മാന്ദ്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി ഇളവ്‌ പ്രഖ്യാപിച്ച് യുകെ

മാന്ദ്യത്തിലേക്ക് (Recession) പോവുന്ന സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ വിപുലമായ നയങ്ങള്‍ (Fiscal Plan) പ്രഖ്യാപിച്ച് യുകെ (UK). പുതുതായി ചുമതലയേറ്റ ധനമന്ത്രി ക്വാസി ക്വാര്‍ട്ടംഗ് (Kwasi Kwarteng) 50 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ നികുതി ഇളവാണ് പ്രഖ്യാപിച്ചത്. സമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയരുന്ന 45 ശതമാനം നികുതി പിന്‍വലിച്ച സര്‍ക്കാര്‍ അടിസ്ഥാന നികുതി നിരക്ക് 20ല്‍ നിന്ന് 19 ശതമാനം ആയി പുതുക്കി നിശ്ചയിച്ചു.

സര്‍ക്കാരിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് 72.4 ബില്യണ്‍ പൗണ്ടില്‍ നിന്ന് 234.1 ബില്യണ്‍ പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. നികുതികള്‍ കുറച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ബോണ്ടുകള്‍ കുത്തനെ ഇടിഞ്ഞിരുന്നു. ഗ്യാസ്, ഇലക്ട്രിക് ബില്ലുകളിന്മേല്‍ ഒക്ടോബര്‍ മുതല്‍ ആറുമാസത്തേക്ക് 60 ബില്യണ്‍ പൗണ്ടിന്റെ സബ്‌സിഡിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കോര്‍പറേഷന്‍ നികുതി 25 ശതമാനം ആയി ഉയര്‍ത്താനുള്ള തീരുമാനവും സര്‍ക്കാര്‍ പിന്‍വലിച്ചു.

നിലവില്‍ ജി7 രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ കോര്‍പേഷന്‍ നികുതി (19 ശതമാനം) യുകെയില്‍ ആണ്. ജിഡിപി വളര്‍ച്ച 0.1 ശതമാനം ചുരുങ്ങിയതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 1.75ല്‍ നിന്ന് 2.25 ശതമാനമായി ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉയര്‍ത്തുന്നത്. ഓഗസ്റ്റ് മാസം യുകെയിലെ പണപ്പെരുപ്പം 9.9 ശതമാനം ആയിരുന്നു. 2 ശതമാനം ആണ് യൂകെയിലെ അനുവദനീയമായ പണപ്പെരുപ്പത്തിന്റെ തോത്. ഓക്ടോബറോടെ പണപ്പെരുപ്പം 11 ശതമാനത്തില്‍ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ അനുമാനം.

Related Articles
Next Story
Videos
Share it