

ബ്രിക്‌സ് ഉച്ചകോടിക്ക് പിന്നാലെ അംഗ രാജ്യങ്ങളോട് സ്വരം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിക്‌സിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക നികുതി ഈടാക്കുമെന്നാണ് ട്രംപിന്‌റെ മുന്നറിയിപ്പ്.
'ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ഈടാക്കും. ഈ നയത്തിന് ഒരു മാറ്റവുമുണ്ടാകില്ല. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!' ഇങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്.
അതേസമയം, 'അമേരിക്കന്‍ വിരുദ്ധ' നയങ്ങള്‍ ഏതൊക്കെയാണെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. താരിഫ് ഉടമ്പടികള്‍ സംബന്ധിച്ച് രാജ്യങ്ങള്‍ക്ക് കത്ത് അയക്കുമെന്നും മറ്റൊരു പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപിന്റെ ഏകപക്ഷീയമായ താരിഫ് നിലപാടുകളില്‍ ബ്രിക്‌സ് ഉച്ചകോടി ആശങ്ക അറിച്ചിരുന്നു. ലോകവ്യാപാരബന്ധങ്ങളെ ഇത് തകര്‍ക്കുമെന്നും ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു ബ്രിക്‌സ് ഉച്ചകോടി നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ ഇറക്കുമതി തീരുവകള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്‌സ് നേതാക്കള്‍ ആരോപിച്ചിരുന്നു.
ഇറാനെതിരെ യു.എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെയും ബ്രിക്‌സ് ഉച്ചകോടി അപലപിച്ചിരുന്നു.
2009ല്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്‌സ്. പിന്നീട് ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, യു.എ.ഇ, ഇറാന്‍ എന്നീ രാജ്യങ്ങളും ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗമായിരുന്നു.
ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര കരാറിന് അന്തിമരൂപം നല്‍കുന്നതിനായുള്ള അവസാന ഘട്ട ചര്‍ച്ചകളിലാണ് ഇന്ത്യ. ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും കൂടുതല്‍ റൗണ്ടുകളൊന്നും ശേഷിക്കുന്നില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. രാജ്യത്തെ തൊഴില്‍ മേഖലകളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ന്യായമായ കരാര്‍ ആണ് ഇന്ത്യ മുന്നോട്ടുവച്ചിട്ടുള്ളത്. അതേസമയം നെല്ല്, പാല്‍, ഗോതമ്പ്, മറ്റ് ജനിതകമാറ്റം വരുത്തിയ വിളകള്‍ തുടങ്ങിയ ആഭ്യന്തര താല്‍പ്പര്യങ്ങള്‍ക്ക് നിര്‍ണായകമായ മേഖലകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ശക്തമായി വിസമ്മതിച്ചതായാണ് അറിയുന്നത്.
സ്റ്റീല്‍, ഓട്ടോമൊബൈല്‍, അലുമിനിയം എന്നിവയിലുടനീളം മേഖലാ താരിഫുകള്‍ ഇടക്കാല വ്യാപാര കരാറില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.
ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവകളുടെ 90 ദിവസത്തെ സാവകാശം ജൂലൈ 9 ന് അവസാനിക്കും. ഇത്പ്രകാരം, യുഎസ് വിപണിയില്‍ പ്രവേശിക്കുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തും.
Trump warns 10% tariff hike for countries supporting BRICS’ anti-American stance, with India in cautious negotiations.
Read DhanamOnline in English
Subscribe to Dhanam Magazine