ഇന്ത്യക്ക് മുന്നിലുള്ളത് വന്‍ അവസരങ്ങളെന്ന് നിക്ഷേപ സാമ്രാട്ട് വാറന്‍ ബഫറ്റ്

ഇന്ത്യക്ക് മുന്നിലുള്ളത് വന്‍ അവസരങ്ങളെന്ന് ബെര്‍ക്‌ഷെയര്‍ ഹാത്ത്‌വേയുടെ സഹസ്ഥാപകനും ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശതകോടീശ്വരന്‍ വാറന്‍ ബഫറ്റ്. ഭാവിയില്‍ ഈ അവസരങ്ങള്‍ ബെര്‍ക്‌ഷെയര്‍ ഹാത്ത്‌വേ ഉപയോഗിച്ചേക്കുമെന്ന് ബെര്‍ക്‌ഷെയറിന്റെ വാര്‍ഷിക മീറ്റിംഗില്‍ വാറന്‍ ബഫറ്റ് പറഞ്ഞു.

ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപം നടത്തുന്ന യു.എസ് ആസ്ഥാനമായ ഹെഡ്ജ് ഫണ്ടായ ദൂരദര്‍ശി അഡ്വൈസേഴ്സിന്റെ മേധാവി രാജീവ് അഗര്‍വാള്‍ ഇന്ത്യയില്‍ ബെര്‍ക്‌ഷെയര്‍ പര്യവേക്ഷണം നടത്താനുള്ള സാധ്യതയെക്കുറിച്ച് വാറന്‍ ബഫറ്റിനോട് ചേദിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ബെര്‍ക്‌ഷെയറിന് ലോകമെമ്പാടും വലിയ പ്രശസ്തി ഉണ്ടെന്നും ശ്രദ്ധിക്കപ്പെടാത്ത അവസരങ്ങള്‍ പിന്തുടരുന്നതില്‍ ബെര്‍ക്‌ഷെയറിന് എന്തെങ്കിലും നേട്ടമുണ്ടോ എന്നതാണ് കാര്യമെന്നും ബഫറ്റ് പറഞ്ഞു. ബെര്‍ക്‌ഷെയറിന്റെ വാര്‍ഷിക മീറ്റിംഗില്‍ മറ്റ് പ്രാധാന തിരുമാനങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ആപ്പിളിലെ ഓഹരികള്‍ കുറയ്ക്കുക എന്നത് പ്രധാന വിഷയങ്ങളിലൊന്നായിരുന്നു.

വളരുന്ന ഇന്ത്യയിലേക്ക്

2023-24 സാമ്പത്തിക വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.4 ശതമാനം വളര്‍ച്ച നേടി. 2024ല്‍ ഇന്ത്യ പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി തുടരുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പറയുന്നു. ഐ.എം.എഫിന്റെ 2024ലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.8 ശതമാനമായി ഉയര്‍ത്തി. ലോകത്ത് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഈ ഇന്ത്യന്‍ വിപണിയെയാണ് ബെര്‍ക്‌ഷെയര്‍ ഹാത്ത്‌വേ ഉറ്റുനോക്കുന്നത്.

ഇന്‍ഷുറന്‍സ്, റീഇന്‍ഷുറന്‍സ്, ചരക്ക് റെയില്‍ ഗതാഗതം, യൂട്ടിലിറ്റി, എനര്‍ജി ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് ബെര്‍ക്‌ഷെയര്‍ ഹാത്ത്‌വേ. പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ്, കാഷ്വാലിറ്റി ഇന്‍ഷുറന്‍സ്, റീഇന്‍ഷുറന്‍സ്, ലൈഫ്, ഹെല്‍ത്ത്, ആക്‌സിഡന്റ് റീഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

യു.എസിന്റെ മിഡ് വെസ്റ്റ്, സൗത്ത് വെസ്റ്റേണ്‍, വെസ്റ്റേണ്‍, പസഫിക് നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്‌റ്റേണ്‍ തുറമുഖങ്ങളിലും സേവനം നല്‍കുന്ന കമ്പനി വടക്കേ അമേരിക്കയില്‍ റെയില്‍, റോഡ് സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. നിര്‍മ്മാണം, സേവനം, റീറ്റെയ്ലിംഗ്, ഫിനാന്‍സ്, ഫിനാന്‍ഷ്യല്‍ ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും ബെര്‍ക്‌ഷെയര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യു.എസിലെ നെബ്രാസ്‌കയിലെ ഒമഹയിലാണ് ബെര്‍ക്‌ഷെയറിന്റെ ആസ്ഥാനം.

Related Articles

Next Story

Videos

Share it