വാക്‌സിനേഷന്‍: ഓണ്‍ലൈനില്‍ പേര് ചേര്‍ക്കാന്‍ തടസ്സമേറെ, ബുധനാഴ്ച മുതല്‍ സ്ഥിതിയെന്താവും?

കോവിഡ് വാക്‌സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാകാതെ ആയിരങ്ങള്‍ വലയുന്നു. ദിവസങ്ങളായി പലവട്ടം ശ്രമിച്ചിട്ടും ഒട്ടേറെ പേര്‍ക്ക് ഇപ്പോഴും വാക്‌സിനേഷനായുള്ള സെന്ററും സമയവും ഷെഡ്യൂള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഒന്നാം ഡോസ് വാക്‌സിനേഷന് ഇതുവരെ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാത്ത 60 വയസിന് മുകളിലുള്ളവര്‍ ഏറെയാണ്.

ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് രണ്ടാം ഡോസിനുള്ള രജിസ്‌ട്രേഷന് ഒടിപി പലര്‍ക്കും ലഭിക്കുന്നില്ല. കോവിന്‍ വെബ്‌സൈറ്റില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് ഇപ്പോള്‍ എത്താന്‍ പാടുള്ളൂ. ഇക്കാരണങ്ങള്‍ കൊണ്ട് സാങ്കേതികമായി വലിയ അറിവില്ലാത്തവര്‍ ഏറെ ബുദ്ധിമുട്ടിലുമാണ്.

അപ്പോയ്ന്‍മെന്റ് ലഭിച്ച് വാക്‌സിന്‍ കേന്ദ്രത്തിലെത്തിയാല്‍ അവിടെയുള്ള പട്ടികയില്‍ പേരില്ലെങ്കില്‍ വാക്‌സിനെടുക്കാനും സാധിക്കില്ല.
28 മുതല്‍ തിരക്കേറും
18 വയസ്സ് പൂര്‍ത്തിയായവര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ 28ന് ആരംഭിക്കാനിരിക്കെ, സാങ്കേതിക പ്രശ്‌നങ്ങള്‍ തുടരുന്നത് നിലവില്‍ വാക്‌സിനെടുക്കാന്‍ അര്‍ഹതയുള്ളവരെ ആശങ്കയിലാക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. ഈ മാസം അവസാനത്തോടെ സ്വകാര്യ ആശുപത്രികള്‍ക്ക് 150 രൂപയ്ക്ക് നല്‍കുന്ന വാക്‌സിന്റെ വിതരണം കേന്ദ്രം നിര്‍ത്തിവെയ്ക്കും. ബാക്കിയുള്ള സ്റ്റോക്കെടുത്ത് കേന്ദ്രത്തെ അറിയിക്കണം.

സ്വകാര്യ വാക്‌സിന്‍ കേന്ദ്രങ്ങള്‍ക്ക് കര്‍ശന മാനദണ്ഡങ്ങളാണ് കേന്ദ്രം ഏര്‍പ്പെടുത്തുന്നത്. മുഴുവന്‍ സ്വകാര്യ വിതരണ കേന്ദ്രങ്ങളും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

ഇപ്പോള്‍ തന്നെ സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. 28 മുതല്‍ 18 വയസ് മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ പേര് രജിസ്‌ട്രേഷന് കോവിന്‍ പോട്ടലിനെയും ആരോഗ്യസേതുവിനെയും ആശ്രയിക്കുമ്പോള്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.

പല കോര്‍പ്പറേറ്റുകളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കും. അതുകൊണ്ട് തന്നെ ചെറുപ്പക്കാര്‍ എത്രയും വേഗം വാക്‌സിനെടുക്കാന്‍ തിരക്കുകൂട്ടും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലെ അറിയിപ്പ് പ്രകാരം 18-45 വയസിനിടക്കുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ വാക്‌സിനില്ല. പകരം സംസ്ഥാന സര്‍ക്കാരുകളോ സ്വകാര്യ ആശുപത്രികളോ വാങ്ങുന്ന വാക്‌സിനാണ് ഇവര്‍ക്ക് എടുക്കാന്‍ പറ്റുക. പല കമ്പനികളും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഇടയുള്ളതിനാല്‍, വില നോക്കാതെ ചെറുപ്പക്കാര്‍ വാക്‌സിനെടുക്കാന്‍ തിരക്ക് കൂട്ടുമ്പോള്‍ സൗജന്യ വാക്‌സിനായി രജിസ്‌ട്രേഷന്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കാനാവാതെ ആയിരങ്ങള്‍ വലയാന്‍ തന്നെയാണിട.


Related Articles
Next Story
Videos
Share it