കേന്ദ്ര ബജറ്റ് 2022: ശ്രദ്ധേയമാകും ഈ കണക്കുകള്‍

കേന്ദ്ര ബജറ്റ് അവതരണത്തിന് അല്‍പ്പം സമയം മാത്രം ശേഷിക്കേ ഈ ബജറ്റില്‍ നിര്‍ണായകമാവുന്ന കണക്കുകള്‍ ഏതൊക്കെയാവുമെന്ന് നോക്കാം.

കോവിഡ് ചെലവ്: നടപ്പ് സാമ്പത്തിക വര്‍ഷത്തിലും വരുന്ന സാമ്പത്തിക വര്‍ഷത്തിലും വാക്‌സിനേഷന് വകയിരുത്തുന്ന തുക രാജ്യം ഉറ്റുനോക്കുന്ന കണക്കാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വാക്‌സിന്‍ വിതരണത്തിനായി 35,000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

ധനക്കമ്മി: സര്‍ക്കാരിന്റെ മൊത്ത ചെലവും വായ്പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണിത്. 2022-23ലെ ധനക്കമ്മി എത്രയായിരിക്കുമെന്നത് ശ്രദ്ധേയമാണ്.

ഓഹരിവില്‍പ്പന/സ്വകാര്യവല്‍ക്കരണം: കേന്ദ്ര ബജറ്റില്‍ വിഭാവനം ചെയ്യുന്ന ഓഹരി വില്‍പ്പന ലക്ഷ്യം ഇതുവരെ പൂര്‍ണമായും നേടാന്‍ സാധിച്ചിട്ടില്ല. സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് എത്രമാത്രം ഗതിവേഗമുണ്ടാകുമെന്നറിയാന്‍ ഈ കണക്ക് നോക്കിയാല്‍ മതി.

മൂലധന ചെലവ്: ആസ്തികള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന ചെലവാണിത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പശ്ചാത്തല വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനിടയുള്ളതിനാല്‍ കാപ്പിറ്റല്‍ എക്‌സ്‌പെന്‍ഡീച്വര്‍ (വികസന പദ്ധതികള്‍ക്കുള്ള ചെലവ്) കൂട്ടിയേക്കാം.

നികുതി വരുമാനം: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 8-8.5 ശതമാനം വളര്‍ച്ച രാജ്യം കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ അനുമാനിക്കുമ്പോള്‍ നികുതി വരുമാനത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന കണക്കും ശ്രദ്ധേയമാകും.

മൂലധന വരവ്: സര്‍ക്കാര്‍ രാജ്യത്തിനുള്ളില്‍ നിന്നും പുറത്തുനിന്നും വായ്പയായി എടുക്കുന്ന പണമെത്രയാകും. വിപണി ഉറ്റുനോക്കുന്ന കണക്ക് കൂടിയാണിത്. കേന്ദ്രം വന്‍തോതില്‍ മൂലധന നിക്ഷേപം നടത്തിയാല്‍ മാത്രമേ വളര്‍ച്ച സാധ്യമാകൂ. വിപണിയെ സ്വാധീനിക്കുന്ന ഒരു ഘടകം കൂടിയാണിത്.


Related Articles
Next Story
Videos
Share it