കേന്ദ്ര ബജറ്റ്: പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളും, വിദഗ്ധര്‍ പ്രതികരിക്കുന്നു
രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇതുവരെ നേരിട്ടിട്ടില്ലാത്തവിധമുള്ള വെല്ലുവിളികള്‍ ബിസിനസ് സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കുന്നു. നിരവധിപ്പേര്‍ക്ക് ജീവിതമാര്‍ഗം നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തില്‍ വരുന്ന കേന്ദ്രബജറ്റ് എങ്ങനെയായിരിക്കും? എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് നിര്‍മല സീതാരാമന്റെ ബജറ്റിലേക്കാണ്.
എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. 2018-19 സാമ്പത്തികവര്‍ഷം ജിഡിപി വളര്‍ച്ച 6.8 ശതമാനമായി കുറഞ്ഞിരിക്കുന്നു. കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുന്നു. ധനകമ്മി നിയന്ത്രണാതീതമായി ഉയര്‍ന്നിരിക്കുന്നു. ആളുകളുടെ കൈയില്‍ പണം വന്നാല്‍ മാത്രമേ ഉപഭോഗം വര്‍ധിക്കുകയുള്ളു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നതിനാല്‍ അതിന് സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ സാമ്പത്തികമേഖല നേരിടുന്ന പ്രതിസന്ധി ഒരു പരിധി വരെയെങ്കിലും മറികടക്കാനാകൂ.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ വരാനിരിക്കുന്ന കേന്ദ്രബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുന്നു.
ഇടത്തരക്കാര്‍ക്ക് ഗുണകരമായേക്കും
ആന്റണി തോമസ് കൊട്ടാരം, ഡയറക്റ്റര്‍, കൊട്ടാരം ഗ്രൂപ്പ്
''ബിസിനസ് രംഗം വന്‍ പ്രതീക്ഷയോടെയാണ് ഈ കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കുന്നത്. ഒരു മാന്ദ്യകാലത്തിലൂടെ കടന്നുപോകുന്ന രാജ്യത്തെ ഉപഭോഗ മേഖലയെ ഉത്തേജിപ്പിക്കുന്നതും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായ പരിഷ്‌ക്കാരങ്ങള്‍ ഉണ്ടായേ തീരൂ. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ടാക്‌സ് ഇളവുകള്‍ പ്രതീക്ഷിക്കുന്നതിനൊപ്പം ജി.എസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യക്തിഗത ഇന്‍കം ടാക്‌സ് രംഗത്ത് ഇളവുകളും സ്ലാബ് മാറ്റങ്ങളും നടപ്പാക്കുന്നത് മധ്യ ഇടത്തരം വിഭാഗങ്ങളെ കൂടുതലായി കണ്‍സ്യൂമര്‍ വിപണിയില്‍ എത്തിക്കാന്‍ പര്യാപ്തമാകും.ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയില്‍ കൂടുതല്‍ നിക്ഷേപം എത്തുന്നതും ആത്യന്തികമായി വിപണിക്ക് ഗുണം ചെയ്യും.
ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഒരു വളര്‍ച്ചാ രീതിയെ പ്രോത്സാഹിപ്പിക്കാനും നടപ്പില്‍ വരുത്താനുമുള്ള മികച സമയമാണിത്. അതിലൂടെ ഇന്ത്യന്‍ ബിസിനസുകളെ മെച്ചപ്പെടുത്താനും അവയെ ഭാവിയുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കണം.''
സാമ്പത്തിക നയങ്ങള്‍ കേന്ദ്രം പൊളിച്ചെഴുതിയേക്കും
ഡോ. ബി.എ. പ്രകാശ്, സാമ്പത്തികവിദഗ്ധന്‍
''ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ തകര്‍ച്ചയിലാണ് ഇന്ത്യന്‍ സമ്പദ്ഘടന. എല്ലാ മേഖലകളിലും സാമ്പത്തിക മരവിപ്പ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനെ മറി കടക്കണമെന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ വലിയൊരു മാറ്റം അനിവാര്യമാണ്. പുതിയ ബജറ്റില്‍ നമുക്ക് അത്തരം മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
വ്യവസായ ഉല്‍പാദന വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ഗ്രോത്തോടെ പൂജ്യ ത്തിന് താഴെയാണ്. വ്യവസായ രംഗത്തെ ഈ തകര്‍ച്ച മാറ്റാന്‍ സഹായകരമായ നികുതി, വായ്പ എന്നിവക്ക് പുറമേ സമസ്ത മേഖലകളിലെയും ഡിമാന്‍ഡും ഉപഭോഗവും വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും നയങ്ങളും ബജറ്റില്‍ ഉണ്ടായേക്കും.
ഇന്ത്യയിലെ തൊഴിലാളികളില്‍ 80 ശതമാനവും അസംഘടിത മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ആ മേഖലയിലെ തളര്‍ച്ച മാറ്റി ഉണര്‍വ്വ് പകരാനുള്ള പരിഷ്‌ക്കാരങ്ങളും പ്രതീക്ഷിക്കാം. സര്‍ക്കാരിന്റെ അതിരുവിട്ട കമ്പോളവല്‍ക്കരണമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലകാരണം. അതിനാല്‍ എല്ലാ മേഖലകളിലും സര്‍ക്കാരിന്റെ ഇടപെടല്‍ അത്യാവശ്യമായിരിക്കക്കയാണ്.
ഏറ്റവും വലിയ തൊഴില്‍ മേഖലകളായ മോട്ടോര്‍ വൃവസായത്തെയും കെട്ടിട നിര്‍മ്മാണത്തെയും പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാനുള്ള സാമ്പത്തിക നടപടികളും ബജറ്റില്‍ പ്രതീക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ വളരെ വലുതായിരിക്കുന്നു. മികച്ച ഉത്തേജക പാക്കേജുകള്‍ കൊണ്ടുവരാന്‍ കഴിയാത്തത് അതുകൊണ്ടാണ്. അതിനാല്‍ വിവിധ മാര്‍ഗങ്ങളിലുടെ കൂടുതല്‍ ധനസമാഹരണത്തിന് സര്‍ക്കാര്‍ തയ്യാറാവുകയും കൂടുതല്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരം നീക്കങ്ങളും ബജറ്റില്‍ നമുക്ക് പ്രതീക്ഷിക്കാം.''
അടിസ്ഥാനസൗകര്യമേഖലയില്‍ വന്‍പദ്ധതികള്‍ പ്രതീക്ഷിക്കുന്നു
അഭയ കുമാര്‍, മാനേജിംഗ് ഡയറക്റ്റര്‍, ട്രയം മാര്‍ക്കറ്റിംഗ് & കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
''രാജ്യം സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില പുനരുജ്ജീവന പാക്കേജുകള്‍ ബജറ്റിലുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. അതായത് അടിസ്ഥാനസൗകര്യമേഖലയില്‍ വന്‍ പ്രൊജക്റ്റുകള്‍ പ്രഖ്യാപിക്കാറുണ്ട്. അപ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അതിന്റെയൊരു പ്രതിഫലനമുണ്ടാകും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെലവഴിക്കല്‍ കൂട്ടുമ്പോള്‍ വലിയ മാറ്റമുണ്ടാകും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
കൂടാതെ ആളുകളുടെ കൈകളില്‍ പണം വരുന്നതിന് സഹായിക്കുന്ന പ്രഖ്യാപനങ്ങളും ചില പ്രത്യേകമേഖലകളില്‍ നികുതി കുറയ്ക്കുന്നതുമൊക്കെ ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഉദാഹരണത്തിന് ഓട്ടോമൊബീല്‍ മേഖല ഏറെ വെല്ലുവിളികളിലൂടെയാണല്ലോ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഈ രംഗത്തെ ഉയര്‍ന്ന ജിഎസ്ടി കുറയ്ക്കുമ്പോള്‍ വാഹനങ്ങളുടെ വില കൂടുതല്‍ താങ്ങാനാകും.
എംഎസ്എംഇ മേഖലയ്ക്കായി സര്‍ക്കാര്‍ പല പാക്കേജുകളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ ആ മേഖലയിലേക്ക് എത്തുന്നില്ല. അതിന് കാരണം ധനസഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നത് ബാങ്കുകള്‍ വഴിയാണല്ലോ. എന്നാല്‍ പലപ്പോഴും ബാങ്കുകളില്‍ നിന്ന് സംരംഭകര്‍ക്ക് അനുകൂലനിലപാടുകളല്ല ഉണ്ടാകുന്നത്. ഫണ്ടില്ലാത്തത് തന്നെയാണ് മിക്ക ചെറുകിട സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ കാരണമാകുന്നത്. ബാങ്കുകള്‍ വഴിയല്ലാതെ നേരിട്ട് സംരംഭകര്‍ക്ക് ധനസഹായം കൊടുക്കുന്ന രീതിയിലുള്ള ഒരു തീരുമാനവും കേന്ദ്രബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.''
ഓട്ടോമൊബീല്‍ മേഖലയില്‍ ജിഎസ്ടി കുറയ്ക്കണം
ബിജു ബി, ജനറല്‍ മാനേജര്‍, പോപ്പുലര്‍ ഹ്യുണ്ടായ്
''ഓട്ടോമൊബീല്‍ മേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ കേന്ദ്രബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. ജിഎസ്ടി നിരക്ക് കുറയ്‌ക്കേണ്ടതാണ്. കൂടാതെ ഇലക്ട്രിക് കാറുകളുടെ സബ്‌സിഡി നിരക്ക് കൂട്ടിയാല്‍ മാത്രമേ ഇവ കൂടുതല്‍പ്പേരിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളു. അതുപോലെ ഇലക്ട്രിക് കാറുകള്‍ക്കുള്ളതുപോലെ വാഹനം വാങ്ങാനായി എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് ആദായനികുതി ഇളവ് കൊടുക്കുന്നത് എല്ലാം വാഹനങ്ങളിലേക്കും വ്യാപിപ്പിച്ചാല്‍ വലിയ മാറ്റം വരുമെന്നതില്‍ സംശയമില്ല. 15 വര്‍ഷം വാഹനങ്ങള്‍ എന്തു ചെയ്യണം എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഇവ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മാറ്റണം എന്ന തീരുമാനമുണ്ടായാല്‍ പുതിയ കാറുകളുടെ വിപണി മെച്ചപ്പെടും.''
ആദായനികുതി പരിധി ഉയര്‍ത്തിയേക്കും
സഞ്ജീവ് കുമാര്‍ സിഎഫ് പി, ഫൗണ്ടര്‍, പ്രോഗ്നോ അഡൈ്വസര്‍ ഡോട്ട് കോം
''സാമ്പത്തികരംഗം വെല്ലുവിളികള്‍ നേരിടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ആദായനികുതി പരിധി ഉയര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുകൂല നടപടിയെടുക്കും എന്ന് തന്നെയാണ് ശക്തമായ വിശ്വാസം. മാനുഫാക്ചറിംഗ് മേഖലയുടെ 50 ശതമാനത്തോളം വരുമാനം വരുന്നത് ഓട്ടോമൊബീല്‍ മേഖലയില്‍ നിന്നാണ്. എന്നാല്‍ ഇപ്പോള്‍ ഈ മേഖല വലിയ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ടുതന്നെ ഈ മേഖലയെ പിന്തുണ തീരുമാനങ്ങളുണ്ടായേക്കാം. കഴിഞ്ഞ തവണത്തെ ബജറ്റില്‍ ഇലക്ട്രിക് വാഹനം വാങ്ങാനായി എടുക്കുന്ന വായ്പയുടെ പലിശയില്‍ നിന്ന് ഒന്നരലക്ഷം വരെ നികുതിയിളവ് നല്‍കുന്ന തീരുമാനമുണ്ടായിരുന്നു. ഇതേ രീതിയില്‍ കൂടുതല്‍പ്പേര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഓട്ടോമൊബീല്‍ മേഖലയ്ക്ക് ഉണര്‍വ് പകരുന്ന തീരുമാനങ്ങളുമുണ്ടാകാം.''
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline