'തീരുവ പഠിപ്പിച്ചത് വലിയൊരു പാഠം, എതിരാളികളുമായി മത്സരിക്കാനുള്ള വഴിയൊരുങ്ങും; സമുദ്രോത്പന്ന കയറ്റുമതിയില്‍ പുതിയ കുതിപ്പിന് അവസരം'

ഇന്ത്യയുടെ സമുദ്രോത്പന്ന രംഗത്തിന് വലിയ ഉത്തേജനം നല്കുന്നതാണ് യുഎസ് തീരുവയില്‍ പ്രഖ്യാപിക്കപ്പെട്ട ഇളവെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ (SEAI) സിഇഒ ഡോ. കെ.എന്‍ രാഘവന്‍
'തീരുവ പഠിപ്പിച്ചത് വലിയൊരു പാഠം, എതിരാളികളുമായി മത്സരിക്കാനുള്ള വഴിയൊരുങ്ങും; സമുദ്രോത്പന്ന കയറ്റുമതിയില്‍ പുതിയ കുതിപ്പിന് അവസരം'
Published on

എല്ലാ മുട്ടയും ഒരു കുട്ടയില്‍ ഇടരുതെന്ന് പണ്ടുള്ളവര്‍ പറയുമായിരുന്നു. തീരുവ വന്നപ്പോള്‍ സമുദ്രോത്പന്ന കയറ്റുമതി രംഗത്ത് ഈയൊരു ചൊല്ല് എത്രത്തോളം പ്രസക്തമായിരുന്നുവെന്ന് മനസിലായെന്ന് പറയുകയാണ് സീഫുഡ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ (SEAI) സിഇഒ ഡോ. കെ.എന്‍ രാഘവന്‍.

ഇന്ത്യയുടെ സമുദ്രോത്പന്ന രംഗത്തിന് വലിയ ഉത്തേജനം നല്കുന്നതാണ് യുഎസ് തീരുവയില്‍ പ്രഖ്യാപിക്കപ്പെട്ട ഇളവ്. അതേസമയം, യുഎസ് എന്ന മാര്‍ക്കറ്റിനെ മാത്രം ആശ്രയിച്ചു നീങ്ങിയിരുന്ന ഇന്‍ഡസ്ട്രിക്ക് തിരിച്ചറിവുകള്‍ നല്കാനും തീരുവ വഴിയൊരുക്കിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

തീരുവ കാലത്ത് യൂറോപ്യന്‍ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തിയെങ്കിലും യുഎസ് ഇന്ത്യന്‍ സീഫുഡ് ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് വലിയ വിപണിയാണ്. ദീര്‍ഘകാലടിസ്ഥാനത്തില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഈ മേഖലയ്ക്ക് ഗുണംചെയ്യുമെന്നും ധനംഓണ്‍ലൈനിന് നല്കിയ അഭിമുഖത്തില്‍ കെ.എന്‍ രാഘവന്‍ പറയുന്നു.

? യുഎസ് തീരുവയിളവ് കേരളത്തിലെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയെ എങ്ങനെ സ്വാധീനിക്കും?

സീഫുഡിനെ സംബന്ധിച്ചിടത്തോളം പോസിറ്റീവാണ് പുതിയ പ്രഖ്യാപനം. 50 ശതമാനത്തില്‍ നിന്ന് 18 ലേക്ക് തീരുവ കുറഞ്ഞതോടെ ഈ രംഗത്ത് ഇന്ത്യ മത്സരിക്കുന്ന ഇക്വഡോര്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നിവര്‍ക്കുള്ള താരിഫും ഈ റേഞ്ചിലാണ്. താരിഫ് കാരണം ഓഗസ്റ്റ് മുതല്‍ അനുഭവപ്പെട്ടിരുന്ന വലിയ ബുദ്ധിമുട്ട് ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ മാറികിട്ടും.

യൂറോപ്പിലേക്കുള്ള കയറ്റുമതി കൂട്ടിയിട്ടുണ്ടെങ്കില്‍ പോലും യുഎസ് തന്നെയാണ് നമ്മുടെ പ്രധാന വിപണി. അവിടെയുണ്ടായിരുന്ന ബുദ്ധിമുട്ട് സീഫുഡ് എക്‌സ്‌പോര്‍ട്ടിനെ സാരമായി ബാധിക്കുമായിരുന്നു. ഓഗസ്റ്റ് മുതല്‍ കയറിപ്പോയിരുന്നത് നേരത്തെയുള്ള ഓര്‍ഡറുകളായിരുന്നു. പുതിയ കോണ്‍ട്രാക്ടുകള്‍ അവിടെ നിന്ന് എടുക്കുന്നുണ്ടായിരുന്നില്ല. അവിടുത്തെ വാങ്ങലുകാര്‍ക്കും ഇവിടെ നിന്നുള്ള കയറ്റുമതിക്കാര്‍ക്കും ഇടയില്‍ വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു.

? യുഎസിലേക്കുള്ള കയറ്റുമതി തീരുവ കാലത്ത് പൂര്‍ണമായി നിലച്ചിരുന്നോ?

കയറ്റുമതി പൂര്‍ണമായി നിലച്ചിരുന്നുവെന്ന് പറയാന്‍ സാധിക്കില്ല. നേരത്തെയുള്ള ഓര്‍ഡറുകള്‍ കയറിപ്പോയിരുന്നു. ഉയര്‍ന്ന താരിഫിലെ ചെലവുകള്‍ യുഎസിലുള്ള വാങ്ങലുകാര്‍ വഹിക്കണമെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. യുഎസിലെ വാങ്ങലുകാര്‍ താരിഫ് കാലത്ത് വാങ്ങലുകളുടെ വേഗത കുറച്ചു. യുഎസിലെത്തുന്ന ചരക്ക് ആവശ്യത്തിന് മാത്രം വാങ്ങുകയെന്ന നിലയിലേക്ക് അവര്‍ മാറി. ഇപ്പോള്‍ യുഎസിലെത്തിച്ച, അവിടെ കെട്ടിക്കിടക്കുന്ന ലോഡുകള്‍ 18 ശതമാനം താരിഫില്‍ വാങ്ങാന്‍ അവിടുത്തെ വാങ്ങലുകാര്‍ക്ക് സാധിക്കും.

? യൂറോപ്പിലടക്കം ഡിമാന്‍ഡ് പെട്ടെന്ന് വര്‍ധിക്കുമ്പോള്‍ ആവശ്യത്തിന് സാധനങ്ങള്‍ കിട്ടാതെ വരുമോ

യൂറോപ്പ് നേരത്തെ തന്നെ ഉണ്ടായിരുന്ന വിപണിയാണ്. താരിഫ് സമയത്ത് ഇതുകൂടുതല്‍ സജീവമാക്കുകയാണ് ചെയ്തത്. എന്നിരുന്നാല്‍ തന്നെയും യുഎസിലേക്കുള്ള കയറ്റുമതി പഴയപടിയാകുന്നതോടെ ഡിമാന്‍ഡ് കൂടും. അതൊരു നല്ല കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഡിമാന്‍ഡ് കൂടുമ്പോള്‍ കൂടുതല്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ പേര്‍ക്ക് ജോലി കിട്ടും. നമ്മളെ സംബന്ധിച്ച് തീരുവ പുതിയൊരു പാഠമാണ്. യുഎസിനെ മാത്രം ആശ്രയിച്ച് ബിസിനസ് ചെയ്തതിന്റെ വിഷമതകള്‍ തിരിച്ചറിയാനായി.

? താരിഫ് പ്രശ്‌നം മൂലം ഈ മേഖലയില്‍ ഉണ്ടായ തിരിച്ചടികള്‍ എന്തൊക്കെയായിരുന്നു

തീരുവ സമയത്ത് ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ വരാതെ പരമാവധി നോക്കി. നമ്മള്‍ അംഗങ്ങളോടെല്ലാം പറഞ്ഞിരുന്നു, പിരിച്ചുവിടല്‍ ഉണ്ടാകരുതെന്ന്. കഴിയുന്നത്ര പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു. ചിലയിടത്ത് ചില ഷിഫ്റ്റുകളെല്ലാം ഒഴിവാക്കിയിരുന്നു. അതില്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടായില്ല.

ഫാമുകളില്‍ വില കുറയാതെ ആ സമയത്ത് ശ്രദ്ധിച്ചിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ വലിയതോതില്‍ ഇന്‍ഡസ്ട്രിയെ ബാധിച്ചിരുന്നു. അങ്ങനെയൊരു ഇംപാക്ട് വന്നിരുന്നെങ്കില്‍ സ്ത്രീകളടക്കം തൊഴിലാളികളെ വലിയതോതില്‍ ബാധിച്ചിരുന്നേനെ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com