യു.പി.ഐ ആപു കൊണ്ട് ആപ്പിലായോ? പോക്കറ്റില്‍ മൊബൈൽ മാത്രം പോരാ, നോട്ടു വേണം; വ്യാപാരികളും ഇടപാടുകാരും അടിക്കടി കുടുങ്ങിയതിനു പിന്നില്‍ ചാര്‍ജ് ഈടാക്കാനുള്ള നീക്കമുണ്ടോ?

ഒരു മാസത്തിനിടെ യു.പി.ഐ ആപ്പുകള്‍ പണിമുടക്കിയത് നാല് തവണ
man in shock, mobile transaction , upi logo
Canva
Published on

രാജ്യത്ത് ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) ആപ്പുകള്‍ തകരാറിലാവുന്നത് തുടര്‍ക്കഥ. ഒരുമാസത്തിനിടെ നാല് തവണയാണ് യു.പി.ഐ ആപ്പുകള്‍ പണിമുടക്കിയത്. ഇതിന് പിന്നിലെ കാരണം കൃത്യമായി വ്യക്തമാക്കാനും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) തയ്യാറായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് (ഏപ്രില്‍ 12) ഏറ്റവും ഒടുവില്‍ യു.പി.ഐ ഇടപാടുകള്‍ തടസപ്പെട്ടത്. ഇതോടെ വ്യാപാരികളും ഇടപാടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് വലഞ്ഞത്. നേരത്തെ മാര്‍ച്ച് 26, മാര്‍ച്ച് 31, ഏപ്രില്‍ 2 എന്നീ ദിവസങ്ങളിലും സമാനമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. മാര്‍ച്ചിലെ തകരാര്‍ ഒന്നര മണിക്കൂറിലധികം നീണ്ടതായും കണക്കുകള്‍ പറയുന്നു.

കാരണമെന്ത്?

സാങ്കേതിക തകരാര്‍ മൂലമാണ് യു.പി.ഐ ഇടപാടുകള്‍ തടസപ്പെട്ടതെന്നാണ് എന്‍.പി.സി.ഐയുടെ വിശദീകരണം. എന്നാല്‍ എന്ത് സാങ്കേതിക തകരാറാണ് ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ കോര്‍പറേഷന്‍ തയ്യാറായിട്ടില്ല. യു.പി.ഐയുടെ ഡാറ്റ സെന്ററുകളിലെ നെറ്റ്‌വര്‍ക്ക് തകരാറുകള്‍, ഹാര്‍ഡ്‌വെയര്‍ തകരാറുകള്‍, ബാങ്ക് ഇടപാടുകള്‍ വര്‍ധിക്കുന്നത് തുടങ്ങിയ നിരവധി കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടപാടുകള്‍ പ്രോസസ് ചെയ്യുന്നതില്‍ കാലതാമസം നേരിട്ടതാണ് തകരാറിലേക്ക് നയിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചില ബാങ്കുകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ വലിയ കാലതാമസം നേരിട്ടു. ഇതോടെ നെറ്റ്‌വര്‍ക്കിലെ ലോഡ് കൂടി ഇടപാടുകള്‍ തടസപ്പെട്ടെന്നാണ് കരുതുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത് സാധാരണമാണെന്നും തകരാറുകള്‍ പരിഹരിച്ചെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇക്കാര്യത്തില്‍ എന്‍.പി.സി.ഐ വിശദമായ പഠനം നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പണികിട്ടിയത് വ്യാപാരികള്‍ക്ക്

യു.പി.ഐ ആപ്പുകള്‍ വ്യാപകമായതോടെ വഴിയോര കച്ചവടക്കാര്‍ പോലും ക്യൂ.ആര്‍ കോഡും സ്ഥാപിച്ചാണ് വ്യാപാരം നടത്തുന്നത്. ഇതോടെ പലരും കയ്യില്‍ കറന്‍സി രൂപത്തില്‍ പണം കൊണ്ടുനടക്കുന്നതും ഒഴിവാക്കി. യു.പി.ഐ ആപ്പുകള്‍ പണിമുടക്കിയതോടെ ഇടപാടുകാരില്‍ നിന്നും പണം വാങ്ങാനാകാതെ വ്യാപാരികള്‍ കുഴഞ്ഞു. രാജ്യത്ത് 60 കോടി ആളുകള്‍ യു.പി.ഐ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. യു.പി.ഐ ഇടപാടില്‍ ഒരു മിനിറ്റെങ്കിലും തകരാര്‍ സംഭവിക്കുന്നത് ചെറുകിട വ്യാപാരികളെയും ഇടപാടുകാരെയും സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഇടപാടുകാരില്‍ നിന്നും പണം വാങ്ങാനാകാതെ കുടുങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു. പലരും യു.പി.ഐ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയായതിന് ശേഷമാണ് സാധനങ്ങള്‍ നല്‍കാന്‍ തയ്യാറായത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം പണം യു.പി.ഐ വഴി പണം നല്‍കാന്‍ കഴിയാതെ കുടുങ്ങിയ സംഭവങ്ങള്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.

ചാര്‍ജ് ഈടാക്കാനുള്ള ശ്രമമാണോ?

പ്രതിവര്‍ഷം 18,500 കോടി യു.പി.ഐ ഇടപാടുകള്‍ നടക്കുന്നുണ്ടെങ്കിലും ഇതില്‍ നിന്നും വലിയ ലാഭമൊന്നും ബാങ്കുകള്‍ക്ക് ലഭിക്കാറില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ യു.പി.ഐ ഇടപാടുകള്‍ സൗജന്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനായി യു.പി.ഐ, റുപേ കാര്‍ഡ് ഇടപാടുകള്‍ സൗജന്യമാക്കിയിരുന്നു. എന്നാല്‍ വലിയ യു.പി.ഐ ഇടപാടുകള്‍ക്ക് 0.30 ശതമാനം മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) ഏര്‍പ്പെടുത്തണമെന്ന് പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതായത് നിശ്ചിത തുകക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് വ്യാപാരികള്‍ ഫീസ് നല്‍കേണ്ടി വരും. എന്നാല്‍ ഈ നിര്‍ദ്ദേശം നടപ്പിലായാലും രാജ്യത്തെ 90 ശതമാനം വ്യാപാരികളെയും ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു തീരുമാനം നടപ്പിലാക്കിയാല്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. യൂസര്‍ ഫീ ഈടാക്കിയാല്‍ യു.പി.ഐ ഇടപാടുകള്‍ നിര്‍ത്തുമെന്നാണ് 73 ശതമാനം പേര്‍ അടുത്തിടെ ഒരു സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.

ശ്രദ്ധവേണം

അതേസമയം, യു.പി.ഐ ഇടപാടുകള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതിനെ നേരിടാന്‍ ചില മുന്നൊരുക്കങ്ങള്‍ എല്ലാവരും നടത്തുന്നത് നല്ലതാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അത്യാവശ്യ ചെലവുകള്‍ക്ക് കറന്‍സി രൂപത്തിലുള്ള പണം നിര്‍ബന്ധമായും കരുതണം. ബാങ്കുകളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാവുന്നതാണ്. യു.പി.ഐ ആപ്പുകള്‍ക്ക് പകരം ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ് സേവനവും ശീലമാക്കാം. യു.പി.ഐയുമായി ലിങ്ക് ചെയ്യാത്ത വാലറ്റുകളിലും പണം സൂക്ഷിക്കാന്‍ കഴിയും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com