വാക്‌സിന്‍ രജിസ്‌ട്രേഷന്‍: ദുരിതം തുടരുന്നു, മെയ് ഒന്നുമുതല്‍ എന്ത് സംഭവിക്കും?

കോവിന്‍ പോര്‍ട്ടലിലൂടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പൊതുജനത്തെ വലയ്ക്കുന്നു. ആദ്യഡോസ് എടുത്ത ആയിരക്കണക്കിനാളുകള്‍ക്ക് രണ്ടാം ഡോസിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാം ഡോസിനുള്ള സമയപരിധി കഴിഞ്ഞിട്ടും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുന്നില്ല. വാക്‌സിന്‍ ലഭ്യത കുറവ് കൊണ്ടാണ് സ്ലോട്ട് ലഭിക്കാത്തതെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നുണ്ട്.

തൊട്ടടുത്ത ദിവസത്തെ വാക്‌സിന്‍ ലഭ്യത മാത്രം കണക്കിലെടുത്താണ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ ടോക്കന്‍ ഇപ്പോള്‍ നല്‍കുന്നത്. അടുത്ത കുറേ ദിവസത്തേക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള ടോക്കന്‍ ഇപ്പോള്‍ നല്‍കുന്നില്ല. മതിയായ വാക്‌സിന്‍ ലഭിക്കാത്തതുകൊണ്ടാണിത്.

ഓരോ കേന്ദ്രത്തിലെയും സ്ലോട്ടുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതും വെവ്വേറെ സമയത്താണ്. വാക്‌സിന്‍ കേന്ദ്രത്തിലെ ചിലര്‍ സ്ലോട്ടുകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന വിവരം പരിചയക്കാരെ അറിയിക്കുന്നുവെന്നും ആരോപണമുണ്ട്. ഈ സമയം പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് മാത്രമേ സ്ലോട്ട് ലഭിക്കുന്നുള്ളൂ. 10-20 മിനിട്ടുകള്‍ കൊണ്ട് ബുക്കിംഗ് അവസാനിക്കുകയും ചെയ്യും.

പിന്‍കോഡ് നല്‍കി കേന്ദ്രം പരിശോധിക്കുന്നതിന് പകരം Search by district നല്‍കിയാല്‍ ആ ജില്ലയിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ സ്ലോട്ട് ഉണ്ടോയെന്നറിയാം. ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പറ്റിയ പലരും ഈ വിധത്തിലാണ് ചെയ്തിരിക്കുന്നത്.
മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ കിട്ടുമോ?
നിലവില്‍ കേരളം 50 ലക്ഷം ഡോസ് ഒറ്റയടിക്ക് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും ലഭിക്കുന്നത് മൂന്നരലക്ഷം ഡോസ് ഒക്കെയാണ്. ഇന്ന് വൈകീട്ട് നാലുമണിമുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

മെയ് ഒന്നുമുതലാണ് ഇവരുടെ വാക്‌സിനേഷന്‍ ആരംഭിക്കുക. അപ്പോള്‍ ആവശ്യമായത്ര വാക്‌സിന്‍ ലഭ്യമാക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമാണെന്ന് രാജ്യത്തെ വാക്‌സിന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റിയൂട്ടും ഭാരത് ബയോടെക്കും സൂചിപ്പിച്ചിട്ടുണ്ട്.

ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ച 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് മുഴുവനായി നല്‍കാന്‍ സാധിച്ചിട്ടില്ല. 45 വയസായവരില്‍ ഭൂരിഭാഗവും ആദ്യഡോസ് പോലും ഇപ്പോഴും സ്വീകരിച്ചിട്ടില്ല. ഇനി 18 വയസ്സിന് മുകളിലുള്ളവര്‍ കൂടി വാക്‌സിനെടുക്കാന്‍ തിക്കിതിരക്കുമ്പോള്‍ മതിയായ ലഭ്യത ഇല്ലെങ്കില്‍ വാക്‌സിനേഷന്‍ നടപടികള്‍ താളം തെറ്റും.

വാക്‌സിന്‍ നിര്‍മാതാക്കളുമായി ചില സംസ്ഥാനങ്ങള്‍ നേരിട്ട് സംസാരിച്ചപ്പോള്‍ ജൂലൈ മാസത്തോടെ ലഭ്യമാക്കാമെന്നാണ് അറിയച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മെയ് മൂന്നാം വാരത്തോടെ മാത്രമേ സീറം ഇന്‍സ്റ്റിറ്റിയൂട്ടും ഭാരത് ബയോടെക്കും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വിതരണം ചെയ്തു തുടങ്ങൂവെന്ന സൂചനകളും ദേശീയ മാധ്യമങ്ങളിലെ റിപ്പോള്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്.


Related Articles
Next Story
Videos
Share it