വ്യാപാരികള്‍ക്കും ബാര്‍ ഹോട്ടലുകാര്‍ക്കും ബജറ്റില്‍ എന്തുണ്ട്?

ചരക്ക് സേവന നികുതി നടപ്പാക്കിയപ്പോള്‍ കേരളം പ്രതീക്ഷിച്ച വരുമാനം ഇതുവരെ ലഭിച്ചില്ലെന്ന മുഖവുരയോടെയാണ് ചരക്ക് സേവന നികുതി സംബന്ധമായ കാര്യങ്ങള്‍ ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വിശദീകരിച്ചത്. നികുതി സമാഹരണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചും ടെക്‌നിക്കല്‍ പിഴവുകള്‍ പരിഹരിച്ചും വരുംവര്‍ഷങ്ങളില്‍ വരുമാനം വര്‍ധിപ്പിക്കാനാവുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

$ പ്രളയസെസ് 2021 ജൂലൈ ഒന്നിന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തേക്ക് സെസ് ഏര്‍പ്പെടുത്താനാണ് ജിഎസ്ടി കൗണ്‍സില്‍ അനുവദിച്ചിരിക്കുന്നത്. അതിന്റെ കാലാവധി തീരാറായി. ഇനി ജിഎസ്ടി കൗണ്‍സില്‍ കാലാവധി ദീര്‍ഘിപ്പിച്ച് കൊടുക്കാനും സാധ്യത കുറവാണ്. അതുകൊണ്ട് പ്രളയ സെസ് പിന്‍വലിക്കുക തന്നെ വേണമായിരുന്നു. സെസ് പിന്‍വലിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും.

$ കേരളത്തിലെ ജി എസ് ടി നികുതി ദായകരില്‍ 90 ശതമാനം പേര്‍ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ കീഴിലും പത്തുശതമാനം കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കീഴിലുമാണ്. ഇതൊരു ലോട്ട് സമ്പ്രദായമാണ്. അതായത് 10 ജി എസ് ടി രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ 9 എണ്ണം സംസ്ഥാനത്തിന് കീഴിലും ഒരെണ്ണം കേന്ദ്രത്തിന് കീഴിലുമാകും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് കീഴിലുള്ള നികുതി ദായകര്‍ അപ്പീലുകള്‍ നല്‍കുമ്പോള്‍ ഒരു ശതമാനം അഡീഷണല്‍ കോര്‍ട്ട് ഫീ നല്‍കണം. കേരളത്തിലാണ് ഇത്രയും ഉയര്‍ന്ന ഫീ നിലനില്‍ക്കുന്നതെന്നും ശ്രദ്ധേയമാണ്. മറ്റിടങ്ങളില്‍ നാമമാത്രമായ നിരക്കാണ് നിലവിലുള്ളത്. അതായത് ഒരാള്‍ അഞ്ച് ലക്ഷം രൂപയുടെ പേരില്‍ അപ്പീല്‍ പോകുകയാണെങ്കില്‍ 5,000 രൂപ അഡീഷണല്‍ കോര്‍ട്ട് ഫീ നല്‍കണം. എന്നാല്‍ കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കീഴിലുള്ള നികുതി ദായകര്‍ നല്‍കുന്ന അപ്പീലുകള്‍ക്ക് അഡീഷണല്‍ കോര്‍ട്ട് ഫീ നല്‍കേണ്ടതില്ല. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ കീഴിലായതുകൊണ്ടുമാത്രം ഒരു സംരംഭകന്‍ നല്‍കേണ്ടി വരുന്ന ഈ അധിക തുക ഈ രംഗത്ത് ഒരു വിവേചനം സൃഷ്ടിക്കുന്നുണ്ട്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ അപ്പീലുകളുടെ അഡീഷണല്‍ കോര്‍ട്ട് ഫീയ്ക്ക് പരിധി നിശ്ചയിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്.

$ നികുതിദായകരെ ബോധവല്‍ക്കരിക്കുന്നതിനായി ചരക്ക് സേവന നികുതി വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് വിഭാഗം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. ഇപ്പോള്‍ ഒരു കാര്യം ചോദിച്ചാല്‍ മറുപടി കിട്ടാത്ത സാഹചര്യമുണ്ട്. അത് പരിഹരിക്കപ്പെട്ടാല്‍ ബിസിനസ് സമൂഹത്തിന് നല്ലതാണ്.

$ വാറ്റ് നികുതി കുടിശികക്കാര്‍ക്കായുള്ള സമഗ്രമായ ആംനസ്റ്റി സ്‌കീം പുതിയ വര്‍ഷത്തിലും തുടരുന്നത്, ഇതുവരെ അത് സ്വീകരിക്കാത്തവര്‍ക്ക് ഗുണകരമാകും. എന്നാല്‍ വ്യാപാരികളുടെയും വ്യവസായികളുടെയും നിരന്തര ആവശ്യമായ, ഓരോ വര്‍ഷത്തെയും കുടിശ്ശികകള്‍ പ്രത്യേകം പ്രത്യേകം അപേക്ഷ കൊടുത്ത് തീര്‍പ്പ് കല്‍പ്പിക്കാന്‍ അനുവദിക്കണമെന്നത്, ഈ ബജറ്റിലും ഡോ. തോമസ് ഐസക് പരിഗണിച്ചിട്ടില്ല. നിലവിലുള്ള ആംനസ്റ്റിയുടെ മറ്റു നിബന്ധനകള്‍ പുതിയ ആംനസ്റ്റിയിലും തുടരും. ഓപ്ഷന്‍ ആഗസ്റ്റ് 31ന് മുമ്പ് ഫയല്‍ ചെയ്യേണ്ടതാണ്.

$ ആംനസ്റ്റി സ്വീകരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നികുതി കുടിശിക അടയ്ക്കുന്നതിന് പ്രത്യേക വായ്പാ പദ്ധതി ആരംഭിക്കുമെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കേരളത്തിലെ വ്യാപാര മേഖലയിലുള്ളവര്‍ക്ക് കൂടി നല്‍കിയിരുന്നുവെങ്കില്‍ കുറേക്കൂടി നല്ല കാര്യമായേനെ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ജി എസ് ടി സംബന്ധമായ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ കേരളം, വാറ്റ് നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എത്രയും പെട്ടെന്ന് സര്‍ക്കാരിനും സംരംഭകര്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ അവസാനിപ്പിക്കാന്‍ വേണ്ട ലളിതവും കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതുമായ പദ്ധതികളാണ് കൊണ്ടുവരേണ്ടിയിരുന്നതെന്ന അഭിപ്രായമുണ്ട്.

$ സി എന്‍ ജി/ എല്‍ എന്‍ ജി എന്നിവയ്ക്ക് മേലുള്ള വാറ്റ് നികുതി തമിഴ്‌നാടിന് തുല്യമായി അഞ്ച് ശതമാനമാക്കി കുറയ്ക്കുന്നതും നല്ല നീക്കമാണ്.

$ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അടച്ചുപൂട്ടുകയും പിന്നീട് ലൈസന്‍സ് ലഭിക്കുകയും ചെയ്ത ബാര്‍ ഹോട്ടലുകള്‍ക്ക് സോഫ്റ്റ് വെയര്‍ പ്രശ്‌നങ്ങള്‍ മൂലം യഥാസമയം റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തരം കേസുകളില്‍ ബിസിനസുകാര്‍ക്ക് ചുമത്തപ്പെട്ട നികുതിയും പിഴയും കൂടുതലാണെന്ന പരാതി ഉയര്‍ന്നതിന് തുടര്‍ന്ന് കോമ്പൗണ്ടിംഗ് രീതിയില്‍ നികുതി കണക്കാക്കി അടക്കാന്‍ അനുവദിച്ചിരുന്നു. പിഴ പൂര്‍ണമായി ഒഴിവാക്കുകയും പലിശയില്‍ 50 ശതമാനം ഇളവും അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിലും കോവിഡ് മൂലം 2020-21 വര്‍ഷത്തിലും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കാലതാമസം വന്നിട്ടുണ്ട്. അതുകൊണ്ട് ഈ ഇളവുകള്‍ 2020 ഡിസംബര്‍ 31 വരെയുള്ള കുടിശികകള്‍ക്ക് കൂടി ബാധകമാക്കിയിട്ടുണ്ട്. ഇതിനുള്ള അപേക്ഷ 2021 ജൂണ്‍ 30നകം സമര്‍പ്പിക്കണം. ജൂലൈ 31നകം തുക അടച്ചുതീര്‍ക്കണം.

$ ബാര്‍ ഹോട്ടലുകളുടെ കോമ്പൗണ്ടഡ് നികുതി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് 2015- 16 വര്‍ഷത്തില്‍ ലൈസന്‍സ് നഷ്ടപ്പെട്ടവര്‍ക്ക് കൂടി ബാധകമാകുന്നതാണെന്ന് നിയമത്തില്‍ വ്യക്തത വരുത്തുമെന്നും ബജറ്റില്‍ പറയുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it