കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 41,000 രൂപ? എട്ടാം ശമ്പള കമ്മീഷന്‍ പ്രതീക്ഷകള്‍ വാനോളം, കടമ്പകള്‍ ഏറെ

കഴിഞ്ഞ ദിവസമാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്
cash
Image by Canva
Published on

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനുള്ള എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാന്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 50 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

എട്ടാം ശമ്പള കമ്മീഷന്റെ ശിപാര്‍ശകള്‍ 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഏഴാം ശമ്പള കമ്മീഷന്റെ ശിപാര്‍ശ 2025 ഡിസംബര്‍ 31ന് അവസാനിക്കും. പേ കമ്മീഷന് അനുമതി ലഭിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനയുടെ ശതമാനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. പേ കമ്മീഷനെ നിയമിക്കാനുള്ള പ്രഖ്യാപനം മാത്രമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇനിയും കടമ്പകള്‍ പലതു പിന്നിടാനുണ്ട്. കമ്മീഷന്‍ അംഗങ്ങളെ നിശ്ചയിച്ചിട്ടുതന്നെയില്ല. അതിനിടയില്‍ മുന്‍കാലത്തെ ഫിറ്റ്‌മെന്റ് ഫാക്ടര്‍ കണക്കാക്കിയാണ് ഇപ്പോള്‍ അടിസ്ഥാന ശമ്പളത്തെചൊല്ലിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതിലേക്ക് കടക്കും മുമ്പ് ഏഴാം ശമ്പള കമ്മീഷനില്‍ മുമ്പ് വന്ന പ്രധാന മാറ്റങ്ങള്‍ നോക്കാം.

ഏഴാം ശമ്പള കമ്മീഷന്റെ ശിപാര്‍ശകള്‍

2016 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഏഴാം ശമ്പള കമ്മീഷന്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57 ആയി നിശ്ചയിച്ചു, അതായത് എല്ലാ തലത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം 2.57 മടങ്ങ് വര്‍ദ്ധിപ്പിച്ചു. അടിസ്ഥാന ശമ്പളം 7,000 രൂപയായിരുന്നത് 18,000 ആക്കാനും ശിപാര്‍ശ ചെയ്തു. അതേപോലെ മിനിമം പെന്‍ഷന്‍ 3,500 രൂപയില്‍ നിന്ന് 9,000 രൂപയായും ഉയര്‍ത്തി.

എട്ടാം ശമ്പള കമ്മീഷനില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ സൂചനകളായിട്ടില്ല. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഫിറ്റ്മെന്റ് ഫാക്ടര്‍ 2.28 മുതല്‍ 2.86 വരെയാക്കിയേക്കാമെന്നാണ്. അങ്ങനെയാണെങ്കില്‍, ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം നിലവിലെ 18,000-ല്‍ നിന്ന് 41,000-നും 51,480-നും ഇടയിലാകും. ഇരട്ടിയലധികം വര്‍ധനയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ കാത്തിരിക്കുന്നതെന്നാണ് ഇപ്പോൾ  ചർച്ചകൾ. 

2025 ലെ കേന്ദ്ര ബജറ്റിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പേ കമ്മീഷന്‍ അനുമതി വന്നിരിക്കുന്നത്, നിലവിലെ പണപ്പെരുപ്പ നിരക്കുകള്‍ക്കനുസരിച്ച് ശമ്പളം ക്രമീകരിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com