ഇന്ത്യ-യുകെ സ്വതന്ത്രവ്യാപാര കരാര്‍; ഋഷി സുനക് അധികാരമേറ്റ ശേഷം ആദ്യ യോഗം ഇന്ന്

യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) സംബന്ധിച്ച് കേന്ദ്രമന്ത്രി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി ആദ്യ ഔപചാരിക കൂടിക്കാഴ്ച്ചക്കായി യുകെ ട്രേഡ് സെക്രട്ടറി കെമി ബഡെനോക്ക് ഇന്ന് ന്യൂഡല്‍ഹിയിലെത്തും. ഇതോടെ കരാറുമായി ബന്ധപ്പെട്ട ആറാം റൗണ്ട് വ്യാപാര ചര്‍ച്ചകള്‍ക്ക് തുടക്കമാകും. ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്.

ഒക്ടോബറിലെ ദീപാവലിയോടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാനാണ് ലക്ഷ്യമെന്ന് ഏപ്രിലില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ജൂലൈയിലെ അദ്ദേഹത്തിന്റെ രാജിയും യുകെയിലെ രാഷ്ട്രീയ പ്രതിസന്ധിയും മൂലം തടസങ്ങള്‍ നേരിട്ടു. ഇന്ത്യയുമായി കരാര്‍ ഉണ്ടാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും എന്നാല്‍ വേഗതയ്ക്ക് വേണ്ടി ഗുണമേന്മ നഷ്ടപ്പെടുത്തില്ലെന്നും പുതിയ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബറില്‍ കെമി ബാഡെനോക്ക് യുകെ ട്രേഡ് സെക്രട്ടറിയായി നിയമിതയായത്. ഇരു രാജ്യങ്ങളും വളരെ ഉയര്‍ന്ന പ്രതീക്ഷകളോടെയും പരസ്പര പ്രയോജനകരമായ കരാറിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയോടെയുമാണ് ചര്‍ച്ചയ്ക്ക് വന്നിരിക്കുന്നതെന്ന് കെമി ബാഡെനോക്ക് പറഞ്ഞു. ഫെയര്‍ട്രേഡ് പേപ്പറും പാക്കേജിംഗ് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന ഒരു പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി ഇന്ത്യയില്‍ 10 ദശലക്ഷം പൗണ്ടിലധികം നിക്ഷേപിക്കുന്ന യുകെ കമ്പനിയായ എന്‍വോപിഎപിയുമായുള്ള (envoPAP) കൂടിക്കാഴ്ചയും ഇതില്‍ ഉള്‍പ്പെടുന്നു.

താരിഫുകള്‍ കുറയ്ക്കുകയും സാമ്പത്തികവും നിയമവും ഉള്‍പ്പെടെയുള്ള യുകെ സേവന വ്യവസായങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു കരാറിലെത്തുക എന്നതാണ് എഫ്ടിഎയുടെ ലക്ഷ്യമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ ശക്തമായ വളര്‍ച്ച മൂലം അടുത്ത ദശകത്തിന്റെ മധ്യത്തോടെ ഇന്ത്യയിലേക്കുള്ള യുകെ കയറ്റുമതിയില്‍ 9 ബില്യണ്‍ പൗണ്ടിന്റെ ഉയര്‍ച്ച പ്രതീക്ഷിക്കുന്നതായി യുകെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ട്രേഡ് (ഡിഐടി) അറിയിച്ചു. അതേസമയം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രിട്ടനില്‍ പഠിക്കാനും ജോലി ചെയ്യാനുമുള്ള വിസകള്‍ക്കാണ് മുന്‍ഗണന.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it