ഡോളറിന്റെ മൂല്യം 100 രൂപ കടക്കുമോ? ഇന്ത്യന്‍ കറന്‍സി സര്‍വകാല തകര്‍ച്ചയില്‍

ഇപ്പോള്‍ രൂപ 95 മുതല്‍ 96 രൂപ നിരക്കിനിടയില്‍ വ്യാപാരം നടത്തുമ്പോള്‍, അടുത്ത മാസങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകാമെന്നാണു വിലയിരുത്തല്‍
ഡോളറിന്റെ മൂല്യം 100 രൂപ കടക്കുമോ? ഇന്ത്യന്‍ കറന്‍സി സര്‍വകാല തകര്‍ച്ചയില്‍
Published on

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള പുതിയ ആശങ്കയായി മാറുകയാണ് രൂപയുടെ തകര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിയില്‍ എത്തിയിരിക്കേ, പുതിയൊരു ചര്‍ച്ച ഉയര്‍ന്നിരിക്കുന്നു. ഒരു ഡോളറിന് 100 രൂപയാകുമോ?

ഇപ്പോള്‍ രൂപ 95 മുതല്‍ 96 രൂപ നിരക്കിനിടയില്‍ വ്യാപാരം നടത്തുമ്പോള്‍, അടുത്ത മാസങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകാമെന്നാണു വിലയിരുത്തല്‍. പ്രധാന കാരണം - ഉയര്‍ന്ന ക്രൂഡോയില്‍ വില, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ആഗോള അനിശ്ചിതത്വം എന്നിവയാണ്.

രൂപ ദുര്‍ബലമാകുന്നത് ഇന്ത്യ പോലുള്ള ഇറക്കുമതി അധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ്. പ്രത്യേകിച്ച് ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. അതിനാല്‍ രൂപയുടെ മൂല്യം കുറയുമ്പോള്‍ ക്രൂഡോയില്‍ ഇറക്കുമതി ചെലവ് കൂടും. അതിന്റെ നേരിട്ടുള്ള ഇംപാക്ട് പെട്രോള്‍, ഡീസല്‍ വില വര്‍ധന, ഗതാഗത ചെലവ് ഉയരല്‍, ഭക്ഷ്യവില വര്‍ധന, പൊതുവിലക്കയറ്റം തുടങ്ങിയ രൂപത്തില്‍ വരും. വിദേശ വിദ്യാഭ്യാസം, വിദേശ യാത്ര, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിദേശ സേവനങ്ങള്‍ - എല്ലാം കൂടുതല്‍ ചെലവേറിയതായി മാറും.

ചില കമ്പനികള്‍ക്ക് നേട്ടം

എന്നാല്‍ രൂപയുടെ തകര്‍ച്ച എല്ലാ മേഖലകള്‍ക്കും മോശമല്ല. ചില കമ്പനികള്‍ക്ക് ഇത് വലിയ അവസരമാകാനും സാധ്യതയുണ്ട്. പ്രധാനമായും കയറ്റുമതി ആശ്രിത മേഖലകള്‍ക്ക് രൂപ ദുര്‍ബലമാകുന്നത് ഗുണകരമാകും. ഐടി കമ്പനികള്‍, ഫാര്‍മ കമ്പനികള്‍, ടെക്‌സ്‌റ്റൈല്‍ കയറ്റുമതിക്കാര്‍ - ഇവര്‍ക്ക് ഡോളറില്‍ ലഭിക്കുന്ന വരുമാനം രൂപയിലേക്ക് മാറ്റുമ്പോള്‍ കൂടുതല്‍ നേട്ടമാകും.

ഉദാഹരണത്തിന്, ഒരു ഐടി കമ്പനി 1 മില്യണ്‍ ഡോളര്‍ വരുമാനം നേടുകയാണെങ്കില്‍, രൂപയുടെ മൂല്യം കുറഞ്ഞാല്‍ അതേ ഡോളര്‍ വരുമാനം കൂടുതല്‍ രൂപയായി മാറും. അതിനാല്‍ ഇന്‍ഫോസിസ്, ടി.സി.എസ് പോലുള്ള കയറ്റുമതി അധിഷ്ഠിത കമ്പനികള്‍ക്ക് താല്‍ക്കാലികമായി നേട്ടമുണ്ടാകാമെന്നാണ് വിപണി വിലയിരുത്തല്‍.

പക്ഷേ ഓഹരി വിപണിക്ക് മുഴുവന്‍ ചിത്രം അത്ര പോസിറ്റീവല്ല. രൂപയുടെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സാധ്യത കൂടും. കാരണം ഡോളറില്‍ തിരിച്ചെടുക്കുമ്പോള്‍ അവരുടെ ലാഭം കുറയാം. ഇതിനകം തന്നെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപ പിന്‍വലിച്ചു. ഇത് സെന്‍സെക്‌സ്, നിഫ്റ്റി എന്നിവയില്‍ കൂടുതല്‍ ചാഞ്ചാട്ടത്തിന് കാരണമാകാം. ബാങ്കിംഗ്, ഓട്ടോമൊബൈല്‍, ഏവിയേഷന്‍, എണ്ണ വിപണിയോട് ബന്ധമുള്ള കമ്പനികള്‍ - ഇവയ്ക്ക് ചെലവ് വര്‍ധനയുടെ ആഘാതം നേരിടേണ്ടി വരും.

100 കടന്നാല്‍ അത്ഭുതപ്പെടേണ്ട

അപ്പോള്‍ ചോദ്യം - ഒരു ഡോളര്‍ കിട്ടാന്‍ 100 രൂപ കൊടുക്കേണ്ട സ്ഥിതി വരുമോ? സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്, അതിന് സാധ്യതയുണ്ടെന്നാണ്. ആഗോള എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരുകയും വിദേശ നിക്ഷേപ പിന്മാറ്റം തുടരുകയും ചെയ്താല്‍ രൂപയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകാം. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനകം തന്നെ വിപണിയില്‍ ഇടപെടുന്നുണ്ട്. ഡോളര്‍ വിറ്റഴിച്ചും വിവിധ നിയന്ത്രണ നടപടികളിലൂടെയും രൂപയുടെ ഇടിവ് നിയന്ത്രിക്കാന്‍ ശ്രമം തുടരുകയാണ്. 100 രൂപ കൊടുത്ത് ഒരു ഡോളര്‍ വാങ്ങേണ്ട സ്ഥിതി ഇനി വെറും സാമ്പത്തിക ചര്‍ച്ചയല്ല. അത് ഇന്ത്യയിലെ സാധാരണക്കാരന്റെ ചെലവുകള്‍ മുതല്‍ ഓഹരി വിപണിവരെ ബാധിക്കാവുന്ന വലിയ സാമ്പത്തിക സൂചനയായി മാറുകയാണ്. രൂപയുടെ അടുത്ത നീക്കത്തിലേക്ക് ഉറ്റുനോക്കുകയാണ് വിപണിയും നിക്ഷേപകരും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com