

വീണ്ടും രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഉയര്‍ന്ന് യു.എസ്. വാണിജ്യ മന്ത്രാലയത്തിന്റെ താല്‍ക്കാലിക കണക്കുകള്‍ അനുസരിച്ച് ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 7.65 ശതമാനം വര്‍ധിച്ച് 12,855 കോടി ഡോളറായി (10.5 ലക്ഷം കോടി രൂപ).
2021-22 ല്‍ ഇത് 11,950 കോടി ഡോളറും 2020-21ല്‍ ഇത് 8,051 കോടി ഡോളറുമായിരുന്നു. യുഎസിലേക്കുള്ള കയറ്റുമതി 2021-22ല്‍ 7,618 കോടി ഡോളറില്‍ നിന്ന് 2022-23ല്‍ 2.81 ശതമാനം ഉയര്‍ന്ന് 7,831 കോടി ഡോളറിലെത്തി. അതേസമയം ഇറക്കുമതി 16 ശതമാനം വര്‍ധിച്ച് 5,024 കോടി ഡോളറായി.
വിശ്വസനീയ വ്യാപാര പങ്കാളി
ന്യൂഡല്‍ഹിയും വാഷിംഗ്ടണും സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാല്‍ യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്ന പ്രവണത വരും വര്‍ഷങ്ങളിലും തുടരുമെന്ന് വിദഗ്ധര്‍ കരുതുന്നു. ചരക്ക് കയറ്റുമതി വര്‍ധിപ്പിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്.ഐ.ഇ.ഒ) പ്രസിഡന്റ് എ ശക്തിവേല്‍ പറഞ്ഞു.
ഇന്ത്യ ഒരു വിശ്വസനീയ വ്യാപാര പങ്കാളിയായി ഉയര്‍ന്നുവരുകയാണ്. ആഗോള സ്ഥാപനങ്ങള്‍ തങ്ങളുടെ വിതരണത്തിനായി ചൈനയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുകയാണെന്നും ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങളിലേക്ക് ബിസിനസ് വൈവിധ്യവല്‍ക്കരിക്കുന്നുവെന്നും എഫ്.ഐ.ഇ.ഒ വൈസ് പ്രസിഡന്റ് ഖാലിദ് ഖാന്‍ പറഞ്ഞു.
ചൈനയുമായുള്ള വാണിജ്യം
മുന്‍ സാമ്പത്തിക വര്‍ഷം ചൈനയുമായുള്ള ഇന്ത്യയുടെ വാണിജ്യം 2021-22 ല്‍ 11,542 കോടി ഡോളറില്‍ നിന്ന് ഏകദേശം 1.5 ശതമാനം ഇടിഞ്ഞ് 11,383 കോടി ഡോളറായി. 2022-23ല്‍ ചൈനയിലേക്കുള്ള കയറ്റുമതി ഏകദേശം 28 ശതമാനം ഇടിഞ്ഞ് 1,532 കോടി ഡോളറായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇറക്കുമതി 4.16 ശതമാനം ഉയര്‍ന്ന് 9,851 കോടി ഡോളറായി.
2013-14 മുതല്‍ 2017-18 വരെയും 2020-21 ലും ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളി ചൈനയായിരുന്നു. ചൈനയ്ക്ക് മുമ്പ് യു.എ.ഇ ആയിരുന്നു രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2022-23ല്‍ 7,616 കോടി ഡോളറുമായി യു.എ.ഇയാണ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി. സൗദി അറേബ്യ (5,272 കോടി ഡോളര്‍), സിംഗപ്പൂര്‍ (3,555 കോടി ഡോളര്‍) എന്നിവയാണ് തൊട്ടുപിന്നില്‍.
Read DhanamOnline in English
Subscribe to Dhanam Magazine