

അമേരിക്കയും ഇറാനും തമ്മില്‍ മാസങ്ങളായി നിലനിന്നിരുന്ന പശ്ചിമേഷ്യന്‍ യുദ്ധത്തിന് അറുതികുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചരിത്രപരമായ സമാധാന കരാര്‍ ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും 'ഇസ്ലാമാബാദ് ധാരണാപത്രം' (Islamabad Memorandum of Understanding) എന്ന് പേരിട്ടിരിക്കുന്ന 14 ഇന സമാധാന നിര്‍ദ്ദേശങ്ങളില്‍ ഒപ്പുവെച്ചു.
ഫ്രാന്‍സിലെ വേഴ്‌സായ് കൊട്ടാരത്തില്‍ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള ഡിന്നര്‍ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് കരാര്‍ രേഖകളില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ ഉടനടി അവസാനിപ്പിക്കാനും ആഗോള ഊര്‍ജ്ജ വിപണിയുടെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) അടിയന്തരമായി തുറന്നുകൊടുക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. പാകിസ്താനും ഖത്തറും നടത്തിയ തീവ്രമായ മധ്യസ്ഥശ്രമങ്ങളാണ് യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്.
കരാര്‍ ഒപ്പുവെച്ചതോടെ എല്ലാ മുന്നണികളിലെയും സൈനിക നീക്കങ്ങള്‍ ഉടനടി അവസാനിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു. ഹിസ്ബുള്ളയുമായുള്ള പോരാട്ടം ശക്തമായിരുന്ന ലബനനിലെ സൈനിക നടപടികള്‍ നിര്‍ത്തലാക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധത്തെ തുടര്‍ന്ന് ഇറാന്‍ അടച്ചുപൂട്ടിയ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം ആദ്യത്തെ 60 ദിവസത്തേക്ക് പൂര്‍ണമായും സൗജന്യമായി പുനഃസ്ഥാപിക്കും. ആഗോള ക്രൂഡ് ഓയില്‍ വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന പാതയാണിത്. ഇതിന് പകരമായി ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം 30 ദിവസത്തിനകം പൂര്‍ണമായും പിന്‍വലിക്കും.
ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന മുന്‍ നിലപാട് ഇറാന്‍ കരാറില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഇറാന്‍ മണ്ണിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (IAEA) മേല്‍നോട്ടത്തില്‍ ലഘൂകരിക്കാനും ധാരണയായി. ഇതിന് പകരമായി ഇറാന്റെ എണ്ണ കയറ്റുമതിക്കും അനുബന്ധ ബാങ്കിംഗ് സേവനങ്ങള്‍ക്കും യുഎസ് ട്രഷറി താല്‍ക്കാലിക ഇളവുകള്‍ അനുവദിക്കും. വരും ദിവസങ്ങളില്‍ സ്തംഭിച്ചു കിടക്കുന്ന 24 ബില്യണ്‍ ഡോളറിന്റെ ഇറാനിയന്‍ ആസ്തികള്‍ ഭാഗികമായി വിട്ടുനല്‍കാനും സാധ്യതയുണ്ട്.
അടുത്ത 60 ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തി അന്തിമ കരാറിലേക്ക് എത്തും. എന്നാല്‍ ഇറാന്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ശക്തമായ ആക്രമണങ്ങളിലേക്ക് തിരിച്ചുപോകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്ക-ഇറാന്‍ സമാധാന കരാര്‍ ആഗോള ഇന്ധന വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കും. യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വന്‍ വര്‍ധന ഇതോടെ നിയന്ത്രണവിധേയമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ വില കുറയുന്നത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. ഇന്ധനവില നിയന്ത്രണത്തിലാകുന്നത് വരും ദിവസങ്ങളില്‍ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുറയ്ക്കാന്‍ സഹായിച്ചേക്കും.
1. അമേരിക്കയും ഇറാനും അവരുടെ സഖ്യകക്ഷികളും തമ്മില്‍ നിലവിലുള്ള യുദ്ധം എല്ലാ മുന്നണികളിലും (ലെബനന്‍ ഉള്‍പ്പെടെ) ഉടനടി ശാശ്വതമായി അവസാനിപ്പിക്കും. ഇനി മുതല്‍ പരസ്പരം ശത്രുതാപരമായ യാതൊരു നടപടിയും ഉണ്ടാകില്ല.
2. ഇരു രാജ്യങ്ങളും പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുമെന്നും, പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും ഉറപ്പുനല്‍കുന്നു.
3. ഈ താല്‍ക്കാലിക ധാരണ ഒപ്പുവെച്ചതിന് ശേഷം, അടുത്ത 60 ദിവസത്തിനുള്ളില്‍ ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തി ഒരു അന്തിമ സമാധാന കരാറിലേക്ക് എത്തും. പരസ്പര സമ്മതത്തോടെ ഈ കാലാവധി നീട്ടാവുന്നതാണ്.
4. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ഉടനടി പിന്‍വലിക്കും. ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗത തടസങ്ങള്‍ മാറ്റി 30 ദിവസത്തിനകം പൂര്‍ണ്ണ ശേഷിയിലാക്കും.
5. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് ഒമാന്‍ കടലിലേക്കുള്ള ചരക്കുകപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം 30 ദിവസത്തിനകം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ നടപടിയെടുക്കും. കടലിലെ മൈനുകള്‍ നീക്കം ചെയ്യാനും അടുത്ത 60 ദിവസത്തേക്ക് കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാതിരിക്കാനും ഇറാന്‍ സമ്മതിച്ചിട്ടുണ്ട്.
6. യുഎസും ഗള്‍ഫ് മേഖലയിലെ മറ്റ് പങ്കാളികളും ചേര്‍ന്ന് ഇറാന്റെ സാമ്പത്തിക വികസനത്തിനും പുനര്‍നിര്‍മാണത്തിനുമായി കുറഞ്ഞത് 300 ബില്യണ്‍ ഡോളറിന്റെ ധനസഹായം ഉള്‍പ്പെടുന്ന ഒരു സമഗ്ര പദ്ധതി തയ്യാറാക്കും.
7. മേഖലയിലെ സമാധാനം നിലനിര്‍ത്തുന്നതിനായി ലെബനനിലെ ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള പ്രാദേശിക സഖ്യകക്ഷികളെയും സായുധ ഗ്രൂപ്പുകളെയും ഇറാന്‍ നിയന്ത്രിക്കും.
8. ലെബനനിലെ സൈനിക നീക്കങ്ങളില്‍ നിന്ന് ഇസ്രായേലിനെ വിലക്കുന്നതിനും ലബനന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനും യുഎസ് മധ്യസ്ഥത വഹിക്കും.
9. ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയോ കൈവശം വെക്കുകയോ ഇല്ലെന്ന് ഇറാന്‍ വീണ്ടും സാക്ഷ്യപ്പെടുത്തുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കുന്ന കാര്യത്തില്‍ അന്തിമ ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകും.
10. കരാര്‍ ഒപ്പുവെച്ച ഉടന്‍ തന്നെ ഇറാന്റെ ക്രൂഡ് ഓയില്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനായി യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക ഇളവുകള്‍ അനുവദിക്കും.
11. സമാധാന ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തി, അമേരിക്കയും മറ്റ് വിദേശ ബാങ്കുകളും മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ മുഴുവന്‍ ഫണ്ടുകളും (ഏകദേശം 24-25 ബില്യണ്‍ ഡോളര്‍) ഇറാന്‍ സെന്‍ട്രല്‍ ബാങ്കിന് ഉപയോഗിക്കാനായി പൂര്‍ണ്ണമായും വിട്ടുനല്‍കും.
12. ഇരു രാജ്യങ്ങളുടെയും കസ്റ്റഡിയിലുള്ള രാഷ്ട്രീയ തടവുകാരെയും പരസ്പരം കൈമാറുന്നതിനുള്ള നടപടികള്‍ ഈ 60 ദിവസത്തെ ചര്‍ച്ചകള്‍ക്കിടയില്‍ ആരംഭിക്കും.
13. അന്തിമ കരാറിലേക്ക് എത്തുന്നതോടെ ഇറാനെതിരെ നിലനില്‍ക്കുന്ന എല്ലാ അന്താരാഷ്ട്ര സാമ്പത്തിക-വ്യാപാര ഉപരോധങ്ങളും ഘട്ടഘട്ടമായി പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ യുഎസ് മുന്‍കൈ എടുക്കും.
14. 60 ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം രൂപീകരിക്കുന്ന അന്തിമ സമാധാന കരാര്‍ ഔദ്യോഗികമായി നടപ്പിലാക്കുന്നതിനും അന്താരാഷ്ട്ര ഗ്യാരന്റി ഉറപ്പാക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine