പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ വളര്‍ന്ന് യു.എസ് സമ്പദ്‌വ്യവസ്ഥ

പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലുള്ള വളര്‍ച്ചാ നിരക്കുമായി യു.എസ് സമ്പദ്വ്യവസ്ഥ. 2023ലെ അവസാന മൂന്ന് മാസങ്ങളില്‍ യു.എസ് സമ്പദ്‌വ്യവസ്ഥ വാര്‍ഷികാടിസ്ഥാനത്തില്‍ 3.3 ശതമാനം വേഗതയില്‍ വളര്‍ന്നു. 2023ല്‍ മൊത്തത്തില്‍ യു.എസ് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച 2.5 ശതമാനമാണ്. 2022ല്‍ ഇത് 1.9 ശതമാനമായിരുന്നു.

പണപ്പെരുപ്പവും കുറഞ്ഞതായി യു.എസ് വാണിജ്യ വകുപ്പ് പറഞ്ഞു. ജൂണ്‍ പാദത്തിലെ 4.9 ശതമാനത്തില്‍ നിന്ന് പണപ്പെരുപ്പം ഡിസംബര്‍ പാദത്തില്‍ 3.3 ശതമാനമായി കുറഞ്ഞു.

ആശങ്ക ഉയര്‍ന്നിരുന്നു

പതിറ്റാണ്ടുകളായി ഉയര്‍ന്ന പണപ്പെരുപ്പം മൂലം പലിശനിരക്ക് ഉയര്‍ത്താനുള്ള ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം യു.എസിനെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കകള്‍ 2023ന്റെ തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. നവംബറില്‍ തിരഞ്ഞെടുപ്പ് കൂടി വരുന്നതിനാല്‍ ഈ ആശങ്ക നിസാരമായി കാണാനാകുന്നതായിരുന്നില്ല.

2023 ഏപ്രിലില്‍ ബിസിനസ് ഗ്രൂപ്പായ കോണ്‍ഫറന്‍സ് ബോര്‍ഡ് പ്രസിദ്ധീകരിച്ച സാമ്പത്തിക റിപ്പോര്‍ട്ടില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് യു.എസ് മാന്ദ്യത്തിന്റെ സാധ്യത ഏകദേശം 99 ശതമാനമായി കണക്കാക്കിയിരുന്നു. എന്നാല്‍ യു.എസിന്റെ സമീപകാല വളര്‍ച്ച ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് തെളിയിച്ചു.

കോവിഡിന് പിന്നാലെയുണ്ടായ മാന്ദ്യത്തില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിനൊപ്പം പണപ്പെരുപ്പം വര്‍ധിച്ചതോടെ 2022 മാര്‍ച്ചില്‍ ഫെഡറല്‍ റിസര്‍വ് ബെഞ്ച്മാര്‍ക്ക് നിരക്ക് ഉയര്‍ത്താന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വര്‍ധന അവസാനിച്ചപ്പോള്‍ നിരക്ക് ഏകദേശം 5.4 ശതമാനം എത്തി.ഇത് 2001ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായിരുന്നു.

പണപ്പെരുപ്പം 2022 ജൂണിലെ 9.1 ശതമാനത്തില്‍ നിന്ന് 2023 ഡിസംബര്‍ എത്തിയതോടെ 3.4 ശതമാനമായി കുറഞ്ഞു. എന്നിരിന്നാലും ഇപ്പോഴും പണപ്പെരുപ്പം 2 ശതമാനമെന്ന ലക്ഷ്യത്തിന് മുകളിലാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 225,000 നിയമനങ്ങള്‍ നടന്നു. തൊഴിലില്ലായ്മ തുടര്‍ച്ചയായ 23 മാസങ്ങളില്‍ 4 ശതമാനത്തില്‍ താഴെയായി തുടരുന്നു.


Related Articles

Next Story

Videos

Share it