സമുദ്രോല്‍പന്ന കയറ്റുമതി മുതല്‍ ഇലക്‌ട്രോണിക്‌സ് വരെ; വ്യാപാര കരാറില്‍ അനിശ്ചിതത്വം നീളുമ്പോള്‍ ബിസിനസുകള്‍ പ്രതിസന്ധിയില്‍

കരാര്‍ പ്രഖ്യാപിക്കുമ്പോള്‍ താരിഫ് നിരക്കുകൾ ഗണ്യമായി വ്യത്യാസപ്പെടാമെന്നതിനാൽ വാങ്ങുന്നവർ വലിയ ഓർഡറുകൾ കൈവശം വയ്ക്കുന്ന പ്രവണതയാണ് കാണുന്നത്
trump
Image courtesy: Canva
Published on

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രാജ്യങ്ങള്‍ക്ക് മേല്‍ തത്തുല്യ ഇറക്കുമതി ചുങ്കം (reciprocal tariffs) പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യു.എസുമായി ഒരു വ്യാപാര കരാറിലെത്താന്‍ ഇന്ത്യ കഴിഞ്ഞ കുറച്ചു മാസങ്ങളായി നീണ്ട പരിശ്രമത്തിലാണ്. വ്യാപാര കരാറിനായുള്ള അഞ്ചാം റൗണ്ട് ചർച്ചകളാണ് ഇപ്പോൾ വാഷിംഗ്ടണിൽ നടക്കുന്നത്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്ന യു.എസ് നിലപാടാണ് കരാറിലെത്താനുളള തടസങ്ങളില്‍ പ്രധാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനിതക മാറ്റം വരുത്തിയ ചോളം, സോയാബീൻ തുടങ്ങിയ വിളകൾക്ക് വിപണി തുറക്കുന്നതിന് ഇന്ത്യ വലിയ എതിര്‍പ്പാണ് ഉന്നയിക്കുന്നത്.

ഇന്ത്യയുമായി വ്യാപാര കരാർ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ട്രംപ് ശുഭ പ്രതീക്ഷകളാണ് പങ്കുവെക്കുന്നത്. യുഎസിന്റെ പരസ്പര താരിഫുകൾ മൂലം 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിൽ തിരിച്ചടികൾ നേരിടാൻ സാധ്യതയുളളതായി ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ ക്രിസിൽ പറയുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമായ യുഎസിലെ വളർച്ച 2.8 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി കുറയുമെന്നാണ് ലോക വ്യാപാര സംഘടന വിലയിരുത്തുന്നത്.

ഡ്രൈ ഫ്രൂട്ട്സ് മേഖലയില്‍ പ്രതിസന്ധി

വ്യാപാര കരാറിലെത്താന്‍ വൈകുന്നത് ഇന്ത്യയിലെ ബിസിനസുകളെ തടസപ്പെടുത്തുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. യുഎസിൽ നിന്നുള്ള വാൽനട്ട് (Walnuts), ബദാം, പ്രത്യേകതരം പരിപ്പുകള്‍ എന്നിവയുടെ കസ്റ്റംസ് ക്ലിയറൻസ് ഡ്രൈ ഫ്രൂട്ട്സ് ഇറക്കുമതി വ്യാപാരികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യാപാര കരാറില്‍ ഇറക്കുമതി തീരുവയിൽ ഏകദേശം 50 ശതമാനം കുറവുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണം. യുഎസ് വാൽനട്ടിന് ഇന്ത്യ 100 ശതമാനം തീരുവയാണ് ചുമത്തുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം വാഗാ അതിർത്തി അടച്ചതിനാൽ ഡ്രൈ ഫ്രൂട്ട്സിന്റെ അഫ്ഗാനില്‍ നിന്നുളള ഇറക്കുമതി നിലച്ചിരിക്കുകയാണ്. ഡ്രൈ ഫ്രൂട്ട്സ് ബിസിനസില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഈ സാഹചര്യങ്ങള്‍.

കരാറില്‍ വ്യക്തതയില്ല

വ്യാപാര കരാറിലെത്താന്‍ വൈകുന്നതിനാല്‍ ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, സമുദ്രവിഭവങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ വ്യവസായികള്‍ ജാഗ്രതാ നിലപാടാണ് സ്വീകരിക്കുന്നത്. യുഎസ് വിപണിക്കായി ഇന്ത്യയിൽ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന വ്യവസായികള്‍ വ്യാപാര ചർച്ചകളിൽ വ്യക്തത ലഭിക്കുന്നതുവരെ പുതിയ ഓർഡറുകൾക്കുള്ള പദ്ധതികൾ നിർത്തിവച്ചിരിക്കുകയാണ്. യുഎസ് താരിഫിന്റെ കാര്യത്തിൽ ചൈനയുമായും വിയറ്റ്നാമുമായും താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ എവിടെയാണ് നിൽക്കുന്നതെന്ന് വ്യക്തത വരാത്തതാണ് കാരണം.

ക്രിസ്മസ്, വർഷാവസാന ഷോപ്പിംഗ് സീസണ്‍ ലക്ഷ്യമിട്ടുളള രത്നങ്ങൾക്കും ആഭരണങ്ങൾക്കുമുള്ള കയറ്റുമതി ഓർഡറുകളെയും നിലവിലെ സാഹചര്യം ബാധിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സമുദ്രോത്പന്ന കയറ്റുമതിക്കാരും ഓർഡറുകളിൽ മാന്ദ്യം നേരിടുന്നു.

വ്യാപാര കരാറില്‍ ഇന്ത്യയ്ക്ക് നല്ലൊരു ഡീൽ ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് പരക്കെയുളളത്. കരാര്‍ പ്രഖ്യാപിക്കുമ്പോള്‍ മേഖല അല്ലെങ്കിൽ വിഭാഗം തിരിച്ചുള്ള താരിഫ് നിരക്കുകൾ ഗണ്യമായി വ്യത്യാസപ്പെടാമെന്നതിനാൽ വാങ്ങുന്നവർ വലിയ ഓർഡറുകൾ കൈവശം വയ്ക്കുന്ന പ്രവണതയാണ് കാണുന്നത്. വ്യാപാര കരാറില്‍ വ്യക്തത ലഭിക്കാത്തത് മൂലമുളള അസ്ഥിരതയാണ് ഈ വ്യാപാര മേഖലകളിലെല്ലാം നിഴലിക്കുന്നത്.

Prolonged uncertainty over US-India trade agreement affects multiple Indian export sectors including seafood, electronics, and jewellery.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com