്,ഉംറ തീര്‍ഥാടനങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും പുറമെ വിനേദസഞ്ചാരത്തിനായി എത്തുന്നവരെയും സ്വീകരിക്കുന്നതിനായി രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റുകളെ സ്വീകരിക്കുന്നതിന് ഹോസ്പിറ്റാലിറ്റി രംഗം മെച്ചപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ടൂറിസം മേഖലയില്‍ മാത്രമായി ഒരു ലക്ഷം പേരെ പുതുതായി പരിശീലിപ്പിച്ചു. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രതിമാസ ശമ്പളം 6000 റിയാലായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Next Story

Videos

Share it