

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ അതികായരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 12,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത് ടെക്കി ലോകത്ത് അടക്കം തൊഴില്‍ മേഖലയില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. നിര്‍മിത ബുദ്ധി അഥവാ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയാണ് ഇത്രത്തോളം മനുഷ്യ വിഭവശേഷി വേണ്ടാതാക്കിയതെന്ന വാര്‍ത്തകള്‍ ടി.സി.എസ് നേതൃത്വം നിഷേധിച്ചിട്ടുണ്ട്. ഉദ്ദേശിച്ചത്ര നൈപുണ്യ ശേഷി ഇല്ലാത്തതു കൊണ്ടാണ് തീരുമാനമെന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. കൃതിവാസന്‍ വിശദീകരിച്ചത്. അര നൂറ്റാണ്ടിനിടയില്‍ ടി.സി.എസില്‍ ഇങ്ങനെയൊരു കൂട്ട പിരിച്ചു വിടല്‍ ഉണ്ടായിട്ടില്ല. നിയമന സമയത്ത് നൈപുണ്യ ശേഷി വലിയൊരളവില്‍ പരിശോധിക്കപ്പെടുന്നുണ്ട്. നിര്‍മിത ബുദ്ധി വലിയ തോതില്‍ ഐ.ടി രംഗത്ത് ഉപയോഗിച്ചു തുടങ്ങിയിട്ടുമുണ്ട്. ഈ സാഹചര്യങ്ങള്‍ വെച്ചു നോക്കിയാല്‍ ടെക്കികള്‍ക്കു മുന്നില്‍ എ.ഐ വില്ലനായി മാറിയിരിക്കുന്നു.
രണ്ടു ശതമാനം വരുന്ന ജീവനക്കാരെ പിരിച്ചുവിടുകയെന്നാല്‍, എ.ഐ ഉപയോഗപ്പെടുത്തിയോ അല്ലാതെയോ ഒരു സ്ഥാപനം ചെലവുകള്‍ കുറക്കുന്നു എന്നു കൂടിയാണ് അര്‍ഥം. ഉല്‍പാദനക്കുറവൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ അത് കമ്പനിയുടെ ലാഭം സ്വാഭാവികമായും വര്‍ധിപ്പിക്കും. ജീവനക്കാരുടെ സ്ഥിതി എന്തായാലും, കമ്പനിയേയും നിക്ഷേപകരെയും സംബന്ധിച്ചേടത്തോളം അത് തീര്‍ച്ചയായും ആഹ്ലാദകരമാണ്. എന്നാല്‍ ഓഹരി വിപണിയിലേക്ക് നോക്കുക. ടി.സി.എസിന്റെ ഓഹര വില രണ്ടു ശതമാനത്തോളം ഇടിയുകയാണ് ചെയ്തത്. ആ കമ്പനിയുടെ മാത്രമല്ല, സകല ഐ.ടി കമ്പനികളുടെ ഓഹരി വിലയും ഇടിവു നേരിട്ടു. സന്തോഷകരമായൊരു സംഭവ വികാസമല്ല നടക്കുന്നതെന്ന വികാരമാണ് ജീവനക്കാര്‍ക്കും കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും ഉള്ളതെന്ന് അര്‍ഥം? അപ്പോള്‍ എന്താണ് സംഭവിക്കുന്നത്?
ഗ്ലാമര്‍ ജോലിയുടെയും ബ്ലൂ ചിപ് കമ്പനിയുടെയും പ്രതിഛായ നല്‍കാന്‍ ഇത്രകാലം ഐ.ടി മേഖലക്ക് കഴിഞ്ഞെങ്കില്‍, കടുത്ത മത്‌സരവും മാറിയ ആഗോള സാഹചര്യങ്ങളും സ്ഥിതിയാകെ മാറ്റുന്നുണ്ട് എന്ന യാഥാര്‍ഥ്യമാണ് ടി.സി.എസിലെ പിരിച്ചുവിടല്‍ പുറത്തു കൊണ്ടുവരുന്നത്. ഈ ബിസിനസില്‍ ഡിമാന്റ് ഇടിഞ്ഞിരിക്കുന്നു. ഇത് എല്ലാ ഐ.ടി കമ്പനികളിലും ഒരുപോലെയാകണമെന്നില്ല. ചിലര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിയെന്നും വരാം. ഐ.ടി കമ്പനി ഓഹരികളുടെ ഇടിവ് ടി.സി.എസിലെ പിരിച്ചുവിടല്‍ പ്രഖ്യാപനത്തോടെയല്ല തുടങ്ങുന്നത്. ഈ വര്‍ഷം ഏഴാം മാസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ടി.സി.എസിന്റെ ഓഹരി വില ഇടിഞ്ഞിരിക്കുന്നത് 25 ശതമാനത്തോളമാണ്. മറ്റു പല ഐ.ടി കമ്പനികളും ഇടിവില്‍ തന്നെ.
ജീവനക്കാരുടെ എണ്ണം കുറക്കുമ്പോള്‍ ഉല്‍പാദനം കുറയുകയോ, നിര്‍മിത ബുദ്ധി വിന്യാസം കൊണ്ട് ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയുകയോ വേണം. അതല്ലെങ്കില്‍ ഏറ്റെടുത്ത ജോലികള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നില്ല. ചെലവു കുറച്ചതിനാല്‍, ഏല്‍പിക്കുന്ന ജോലിയുടെ എസ്റ്റിമേറ്റ് തുക കുറക്കാന്‍ ഇടപാടുകാര്‍ നിര്‍ബന്ധിക്കുന്ന സാഹചര്യവും ഉണ്ടാകാം. ലാഭ മാര്‍ജിന്‍ നിലനിര്‍ത്തി കൊണ്ടുപോകാനുള്ള ശ്രമവും ടി.സി.എസിന്റെ പുതിയ തീരുമാനത്തില്‍ പ്രതിഫലിക്കുന്നു എന്നര്‍ഥം.
പേരും പെരുമയും പ്രവൃത്തി ഗുണമേന്മയും ജോലി സ്ഥിരതയുമെല്ലാം ചേര്‍ന്ന് മൂല്യം പരമ്പരാഗതമായി നിലനിര്‍ത്തി കൊണ്ടുപോരാന്‍ കഴിഞ്ഞ ടി.സി.എസാണ്, മേഖലയിലെ വെല്ലുവിളികള്‍ക്കു മുന്നില്‍ തൊഴിലാളികളോടുള്ള നയവും തന്ത്രവും മാറ്റുന്നതെന്നതും ശ്രദ്ധേയം. തൊഴിലാളികളുടെ ആത്മധൈര്യം ചോര്‍ത്തുന്ന നടപടി കൂടിയായി സ്വാഭാവികമായും അത് മാറുന്നുണ്ട്. അത് കമ്പനിയുടെ മൂല്യത്തെ തന്നെ ബാധിക്കുമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഓഹരിയുടെ ലക്ഷ്യവില കമ്പോളം പുതുക്കി നിശ്ചയിക്കുകയുമാണ്.
ഘടനാപരമായ മാറ്റം സംഭവിക്കുന്ന ഐ.ടി മേഖലയില്‍ നിന്ന് നിക്ഷേപത്തിന് ഒരു കമ്പനിയെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ആഴത്തിലുള്ള പരിശോധന നിക്ഷേപകര്‍ നടത്തേണ്ടി വരും. കാരണം, പെട്ടെന്ന് വന്നു പോകുന്ന ഒരു പ്രതിസന്ധിക്കു മുന്നിലല്ല ഈ മേഖല. എ.ഐ. അടിസ്ഥാനപരമായി ഐ.ടി മേഖലയെ എങ്ങനെ ബാധിക്കുന്നുവെന്ന മുന്നറിയിപ്പ് ടെക്കികള്‍ക്ക് വീണ്ടുമൊരിക്കല്‍ക്കൂടി നല്‍കുന്നതു കൂടിയാണ് ടി.സി.എസിലെ കൂട്ട പിരിച്ചുവിടല്‍.
Read DhanamOnline in English
Subscribe to Dhanam Magazine