ഉജ്ജ്വല യോജന വഴി പാചകവാതകം എത്തിച്ചത് പത്ത് കോടിയിലേറെ കുടുംബങ്ങളിലേക്ക്

ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്കും പാചകവാതകം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2016ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY). പദ്ധതി വഴി 2023-24 സാമ്പത്തിക വര്‍ഷം വരെ 10.33 കോടി കുടുംബങ്ങളിലേക്ക് പാചകവാതകം എത്തിച്ചതായി പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കി. എല്‍.പി.ജി ഉപഭോഗം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 3.8 ശതമാനം വര്‍ധിച്ചു.

ഇന്ധനവില കുതിച്ചുയര്‍ന്നപ്പോള്‍ 2022 മേയില്‍ സര്‍ക്കാര്‍ ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കള്‍ക്ക് സിലിണ്ടറിന് 200 രൂപ സബ്‌സിഡി നല്‍കുകയും 75 ലക്ഷം കണക്ഷനുകള്‍ കൂടി നല്‍കി പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നീട് 2023 ഒക്ടോബറില്‍ സബ്സിഡി 300 രൂപയായി വര്‍ധിപ്പിച്ചു. എല്‍.പി.ജി സിലിണ്ടറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷം മാര്‍ച്ചില്‍ സിലിണ്ടറിന് 100 രൂപയും കുറച്ചിരുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളുടെ ആഭ്യന്തര എല്‍.പി.ജി വില്‍പ്പന 2022-23ലെ 25.38 ദശലക്ഷം ടണ്ണില്‍ നിന്ന് 2023-24ല്‍ 26.21 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഉജ്ജ്വല യോജന മികച്ച പ്രതികരണത്തോടെ മുന്നോട്ട് പോകുന്നതിനിടെ രാജ്യത്തുടനീളം പൈപ്പ് വഴി പ്രകൃതിവാതകം (പി.എന്‍.ജി) എത്തുക്കുന്ന സംവിധാനം വ്യാപിപ്പിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. രാജ്യത്തെ ആഭ്യന്തര പി.എന്‍.ജി കണക്ഷനുകളുടെ എണ്ണം ഫെബ്രുവരി വരെ 1.25 കോടിയാണ്.

Related Articles
Next Story
Videos
Share it