നഗരങ്ങളില്‍ തൊഴിലില്ലായ്മ കുറയുന്നു; ജോലി സ്വന്തമാക്കി കൂടുതല്‍ യുവാക്കള്‍

രാജ്യത്ത് 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍.എസ്.എസ്.ഒ) പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പി.എല്‍.എഫ്.എസ്) വ്യക്തമാക്കി. നഗരങ്ങളില്‍ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് മുന്‍ വര്‍ഷത്തെ 7.6 ശതമാനത്തില്‍ നിന്ന് 6.6 ശതമാനത്തിലേക്ക് കുറഞ്ഞതായി സര്‍വേ പറയുന്നു. 2023 ജനുവരി-മാര്‍ച്ച് പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായിരുന്നു.

തൊഴില്‍ വിപണിയും സ്ത്രീകളും

സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 9.1 ശതമാനമാണ്. എന്നാല്‍ മുന്‍ വര്‍ഷം ഇതേ പാദത്തിലെ 9.5 ശതമാനത്തേക്കാള്‍ കുറവാണിത്. 2023 ജനുവരി-മാര്‍ച്ച് കാലയളവില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളിലെ പുരുഷന്‍മാരുടെ തൊഴിലില്ലായ്മ നിരക്ക് 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലെ 7.1 ശതമാനത്തില്‍ നിന്ന് 5.9 ശതമാനമായി കുറഞ്ഞു. 2023 ജനുവരി-മാര്‍ച്ച് കാലയളവില്‍ ഇത് 6 ശതമാനമായിരുന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ കൂടുതലാണ്.

കൂടുതല്‍ യുവജനങ്ങള്‍ തൊഴില്‍ മേഖലയിലേക്ക്

സര്‍വേ വ്യക്തമാക്കുന്ന മറ്റൊരു കാര്യം ഓരോ വര്‍ഷവും രാജ്യത്തെ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്ന യുവജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു എന്നതാണ്. കാരണം തുടര്‍ച്ചയായ എട്ടാം പാദത്തിലും തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു വരികയാണെന്ന് കണക്കുകള്‍ പറയുന്നു. കോവിഡ് സമയത്ത് 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ തൊഴിലില്ലായ്മാ നിരക്ക് 20.8 ശതമാനമെന്ന റെക്കോഡ് ഉയരത്തില്‍ എത്തിയിരുന്നു. നിലവില്‍ തൊഴില്‍ വിപണി വീണ്ടെടുക്കലിന്റെ പാതയിലാണെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it