ട്രാവന്‍കോയുടെ ചെറുകിട കര്‍ഷക വായ്പകള്‍ 40,000 പേരിലേക്ക്; കേരളമെമ്പാടും മെഗാ ഹൈപ്പര്‍ മാര്‍ക്കറ്റും വരുന്നു

അടൂര്‍ ആസ്ഥാനമായ പ്രമുഖ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയായ ട്രാവന്‍കൂര്‍ റൂറല്‍ ഡെവലപ്‌മെന്റ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (ട്രാവന്‍കോ/Travanco) ചെറുകിട കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്താനായി ആരംഭിച്ച വായ്പാ സഹായ പദ്ധതി 2024-25ഓടെ 40,000 പേരിലേക്ക്. കര്‍ഷകരുടെ വരുമാനം 10 ഇരട്ടിയോളമെങ്കിലുമാക്കി ഉയര്‍ത്താന്‍ ഉന്നമിടുന്ന 'സ്‌ട്രെംഗ്‌തെനിംഗ് ഓഫ് ദി ലൈവ്‌ലിഹുഡ് ഓഫ് 40,000 മാര്‍ജിനല്‍ ഫാര്‍മേഴ്‌സ്' എന്ന പദ്ധതിയാണ് കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നത്.
2022 ഏപ്രിലില്‍ ആരംഭിച്ച പദ്ധതി മുഖേന ഇതിനകം 3,600 കര്‍ഷകര്‍ക്കായി 20 കോടി രൂപ വിതരണം ചെയ്തുവെന്നും ഒരാള്‍ പോലും വായ്പാ തിരിച്ചടവ് മുടക്കിയിട്ടില്ലെന്നും ട്രാവന്‍കോ സി.ഇ.ഒ അടൂര്‍ സേതു പറഞ്ഞു. കമ്പനിയുടെ സ്വന്തം വരുമാനത്തില്‍ നിന്നുള്ള 15 കോടി രൂപയും ഫെഡറല്‍ ബാങ്ക് വഴി ലഭിച്ച 5 കോടി രൂപയുമാണ് വായ്പയായി വിതരണം ചെയ്തത്.
50 സെന്റില്‍ താഴെ കൃഷിഭൂമിയുള്ളതും അതില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിതം കഴിക്കുന്നവരുമായ കര്‍ഷകര്‍ക്കാണ് സഹായം ലഭ്യമാക്കുന്നത്. 35,000 രൂപ മുതല്‍ 50,000 രൂപവരെയാണ് നിലവില്‍ വായ്പ നല്‍കുന്നത്. ഇതുപയോഗിച്ച് രണ്ടര സെന്റുമുതല്‍ പോളിഹൗസുകള്‍, പച്ചക്കറി കൃഷി, വാഴക്കൃഷി, പ്രിസിഷന്‍ ഫാമിംഗ്, ആടുവളര്‍ത്തല്‍, പശു വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് ട്രാവന്‍കോ പിന്തുണയും നല്‍കും.
കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശം, ആധുനിക സാങ്കേതികവിദ്യയുടെയും മെഷീനറികളുടെയും സഹായം തുടങ്ങിയവ പ്രൊഫഷണലായി നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ട്രാവന്‍കോ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകള്‍ക്കൊപ്പം കൂടുതല്‍ കര്‍ഷകരിലേക്ക്
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ട്രാവന്‍കോ നടത്തിയ സര്‍വേയിലൂടെ 40,000 കര്‍ഷകരെ കണ്ടെത്തിയിരുന്നു. ഇവരുടെ വരുമാനം നിലവില്‍ വെറും തുച്ഛമാണെന്ന് തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് വായ്പാ സഹായപദ്ധതി രൂപീകരിച്ചത്. മൈക്രോഫണ്ടിംഗ് എന്ന നിലയ്ക്കാണ് വായ്പാ വിതരണം.
കര്‍ഷകരെ 5 പേരുള്ള ഫാര്‍മര്‍ ഇന്ററസ്റ്റ് ഗ്രൂപ്പാക്കിയും രണ്ട് ഗ്രൂപ്പുകളെ ഒരു സെന്ററാക്കിയുമാണ് വായ്പകള്‍ ലഭ്യമാക്കുന്നതും കൃഷിയിലേക്ക് കടക്കുന്നതും. ഓരോ ആഴ്ചയും കൃഷിയുടെ പുരോഗതി കമ്പനി നേരിട്ട് വിലയിരുത്തും. ഫെഡറല്‍ ബാങ്കിന് പുറമേ പദ്ധതിയില്‍ കനറാ ബാങ്കിന്റെ സഹകരണവും ഉറപ്പായിട്ടുണ്ട്. കൂടുതല്‍ ബാങ്കുകളെയും പ്രതീക്ഷിക്കുന്നുവെന്ന് അടൂര്‍ സേതു പറഞ്ഞു.
2024-25ല്‍ പദ്ധതിയിലൂടെ മൊത്തം 250 കോടി രൂപയുടെ വായ്പാവിതരണമാണ് ലക്ഷ്യമിടുന്നത്. ഇതോടെ ട്രാവന്‍കോയുടെ ആകെ അംഗങ്ങളുടെ എണ്ണം 50,000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്നൂ മെഗാ അഗ്രി ഹൈപ്പര്‍മാര്‍ക്കറ്റും മൈക്രോഫിനാന്‍സും
ചെറിയ ഭൂമിയില്‍ പോലും മികച്ചരീതിയില്‍ കൃഷി ചെയ്യാനും ഉയര്‍ന്ന വരുമാനം നേടാനും കര്‍ഷകരെ സഹായിക്കുംവിധം പിന്തുണ ലഭ്യമാക്കുന്ന മെഗാ ഹൈപ്പര്‍മാര്‍ക്കറ്റ് 2024-25ഓടെ ആരംഭിക്കുമെന്ന് അടൂര്‍ സേതു പറഞ്ഞു. 14 ജില്ലകളിലും ഇത് സ്ഥാപിക്കും. വിത്തുകള്‍, വളങ്ങള്‍, മെഷീനറികള്‍, സാങ്കേതിക പിന്തുണ തുടങ്ങിയവ അഗ്രി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കും. ഫ്രാഞ്ചൈസി മോഡലിലും അഗ്രി ഹൈപ്പര്‍മാര്‍ക്കറ്റുണ്ടാകും. കര്‍ഷകരുടെ ക്ഷേമം ഉന്നമിട്ടുള്ള കാര്‍ഷിക കര്‍മ്മസേനയ്ക്കും രൂപംനല്‍കും.
ട്രാവന്‍കോ ഇതുവരെ വിളവുകളുടെ സംഭരണത്തിലേക്ക് ചുവടുവച്ചിട്ടില്ല. 2024-25ഓടെ ഇതും ആലോചിക്കുന്നു. വായ്പാ പദ്ധതിയില്‍ അംഗങ്ങള്‍ 15,000 കടക്കുന്നതോടെ ഓരോ കാര്‍ഷിക വിഭാഗത്തിലും ക്ലസ്റ്ററുകള്‍ സ്ഥാപിക്കും. തുടര്‍ന്ന് വിളവുകളുടെ സംഭരണത്തിലേക്കും കമ്പനി കടക്കും. വിളവുകള്‍ ബ്രാന്‍ഡ് ചെയ്ത് വിറ്റഴിക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്കും കടക്കും. ഉദാഹരണത്തിന് ക്ഷീരകര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലുപയോഗിച്ച് ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കും. ഇത് കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാന്‍ സഹായകമാകുമെന്നും അടൂര്‍ സേതു പറഞ്ഞു.
കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനുള്ള നോഡല്‍ ഏജന്‍സിയായി മാറാനുള്ള പദ്ധതികളും ട്രാവന്‍കോ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ട്രാവന്‍കോയും ലാഭവും
8,500 അംഗങ്ങളാണ് നിലവില്‍ ട്രാവന്‍കോയ്ക്കുള്ളത്. 100 രൂപ വിലയുള്ള ഓഹരികള്‍ വാങ്ങി ട്രാവന്‍കോയില്‍ കര്‍ഷകര്‍ക്ക് അംഗമാകാം. കഴിഞ്ഞ 16 വര്‍ഷമായി ലാഭത്തിലുള്ള കമ്പനിയുടെ വരുമാനം കഴിഞ്ഞവര്‍ഷം 10 കോടി രൂപയായിരുന്നു. ലാഭം 52 ലക്ഷം രൂപയും. നടപ്പുവര്‍ഷം (2023-24) ലാഭം 75 ലക്ഷം രൂപ കടക്കുമെന്നാണ് പ്രതീക്ഷ.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it