കേന്ദ്ര ബജറ്റ് 2024; രാജ്യം പ്രതീക്ഷയുടെ തോണിയില്‍, റെക്കോഡിലേക്ക് നിര്‍മലയുടെ ഏഴാം ബജറ്റ്

ഏറെ പ്രതീക്ഷകളോടെ നാളെ രാജ്യം വീണ്ടും ബജറ്റിന് കാതോര്‍ക്കുകയാണ്. സാധാരണക്കാരും മധ്യവര്‍ഗക്കാരും ശമ്പളക്കാരുമൊക്കെ ആദായ നികുതി ഉള്‍പ്പെടെയുള്ള കിഴിവുകളില്‍ വലിയ പ്രതീക്ഷകളാണ് പുലര്‍ത്തുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ അധികാരത്തിലേറെയിയ മോദി 3.0 മന്ത്രിസഭയ്ക്ക് എത്രത്തോളം ജനപ്രിയമായ ബജറ്റ് അവതരിപ്പിക്കാനാകുമെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

ഫെബ്രുവരിയിലെ ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളോ നികുതി നിരക്കിലും മറ്റും കാതലായ മാറ്റങ്ങളോ വരുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് നികുതിദായകർ. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുക.
കൈയിലെത്തുന്ന ശമ്പളം കൂടുമോ
നികുതി ബാധകമല്ലാത്ത വരുമാന പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും നികുതി ഇളവ് ലഭിക്കുന്ന 80 സി നിക്ഷേപങ്ങളുടെ പരിധി ഉയര്‍ത്തുമെന്നാണ് ശമ്പളക്കാരുടെ പ്രതീക്ഷകള്‍. നിലവിലെ 1.5 ലക്ഷത്തില്‍ നിന്ന് കുറഞ്ഞത് രണ്ട് ലക്ഷം രൂപയായെങ്കിലും വര്‍ധിപ്പിച്ചാല്‍ ശമ്പളക്കാരില്‍ വലിയൊരു വിഭാഗത്തിനും ആശ്വാസമാകും.
പണപ്പെരുപ്പത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന പലിശനിരക്കിന്റെയും ആഘാതം ലഘൂകരിക്കുന്നതിന് ആദായനികുതി നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ശമ്പളക്കാരായ നികുതിദായകര്‍.
കൂടാതെ, ചെലവഴിക്കല്‍ വരുമാനം കൂട്ടാനായി ഇക്വിറ്റി നിക്ഷേപങ്ങള്‍ പോലുള്ളവയ്ക്ക് കൂടുതല്‍ പ്രോത്സാഹനവും നികുതി ഇളവുകളും നല്‍കുമെന്നാണ് കരുതുന്നത്.
നികുതി നിരക്കുകളില്‍ ഇളവു വരുത്തിയാല്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പളം കൈയിലെത്താന്‍ ഇടവരുത്തും. ആദായ നികുതി കുറയുമ്പോള്‍ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന ടി.ഡിഎസ് കുറയുകയും കൂടുതല്‍ തുക കൈയ്യില്‍ കിട്ടുകയും ചെയ്യും.
സാമൂഹ്യക്ഷേമവും അടിസ്ഥാന സൗകര്യവും
അടിസ്ഥാന സൗകര്യ വികസനത്തിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ മുന്‍ഗണന നല്‍കിയത്. 2047 ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യം മുന്‍നിറുത്തിയുള്ളതായിരുന്നു ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. അതിന്റെ തുടര്‍ച്ചയാകും കേന്ദ്ര ബജറ്റുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ വര്‍ധിക്കുമെന്നതായിരുന്നു കണക്കുകൂട്ടലെങ്കിലും അതില്‍ അത്ര വിജയിക്കാനായില്ല എന്ന തിരിച്ചറിവുമുണ്ടായിട്ടുണ്ട്.
പൊതു തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടേയും പശ്ചാത്തലത്തില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രരിപ്പിക്കും, എന്നാല്‍ അതു മാത്രമായിരിക്കില്ല കോര്‍പ്പറ്റേറ്റ് അനുകൂലമായ പ്രഖ്യാപനങ്ങളും കണ്ടേക്കാം.
ചരിത്രമാകാന്‍ നിര്‍മല
തുടര്‍ച്ചയായ ഏഴ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോഡിലേക്കാണ് ധനമന്ത്രി നിര്‍മലാ സീതാരാമാന്‍ നാളെ നടന്നു കയറുന്നത്. ഇതോടെ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലുള്ള റെക്കോഡ് പഴങ്കഥയാകും. 1959 മുതല്‍ 64 വരെയുള്ള കാലയളവില്‍ അഞ്ച് വാര്‍ഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റുമാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്.
നിലവില്‍ ഏറ്റവും കൂടുതല്‍ കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ള വനിതാ ധനമന്ത്രിയാണ് നിര്‍മല സീതാരാമന്‍. 2019ലാണ് നിര്‍മല സീതാരാമന്‍ ധനമന്ത്രിയായി എത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാലബജറ്റടക്കം തുടര്‍ച്ചയായി ആറ് തവണയാണ് നിര്‍മല ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് രേഖകള്‍ വഹിക്കാന്‍ പരമ്പരാഗത ബജറ്റ് ബ്രീഫ്‌കേസ് ഉപയോഗിച്ചിരുന്നത് മാറ്റി ദേശീയ ചിഹ്ന്‌നത്തോടു കൂടിയ ചുവന്ന തുണി ഉപയോഗിച്ച് തുടങ്ങിയത് നിര്‍മലാ സീതാരാമനാണ്. ബജറ്റ് ആദ്യമായി ഡിജിറ്റല്‍ അഥവാ പേപ്പര്‍ലെസ് ആക്കിയതും നിര്‍മലയാണ്. ഇപ്പോള്‍ ബജറ്റ് അച്ചടിക്കാറില്ല. ഡിജിറ്റലായി ആപ്പ് വഴി ലഭിക്കും.

Related Articles

Next Story

Videos

Share it