സെപ്തംബര്‍ 30ന് ശേഷം 2000 രൂപാ നോട്ടിന് എന്ത് സംഭവിക്കും?

നിലവില്‍ 2000 രൂപ നോട്ട് പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുകയാണ് റിസര്‍വ് ബാങ്ക് ചെയ്തിട്ടുള്ളത്. സെപ്തംബര്‍ 30നകം അവ ബാങ്കുകളില്‍ നിന്നോ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരത്തേത് അടക്കം തിരഞ്ഞെടുക്കപ്പെട്ട റീജിയണല്‍ ഓഫീസുകളില്‍ നിന്നോ മാറ്റിയെടുക്കാം. ഒരാള്‍ക്ക് ഒറ്റത്തവണ 2,000ന്റെ 10 നോട്ടുകളാണ് ഇത്തരത്തില്‍ മാറ്റിയെടുക്കാനാവുക; അതായത് 20,000 രൂപവരെ.

പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുകയാണെങ്കിലും 2,000 രൂപാ നോട്ടിന്റെ നിയമസാധുത തുടരുമെന്നും ജനങ്ങള്‍ക്ക് അവ തുടര്‍ന്നും ഉപയോഗിക്കാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കടകകളിലും മറ്റുമുള്ള വിവിധ പേയ്‌മെന്റുകള്‍ക്കടക്കം 2000 രൂപാ നോട്ട് ഇനിയും ഉപയോഗിക്കാം. സെപ്തംബര്‍ 30ന് ശേഷവും 2000 രൂപാ നോട്ട് ഉപയോഗിക്കുന്നതിന് വിലക്കുണ്ടാവില്ലെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങളെ അധികരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പക്ഷേ, നിലവില്‍ രാജ്യത്തെ മൊത്തം കറന്‍സി സര്‍ക്കുലേഷന്റെ 10.8 ശതമാനം മാത്രമേ 2000 രൂപാ നോട്ടുകളുള്ളൂ. ഇവ മാറ്റിയെടുക്കാന്‍ സെപ്തംബര്‍ 30 വരെയുള്ള സമയം ധാരാളമാണെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു. സെപ്തംബറോടെ മുന്തിയപങ്ക് 2000 രൂപാ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ.
നോട്ട് അസാധുവാക്കലും 2000 രൂപയും
2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിന്റെ ചുവടുപിടിച്ചാണ് പുതിയ 500, 2000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. നോട്ട് അസാധുവാക്കലിന് പിന്നാലെയുണ്ടായ നോട്ട് ക്ഷാമം മറികടക്കാനുള്ള കുറുക്കുവിദ്യയായിരുന്നു 2000 രൂപാ നോട്ടിന്റെ അവതരണം.
നിലവിലുള്ള 2000 രൂപാ നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്പ് അച്ചടിച്ചതാണ്. അവയുടെ ശരാശരി ആയുസ്സായ 4-5 വര്‍ഷം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ്, 'ക്ലീന്‍ നോട്ട് പോളിസി' പ്രകാരം ജനങ്ങള്‍ക്ക് സുരക്ഷിതവും നിലവാരമുള്ളതുമായ നോട്ടുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അവ പിന്‍വലിക്കുന്നത്. 2019 ഏപ്രിലിന് ശേഷം പുതിയ 2000 രൂപാ നോട്ടുകള്‍ അച്ചടിച്ചിട്ടുമില്ല. രാജ്യത്തിന് ആവശ്യമായ കറന്‍സി നോട്ടുകള്‍ മറ്റ് നിരക്കുകളില്‍ (ഡിനോമിനേഷന്‍സ്) ലഭ്യമാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.
2000 രൂപാ നോട്ട് നേരത്തേ തന്നെ എ.ടി.എമ്മുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഒട്ടുമിക്ക ബാങ്കുകളിലും ഇവ ലഭ്യമായിരുന്നില്ല. പൊതു കറന്‍സി വിനിമയത്തിലും 2000 രൂപാ നോട്ടിന് വലിയ സ്വീകാര്യതയോ ആവശ്യകതയോ ഉണ്ടായിരുന്നില്ല. അതുകൊണ്ട്, ഇപ്പോഴത്തെ പിന്‍വലിക്കല്‍ നടപടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ ചലനങ്ങളോ ഉലച്ചിലുകളോ സൃഷ്ടിക്കില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.


Related Articles

Next Story

Videos

Share it