

യുപിഐ ഇടപാടുകളിലെ മെര്ച്ചന്റ് ഡിസ്കൗണ്ട് റേറ്റിനെതിരേ (എംടിആര്) പ്രതിഷേധം കടുപ്പിക്കാന് കേരളത്തിലെ പ്രധാന വ്യാപാര സംഘടനകള്. കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷനും സൂപ്പര് മാര്ക്കറ്റ് വെല്ഫെയര് അസോസിയേഷന് കേരളയും പരസ്യ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു.
ഒക്ടോബര് 15ന് നടപ്പാക്കാനിരുന്ന നിരക്ക് നീക്കം ദീപാവലിക്കു ശേഷമേ ഉണ്ടാകൂവെന്ന് ഇന്നലെ കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വ്യാപാരികളുടെ പ്രതിഷേധത്തെതുടര്ന്നായിരുന്നു ഇത്.
സംസ്ഥാനത്തെ എല്ലാ സൂപ്പര് മാര്ക്കറ്റുകള്ക്ക് മുന്നിലും 15ന് കറുത്ത കൊടി കെട്ടും. ക്യുആര് കോഡുകള് കറുത്ത തുണികൊണ്ട് മറച്ച് പ്രതിഷേധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോര്ഫിന് പെട്ട, ജനറല് സെക്രട്ടറി കെ.എ. സിയാവുദ്ദീന്, ട്രഷറര് ഷുഹൈബ് രാജകുമാരി എന്നിവര് വ്യക്തമാക്കി. നിരക്ക് വര്ധന ഇപ്പോഴേ പ്രതിസന്ധി നേരിടുന്ന സൂപ്പര് മാര്ക്കറ്റ് മേഖലയ്ക്ക് ഇരുട്ടടിയാകുമെന്നാണ് ഈ രംഗത്തുള്ളവരുടെ നിലപാട്.
യുപിഐ ഇടപാടുകള്ക്ക് എംഡിആര് ചുമത്താനുള്ള നീക്കം പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎസ്എംഎയുടെ നേതൃത്വത്തില് ഇന്നലെ (ഒക്ടോബര് 13) കേരളത്തിലെ വിവിധ ജില്ലകളില് കേന്ദ്രസര്ക്കാര് ഓഫീസുകള്ക്ക് മുന്നില് പ്രതിഷേധ ധര്ണ നടത്തി. സംസ്ഥാനത്തുടനീളം നടന്ന പ്രതിഷേധങ്ങളില് ഏകദേശം 4,000 സ്വര്ണവ്യാപാരികള് പങ്കെടുത്തു.
യുപിഐ എംഡിആര് ഏര്പ്പെടുത്താനുള്ള നീക്കം പൂര്ണമായി പിന്വലിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുല് നാസറും ആവശ്യപ്പെട്ടു. യുപിഐ നിരക്കുകള് നടപ്പാക്കുന്നത് നീട്ടിവെക്കുന്നതല്ല, മറിച്ച് അധിക ചാര്ജ് ഏര്പ്പെടുത്താനുള്ള തീരുമാനം തന്നെ പിന്വലിക്കുകയാണ് വേണ്ടതെന്ന് ഇരുവരും വ്യക്തമാക്കി.
ചെറുകിട ടയര് വര്ക്സ് സ്ഥാപനങ്ങളില് ഓണ്ലൈന് പണമിടപാടുകള് ഒഴിവാക്കി നേരിട്ട് പണം സ്വീകരിക്കാന് കേരള ടയര് വര്ക്സ് അസോസിയേഷന് സംസ്ഥാന കണ്വന്ഷന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ചെറിയ വരുമാനത്തില് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്ക്ക് ഇത്തരം മാറ്റങ്ങള് ദോഷം ചെയ്യുമെന്നാണ് സംഘടനയുടെ നിലപാട്.
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകള്ക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം മാറ്റി. 0.4 ശതമാനം ഫീസ് ചുമത്തുന്ന നിര്ദ്ദിഷ്ട മര്ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്) ദീപാവലിക്ക് ശേഷമേ നിലവില് വരൂവെന്ന് നാഷണല് പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്പിസിഐ) അറിയിച്ചു.
ഉത്സവ സീസണ് കണക്കിലെടുത്താണ് തീരുമാനം. ദീപാവലിക്ക് തൊട്ടുപിന്നാലെ നടപ്പാക്കേണ്ട തീയതി പ്രത്യേകമായി പ്രഖ്യാപിക്കും. യുപിഐ ആന്റ് സര്വീസസ് സ്റ്റിയറിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. നവംബര് എട്ടിനാണ് ദീപാവലി.
Read DhanamOnline in English
Subscribe to Dhanam Magazine