രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4 മാസത്തെ ഉയരത്തിൽ

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഏപ്രിലില്‍ 8.11 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ ഇത് 7.8 ശതമാനമായിരുന്നു. ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയുടെ (CMIE) കണക്കുകള്‍ പ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേ കാലയളവില്‍ 8.51 ശതമാനത്തില്‍ നിന്ന് 9.81 ശതമാനമായി ഉയര്‍ന്നു. അതേസമയം ഗ്രാമപ്രദേശങ്ങളില്‍ ഇത് 7.47 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 7.34 ശതമാനമായി കുറഞ്ഞു.

തൊഴില്‍ ശക്തി വര്‍ധിച്ചു

രാജ്യത്തെ തൊഴിലാളികള്‍ ഏപ്രിലില്‍ 2.55 കോടി വര്‍ധിച്ച് 46.76 കോടിയായി. തൊഴില്‍ പങ്കാളിത്ത നിരക്ക് (തൊഴില്‍ ചെയ്യാന്‍ അവസരം ലഭിച്ചവരുടെ നിരക്ക്) 41 ശതമാനമായും ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. 2.21 കോടി തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെട്ടതോടെ പുതയതായി തൊഴില്‍ മേഖലകളിലേക്ക് എത്തിയ 87 ശതമാനം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതോടെ ഏപ്രിലിലെ തൊഴില്‍ ലഭ്യതാ നിരക്ക് 38.57 ശതമാനമായി ഉയര്‍ന്നു.

തൊഴില്‍തേടാനുള്ള ജനങ്ങളുടെ സന്നദ്ധതയില്‍ വര്‍ധനവുണ്ടായതായി സി.എം.ഐ.ഇ മേധാവി മഹേഷ് വ്യാസ് അഭിപ്രായപ്പെട്ടു. ഗ്രാമീണ തൊഴില്‍ മേഖലയില്‍ 94.6 ശതമാനം ആളുകള്‍ക്ക് ജോലി ലഭിച്ചു. അതേസമയം നഗരപ്രദേശങ്ങളില്‍ 54.8 ശതമാനം പേര്‍ മാത്രമാണ് പുതിയ ജോലികള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ വളര്‍ന്നുവരുന്ന ജനസംഖ്യയ്ക്ക് ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് ഒരു പ്രധാന വെല്ലുവിളിയായി തുടരുകയാണ്.

Related Articles
Next Story
Videos
Share it