'ഉയർന്ന തീരുവ ഇന്ത്യ പിൻവലിച്ചേ മതിയാകൂ, മോദിയോട് ആവശ്യപ്പെടും'
യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് തീരുവ വീണ്ടും ഉയർത്തിയ ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.
ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി20 ഉച്ചകോടി ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്വിറ്ററിൽ അദ്ദേഹത്തിന്റെ പ്രസ്താവന.
"വർഷങ്ങളായി യുഎസിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതിത്തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഈയിടെ അതു വീണ്ടും വർധിപ്പിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. തീരുവ പിൻവലിക്കണം. പ്രധാനമന്ത്രി മോദിയുമായി ഈകാര്യം ചർച്ച ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു," ട്രംപ് ട്വിറ്ററിൽ പറഞ്ഞു.
ഇന്നലെ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും തമ്മിലുള്ള ചർച്ച തീരുമാനങ്ങളെടുക്കാതെയാണ് അവസാനിച്ചത്.
വ്യാപാരത്തിൽ ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന പ്രത്യേക പരിഗണന യുഎസ് എടുത്തുകളഞ്ഞതിന് പിന്നാലെ അവിടെ നിന്നും ഇറക്കുമതി ചെയ്യുന്ന 29 ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഉയർത്തിയിരുന്നു.