

ഇന്ത്യ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനം വരെ താരിഫ് നിരക്കുകൾ നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. എന്നാൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ യു.എസിന്റെ നല്ല സുഹൃത്താണ്. പക്ഷേ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ താരിഫ് ഇന്ത്യ ഈടാക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. 2025 ഏപ്രിൽ 2 നാണ് മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ തത്തുല്യ ഇറക്കുമതി ചുങ്കം (reciprocal tariffs) പ്രഖ്യാപിക്കുന്നത്. 2025 ജൂലൈ 9 മുതൽ താരിഫ് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. തീരുവ ചുമത്തുന്നതിനുള്ള സമയപരിധി പിന്നീട് ഓഗസ്റ്റ് 1 വരെ നീട്ടി. യു.കെ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, യൂറോപ്യൻ യൂണിയൻ , ജപ്പാൻ എന്നീ രാജ്യങ്ങളുമായി യു.എസ് ഇതിനകം കരാറുകളിൽ എത്തിയിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതികൾക്ക് 20 ശതമാനം മുതൽ 25 ശതമാനം വരെ ഉയർന്ന താരിഫിനുളള സാധ്യതയ്ക്ക് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യു.എസ് ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതൽ പ്രവേശനം തേടുന്നതാണ് കരാറിലെത്തുന്നതിനുളള തടസം.
ഓപ്പറേഷൻ സിന്ദൂരിൽ നാല് ദിവസത്തെ സൈനിക നടപടിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവും ട്രംപ് ആവർത്തിച്ചു. പാകിസ്ഥാനെതിരായ സൈനിക നടപടി നിർത്താൻ ഒരു ലോക നേതാവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ പരാമർശമെന്നത് ശ്രദ്ധേയമാണ്.
Trump hints at 25% tariffs on Indian exports and reiterates US mediation in India-Pakistan ceasefire.
Read DhanamOnline in English
Subscribe to Dhanam Magazine