സാമ്പത്തിക രംഗം: എന്നുവരും നല്ല നാളുകള്‍ ?
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നല്ലകാലം വരുമോ? കേരളത്തിലെ എല്ലാ രംഗത്തെയും ബിസിനസുകാര്‍ ചോദിക്കുന്നുണ്ടിത്. എങ്ങനെയെങ്കിലും ഈ ഘട്ടം കടന്നുകിട്ടിയാല്‍ മതിയെന്ന് പറയുന്നവരും കഷ്ടനാളുകള്‍ നല്‍കിയ പാഠം ഉള്‍ക്കൊണ്ട് പുതിയ ബിസിനസ് തന്ത്രങ്ങള്‍ രൂപപ്പെടുത്തി മുന്നേറാന്‍ ശ്രമിക്കുന്നവരും ഏറെ.
ഏതാണ്ടെല്ലാ രംഗത്തും വില്‍പ്പന തളര്‍ച്ച ഇപ്പോഴും തുടരുന്നുണ്ട്. ''എന്റെ കരിയറില്‍ ഇതുവരെ വില്‍പ്പന ലക്ഷ്യം നേടാത്ത സാഹചര്യമുണ്ടായിട്ടില്ല. ചൂടപ്പം പോലെ വിറ്റുപോകുന്ന ഉല്‍പ്പന്നങ്ങളാണ് ഞങ്ങളുടേത്. പക്ഷേ ഇപ്പോള്‍ സ്ഥിതി അതല്ല. ഗ്രാമ പ്രദേശങ്ങളിലെയും പട്ടണങ്ങളിലെയും കച്ചവടങ്ങള്‍ കുത്തനെ കുറഞ്ഞിരിക്കുന്നു. ഇന്‍സെന്റീവ് വെട്ടിക്കുറയ്ക്കുമെന്ന ഭീഷണി കമ്പനി മാനേജ്‌മെന്റ് മുന്നോട്ട് വെച്ചിട്ടുണ്ട്. ജനങ്ങളുടെ കൈയില്‍ പണമില്ല. പണം വരാതെ കച്ചവടം കൂടില്ല. ബിസിനസ് മെച്ചപ്പെടില്ല,'' കേരളത്തിലെ ഭക്ഷ്യോല്‍പ്പന്ന വിപണിയിലെ പ്രമുഖ ബ്രാന്‍ഡിന്റെ മധ്യ കേരളത്തിലെ സെയ്ല്‍സ് ടീമിലെ ഒരംഗം പറയുന്നു.
ബിസിനസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതു തന്നെയാണ്; വിപണിയില്‍ പണമില്ലാത്ത അവസ്ഥ. ജനങ്ങളുടെ കൈയില്‍ പണം വരാതെ മോശം നാളുകള്‍ അവസാനിക്കില്ല.
എന്താണ് സംഭവിച്ചത്?
ഒരു സമ്പദ് വ്യവസ്ഥയും ഇന്ന് ആഗോള, ദേശീയ സാഹചര്യങ്ങളില്‍ നിന്ന് വേറിട്ട് കൃത്യമായൊരു വേലിക്കെട്ടിനുള്ളില്‍ നില്‍ക്കുന്നില്ല. രാജ്യാന്തര,ദേശീയ തലത്തിലെ ചലനങ്ങള്‍ കേരളത്തിലെയും സാമ്പത്തിക രംഗത്ത് അനുരണനങ്ങള്‍ സൃഷ്ടിക്കും. ഇതിനുപുറമേ പ്രാദേശികമായുണ്ടാകുന്ന വെല്ലുവിളികളും കേരളത്തിലെ ബിസിനസ് സാഹചര്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പ്രധാനമായും നാല് ഘടകങ്ങളാണ് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നത്.
സ്വകാര്യ നിക്ഷേപമാണ് അതിലൊന്ന്. പുതിയ പദ്ധതികളില്‍ സ്വകാര്യ സംരംഭകര്‍ പണം നിക്ഷേപിക്കുമ്പോള്‍ അത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും. രണ്ടാമത്തേത് പൊതുനിക്ഷേപമാണ്. അടിസ്ഥാന സൗകര്യ വികസനം, ഇതര വികസന പദ്ധതികള്‍ എന്നിവയില്‍ സര്‍ക്കാര്‍ പണം ചെലവിടുമ്പോള്‍ അത് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകും.
മൂന്നാമത്തെ ഘടകം ആഭ്യന്തരമായുള്ള ഉപഭോഗമാണ്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും വന്‍ തോതില്‍ ചെലവഴിക്കപ്പെടുമ്പോള്‍ ബിസിനസുകള്‍ പച്ചപിടിക്കും. സമ്പദ്‌രംഗത്ത് ഉണര്‍വ് പ്രകടമാകും. നാലാമത്തെ ഘടകം, വിദേശ വിപണിയിലെ അല്ലെങ്കില്‍ ബാഹ്യമായ വിപണിയിലെ ഉപഭോഗമാണ്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആഭ്യന്തര വിപണിക്കപ്പുറത്തേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നത് ബിസിനസുകള്‍ക്ക് കരുത്ത് പകരും.
എന്നാല്‍ കേരളത്തില്‍, ഏതാണ്ട് ദീര്‍ഘമായ കാലയളവുകളിലായി ഈ നാല് ഘടകങ്ങളും വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. കേരളത്തിലെ മാത്രം സ്ഥിതിയല്ല ഇത്. ഇന്ത്യയൊട്ടാകെ നോക്കിയാലും സമാന സാഹചര്യം തന്നെയാണ്.
മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ് അടുത്തിടെ നടത്തിയൊരു നിരീക്ഷണം ബിസിനസ് കാലാവസ്ഥ മോശമായതിന്റെ യഥാര്‍ത്ഥ കാരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. ഇന്ത്യന്‍ ഇക്കണോമിയുടെ ചലനാത്മകത മനസിലാക്കാതെ നടത്തിയ വിനാശകരമായ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് രാജ്യത്തെ മാന്ദ്യത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
വിപണിയില്‍ യഥേഷ്ടം പണം വരുന്ന സാഹചര്യത്തില്‍ മാത്രമേ ബിസിനസുകള്‍ക്ക് നല്ല രീതിയില്‍ മുന്നോട്ടു പോകാനാകൂ. അത് ഒരു രംഗത്തും ഇല്ലാത്തതാണ് സംസ്ഥാനത്തെ ബിസിനസുകാരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുന്നതെന്ന് ഭാരതീയ ഉദ്യോഗ് മണ്ഡലിന്റെ ദേശീയ സാരഥി ഡോ. ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു.
തിരിച്ചടിയായ തീരുമാനങ്ങള്‍
നോട്ട് പിന്‍വലിക്കല്‍, ചരക്ക് സേവന നികുതി നടപ്പാക്കല്‍, പണം കൈമാറ്റത്തില്‍ കൊണ്ടുവന്ന ചട്ടങ്ങള്‍, ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍, ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ ദീര്‍ഘകാല ഭാവി നോക്കുമ്പോള്‍ നല്ലതാണെങ്കിലും ബിസിനസുകളുടെ തളര്‍ച്ചയ്ക്കാണ് വഴിവെച്ചത്.
''മുന്‍പ് വന്‍ എല്‍ ഇ ഡി പാനലുകള്‍ വാങ്ങാന്‍ യഥേഷ്ടം പേര്‍ കടയിലെത്തുമായിരുന്നു. എത്ര വിലപിടിപ്പുള്ള ഫ്രിഡ്ജും മറ്റ് ഗൃഹോപകരണങ്ങളും വിറ്റുപോകുന്ന സ്ഥിതിയും ഉണ്ടായിരുന്നു. റിയല്‍ എസ്‌റ്റേറ്റില്‍ നിന്നും വിദേശത്തു നിന്നും യഥേഷ്ടം വന്നിരുന്ന പണമാണ് അതിന് കാരണം. ഇന്ന് അതില്ല. അത് ബിസിനസുകളെ ബാധിച്ചിട്ടുണ്ട്,'' ഇലക്ട്രോണിക്‌സ് - ഗൃഹോപകരണ രംഗത്തെ പ്രമുഖ റീറ്റെയ്ല്‍ ബ്രാന്‍ഡിന്റെ സാരഥി ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണങ്ങള്‍ നല്ലതാണ്. പക്ഷേ അത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സമ്പദ് വ്യവസ്ഥയും രാജ്യത്തെ ജനങ്ങളും വിപണിയും സജ്ജമാണോയെന്നു കൂടി സര്‍ക്കാര്‍ പരിശോധിക്കണമായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സമാനമായ അഭിപ്രായം തന്നെയാണ് ഡോ. ജയപ്രകാശിനുള്ളത്. ''ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൈമാറാന്‍ തീരുമാനിക്കുമ്പോള്‍, അത് കൈകാര്യം ചെയ്യാന്‍ രാജ്യത്തിനും അതിന്റെ സാരഥികള്‍ക്കും സാധിക്കുമോയെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഓരോ ഭരണാധികാരികളും ദൂരവ്യാപകമായ ഫലങ്ങളുള്ള തീരുമാനങ്ങളെടുക്കുമ്പോള്‍ ഇത്തരത്തിലുള്ള ആലോചനകള്‍ നടത്തണം. രാജ്യവും അവിടത്തെ സമൂഹവും അതിന് സജ്ജമാണെങ്കില്‍ മാത്രമേ ഡിസ്‌റപ്റ്റീവായ തീരുമാനങ്ങള്‍ ഒറ്റയടിക്ക് എടുക്കാവൂ. അതുണ്ടായില്ല. അതിന്റെ പ്രശ്‌നമാണ് നാം അനുഭവിക്കുന്നത്,'' ഡോ. ജയപ്രകാശ് പറയുന്നു.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കോ?
അതിനിടെ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഡോ. മന്‍മോഹന്‍ സിംഗ് തന്നെ ജിഡിപി നിരക്കുകളും മറ്റു സൂചികകളും എടുത്തുകാട്ടി രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോകുന്നതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍കിട പദ്ധതികള്‍ പലതും പ്രഖ്യാപിക്കുകയും കുറേയേറെ തുക നിക്ഷേപിക്കുകയും ചെയ്‌തെങ്കിലും സ്വകാര്യ നിക്ഷേപം രാജ്യത്ത് വന്‍ തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. 2018-19ല്‍ സ്വകാര്യ നിക്ഷേപ രംഗത്ത് 9.5 ലക്ഷം കോടി രൂപയുടെ പുതിയ പദ്ധതികളാണ് വന്നത്. അതായത് കഴിഞ്ഞ 14 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിക്ഷേപം. 2006-07 മുതല്‍ 2010-11 വരെയുള്ള കാലഘട്ടത്തില്‍ സ്വകാര്യ നിക്ഷേപത്തിന്റെ ശരാശരി ഏകദേശം 25 ലക്ഷം കോടി രൂപയായിരുന്നു.
സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) യുടെ കണക്കുകള്‍ പ്രകാരം 2014 വരെ രാജ്യത്തെ മൊത്തത്തിലുള്ള നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സ്വകാര്യ നിക്ഷേപമായിരുന്നു. എന്നാല്‍ 2018-19ല്‍ ഇത് മൊത്തം നിക്ഷേപത്തിന്റെ 47 ശതമാനമായി ഇടിഞ്ഞു. ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്ന ഘടകം കേന്ദ്ര നിക്ഷേപം മാത്രമാണ്. അതായത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന നാല് ഘടകങ്ങളില്‍ മൂന്നും തളരുകയും ഒന്നുമാത്രം അല്‍പ്പം പിടിച്ചുനില്‍ക്കുകയും ചെയ്യുന്ന അവസ്ഥ. ഒരു സമ്പദ്‌വ്യവസ്ഥയും ഇങ്ങനെ ഒരു ഘടകത്തിന്റെ മാത്രം പിന്‍ബലത്തില്‍ വളര്‍ച്ചാ പാതയില്‍ മുന്നേറില്ല.
രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനവും കരാര്‍ നല്‍കലും നിലച്ചു. അതിനു മുമ്പേ തന്നെ ധനകമ്മി വന്‍തോതില്‍ ഉയര്‍ന്നതോടെ ചെലവിടലില്‍ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ പ്രത്യക്ഷ നികുതി വരുമാനത്തിലും ജിഎസ്ടി പിരിവിലും ഇടിവുകൂടി വന്നതോടെ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ആരോഗ്യവും പ്രശ്‌നത്തിലായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തോടെ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളായ പിഎം - സമ്മാനിനും പിഎംജെവൈയ്ക്കും ഫണ്ട് മാറ്റിയതോടെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിക്ഷേപവും കുറഞ്ഞു.
ജിഡിപി, വ്യാവസായികോല്‍പ്പാദനം, വൈദ്യുതി ഉല്‍പ്പാദനം, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങി എല്ലാ രംഗത്തും തളര്‍ച്ച ഇപ്പോള്‍ പ്രകടമാണ്. ഇത് രാജ്യത്തെ ഉപഭോഗത്തെ ഗൗരവമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ പാസഞ്ചര്‍ കാര്‍ വിപണി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വെറും മൂന്ന് ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തിലും ഇടിവുണ്ട്.
ധനകാര്യ സേവന രംഗത്തും തളര്‍ച്ചയാണ് കാണുന്നത്. ബാങ്ക് ക്രെഡിറ്റില്‍ ഒരു ലക്ഷം കോടിയുടെ ഇടിവുണ്ടെന്ന് ഏപ്രില്‍ 12ല്‍ അവസാനിച്ച ദ്വൈവാര റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് പറയുന്നു. കയറ്റുമതി രംഗത്തും തിളക്കം നഷ്ടപ്പെട്ട പ്രകടനമാണ് ഇന്ത്യയുടേത്.
രാജ്യാന്തര തലത്തിലും തളര്‍ച്ച
യുഎസ് വളര്‍ച്ചാനിരക്കിലുണ്ടാകുന്ന ഇടിവ് ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ സങ്കോചിക്കുമെന്ന വിശ്വാസമൊന്നും വിദഗ്ധര്‍ക്കില്ല. എന്നാല്‍ വളര്‍ച്ചയുടെ ഗതിവേഗം കുറഞ്ഞേക്കും. ലോകത്തിലെ പല സര്‍ക്കാരുകളും നേരിടുന്ന പ്രതിസന്ധികള്‍ വളര്‍ച്ചയിലും നിക്ഷേപത്തിലും ഇടിവുണ്ടാക്കാന്‍ ഇടയാക്കുന്നുണ്ട്. ഉദാഹരണത്തിന് ബ്രെക്‌സിറ്റ് പോലുള്ളവ. യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ചൈനയുടെ വളര്‍ച്ചയിലും കുറവ് കാണുന്നുണ്ട്.
ഇതൊക്കെ നമ്മളെ എങ്ങനെ ബാധിക്കും?
സാമ്പത്തിക രംഗത്തെ കീഴ്‌മേല്‍ മറിക്കലുകളെല്ലാം പ്രതിരോധിക്കാന്‍ ശേഷിയുള്ള ഷോക്ക് പ്രൂഫായ സാമ്പത്തിക സാഹചര്യമൊന്നും കേരളത്തിനില്ല. പണ്ട് ഹാസ്യരൂപേണ പലരും പറയുമായിരുന്നു; ഗള്‍ഫില്‍ മഴ പെയ്താല്‍ കേരളത്തില്‍ കുട പിടിക്കണമെന്ന്. ഗള്‍ഫ് രാജ്യങ്ങളിലെ ചെറിയൊരു ചലനം പോലും ഇവിടെ അത്രമാത്രം പ്രതിഫലിക്കും. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല.
2007-08 സാമ്പത്തിക വര്‍ഷത്തില്‍ ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്കു ശേഷം കേരളം നട്ടെല്ല് നിവര്‍ത്തിയിട്ടില്ലെന്ന് പറയുന്നവരുമുണ്ട്.
ബാര്‍ നിരോധനം, ഗള്‍ഫ് പ്രതിസന്ധി, നോട്ട് പിന്‍വലിക്കല്‍, പകര്‍ച്ച വ്യാധി, വരള്‍ച്ച, പ്രളയം, കാലാവസ്ഥാ വ്യതിയാനം, ജിഎസ്ടി എന്നുവേണ്ട ഒട്ടനവധി ഘടകങ്ങളാണ് ബിസിനസ് തളര്‍ച്ചയ്ക്ക് കാരണമായി കേരളത്തിലെ സംരംഭക ലോകം ചൂണ്ടിക്കാട്ടുന്നത്.
''രാജ്യം ബ്ലാക്ക് മണിയില്‍ നിന്ന് വൈറ്റ് മണിയിലേക്കും അസംഘടിത സമ്പദ് വ്യവസ്ഥയില്‍ നിന്ന് സംഘടിത സമ്പദ് വ്യവസ്ഥയിലേക്കുമൊക്കെ പോകുന്നത് നല്ലതു തന്നെ. പക്ഷേ ഇതുമൂലം കേരള വിപണിയില്‍ പണമില്ലാത്ത അവസ്ഥയായി. ഏത് പരിഷ്‌കരണവും ഇത്ര വേഗത്തില്‍ വരുത്തരുത്,'' എസ്എംഇ രംഗത്തെ ഒരു സംരംഭകന്‍ പറയുന്നു.
നമ്മള്‍ സൃഷ്ടിച്ചോ പുതിയ കേരളം?
പ്രളയം, ഉണങ്ങാത്ത മുറിവുകള്‍ കേരളത്തിന് ഏകിയെങ്കിലും അക്കാലത്ത് കുറേ രജതരേഖകളുണ്ടായിരുന്നു. വര്‍ധിത വീര്യത്തോടെ പുതിയ കേരളം കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞ ചെയ്ത കാലം. പക്ഷേ, അതെല്ലാം ആരംഭ ശൂരത്വമായിരുന്നുവെന്ന് ബിസിനസ് ലോകം പറയുന്നു. ക്രിയാത്മകമായ കാര്യങ്ങള്‍ വളരെ കുറച്ച് മാത്രമാണ് ഇവിടെ നടന്നത്. വിവാദങ്ങള്‍ വീണ്ടും കേരളത്തെ ഭരിച്ചു. അന്ന് തുടച്ചുമാറ്റപ്പെട്ട ബിസിനസുകള്‍ ഇന്നും തളിര്‍ക്കാതെ ശേഷിക്കുന്നു.
''ഇവിടെ വിവാദം മാത്രമേ വിളയൂ. കേരളത്തിലെ ബിസിനസ് സാഹചര്യം മെച്ചപ്പെടാന്‍ തൊലിപ്പുറമേയുള്ള മിനുക്കി പണി പോരാ. അടിസ്ഥാനതലത്തില്‍ അഴിച്ചുപണി നടത്തണം,'' ബിസിനസുകാരില്‍ പലരും ചൂണ്ടിക്കാട്ടുന്നു.
എന്നു വരും നല്ല കാലം?
ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ നല്ലകാലം വരാന്‍ ചെപ്പടി വിദ്യയില്ല. വിപണിയില്‍ പണം വന്നാലേ സ്ഥിതി മെച്ചപ്പെടൂ. ഇതിന് പൊതു - സ്വകാര്യ നിക്ഷേപം വരണം.
കേരളത്തിലെ ഹോസ്പിറ്റാലിറ്റി, ഹോസ്പിറ്റല്‍ രംഗത്ത് വന്‍കിട നിക്ഷേപങ്ങള്‍ പലതും വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. മസാല ബോണ്ട് വഴിയും മറ്റും കിഫ്ബി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിനിയോഗിക്കപ്പെടുമ്പോള്‍ അതിന്റെ പ്രതിഫലനം കേരളത്തിലെ മറ്റ് രംഗങ്ങളിലുണ്ടാകും.
ലോകത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ട രാജ്യങ്ങളെല്ലാം തന്നെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍തോതില്‍ പണം നിക്ഷേപിച്ചാണ് ഡിമാന്റ് സൃഷ്ടിച്ചത്. ദീര്‍ഘനാള്‍ ഇതേ പ്രക്രിയ തുടരുമ്പോള്‍ ഉപഭോഗം വര്‍ധിക്കും. സാമ്പത്തിക തളര്‍ച്ച മാറും. ഇന്ത്യയിലെ പുതിയ സര്‍ക്കാരും കേരള സര്‍ക്കാരും ഇതേ നിലപാട് സ്വീകരിച്ചാല്‍ പിന്നാലെ സ്വകാര്യ നിക്ഷേപകരും ആത്മവിശ്വാസത്തോടെ കടന്നുവരും.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന നാലില്‍ മൂന്ന് ഘടകങ്ങള്‍ - സ്വകാര്യ നിക്ഷേപം, പൊതു നിക്ഷേപം, ഉപഭോഗം - ഇവ മെച്ചപ്പെടുന്നതോടെ സമ്പദ് വ്യവസ്ഥയില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങും. ഇനിയും സമ്പദ് വ്യവസ്ഥ താഴേക്ക് പോയാല്‍ ഉത്തേജക പാക്കേജുകള്‍ വേണ്ടി വരും.
ഇതിനൊക്കെ എത്രകാലം?
ഇവിടെയാണ് തെരഞ്ഞെടുപ്പിനും പുതിയ സര്‍ക്കാരിനും പ്രസക്തിയേറുന്നത്. ഭരണത്തിലേറുന്നത് എന്‍ഡിഎ ആയാലും യുപിഎ ആയാലും ബിസിനസ് ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നത്. രാജ്യത്തെ പ്രമുഖ എഫ് എം സി ജി കമ്പനികളുടെയെല്ലാം ചീഫ് എക്‌സിക്യൂട്ടിവുമാര്‍ തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി മെച്ചപ്പെടുമെന്ന വിശ്വാസമാണ് പങ്കുവെയ്ക്കുന്നത്.
''പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഉത്തേജക നടപടികളില്‍ ചിലതെങ്കിലും നടപ്പാക്കപ്പെട്ടാല്‍ രാജ്യത്തെ ഡിമാന്റ് ഉയരും,'' ഡാബര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ മൊഹിത് മല്‍ഹോത്ര പറയുന്നു. രാജ്യത്തെ ഏതാണ്ടെല്ലാ എഫ്എംസിജി കമ്പനികളും വില്‍പ്പന തളര്‍ച്ചയെ അഭിമുഖീകരിക്കുകയാണെന്നും ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ കാണുന്നതെന്നും ചൂണ്ടിക്കാട്ടുന്നു ബ്രിട്ടാണിയയുടെ മാനേജിംഗ് ഡയറക്റ്റര്‍ വരുണ്‍ ബെറി, പക്ഷേ അധികം വൈകാതെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നാണ് പറയുന്നത്. രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കുന്ന അന്തരീക്ഷമൊന്നുമില്ലെന്നും പുതിയ സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ സിഎംഡി സഞ്ജീവ് മേത്തയും ചൂണ്ടിക്കാട്ടുന്നു.
വാഹന വിപണിയില്‍ സമ്മിശ്ര പ്രതികരണം
രാജ്യത്തെ കാര്‍ നിര്‍മാതാക്കളും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം അര്‍ദ്ധപാദത്തില്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നുണ്ട്. 2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ബിഎസ് - ആറ് മാനദണ്ഡപ്രകാരമുള്ള പുതിയ വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. ഇതോടൊപ്പം സുരക്ഷാ മാനദണ്ഡങ്ങളും വര്‍ധിക്കുന്നുണ്ട്. ഇവയെല്ലാം മൂലം വാഹന വില 15-25 ശതമാനം വരെ കൂടും.
ആ വിലവര്‍ധനയ്ക്കു മുമ്പേ വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ രംഗത്തെത്തിയേക്കും. മാത്രമല്ല, വില്‍പ്പന കൂട്ടാന്‍ പുതിയ തന്ത്രങ്ങളും ഈ ഘട്ടത്തില്‍ ഓട്ടോമൊബീല്‍ നിര്‍മാതാക്കള്‍ മെനഞ്ഞേക്കും. ഇത് ഓട്ടോമൊബീല്‍ രംഗത്തെ ഉണര്‍ത്തിയേക്കുമെന്ന് വിപണിയിലെ പ്രമുഖര്‍ പറയുന്നു. എന്നാല്‍ ഇതിന് എതിര്‍ വാദങ്ങളുമുണ്ട്. ''വാഹന നിര്‍മാതാക്കള്‍ കൈവശമുള്ള ബിഎസ് - ഫോര്‍ (ഇപ്പോഴുള്ള വാഹനങ്ങള്‍) വിറ്റഴിക്കാന്‍ ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കാം. പക്ഷേ 2021ല്‍ കാര്യങ്ങള്‍ അത്ര സുഗമമാകണമെന്നില്ല. അടുത്ത രണ്ടുവര്‍ഷം വിപണി മെച്ചപ്പെടില്ലെന്നു തന്നെയാണ് വിശ്വാസം,'' പിഡബ്ലുസിയുടെ പാര്‍ട്ണറും ഓട്ടോമോട്ടീവ് സെക്റ്ററിന്റെ മേധാവിയുമായ കവന്‍ മുക്ത്യാര്‍ അഭിപ്രായപ്പെടുന്നു.
വാഹന വിപണിയിലെ വില്‍പ്പന തളര്‍ച്ച വരുന്ന നാലു മാസങ്ങള്‍ക്കപ്പുറത്തേക്ക് നീളാന്‍ സാധ്യതയില്ലെന്നാണ് ഹീറോ മോട്ടോ കോര്‍പ്പിന്റെ സെയ്ല്‍സ് ആന്‍ഡ് ആഫ്റ്റര്‍സെയ്ല്‍സിന്റെ മേധാവി സഞ്ജയ് ഭാന്‍ പറയുന്നു. എന്നാല്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ആഴത്തിലുള്ളതാണെന്നും നഗര- ഗ്രാമീണ മേഖലകളില്‍ ഇത് പ്രകടമാണെന്നും അത് മാറാതെ വിപണിയില്‍ ഉണര്‍ച്ച പ്രകടമാവില്ലെന്നും പറയുന്നു ഏണ്‌സറ്റ് ആന്‍ഡ് യംഗിന്റെ പാര്‍ട്ണര്‍ രാകേഷ് ബത്ര.
കേരളത്തിലെ ബിസിനസ് സമൂഹവും തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി മെച്ചപ്പെടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. വ്യാപാരി സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതിനെ പ്രതീക്ഷയോടെ കാണുന്നവരുണ്ട്. ഏത് സര്‍ക്കാര്‍ വന്നാലും നിലവിലുള്ള സാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ പ്രഖ്യാപിച്ചേക്കാവുന്ന നടപടികളിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലും ഇവര്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്.
എന്നിരുന്നാലും കേരളത്തിലെ ബിസിനസ് സാഹചര്യങ്ങള്‍ മാറാനും നല്ലകാലം വരാനും ഘടനാപരമായ മാറ്റങ്ങള്‍ തന്നെ വേണമെന്നും ഒരു വിഭാഗം പറയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിന്‍വലിക്കപ്പെടുമ്പോള്‍ കേരളത്തിലും സാമ്പത്തിക ഉത്തേജനത്തിന് ഉപകരിക്കുന്ന പദ്ധതികള്‍ നടപ്പാക്കപ്പെട്ടേക്കാമെന്ന ശുഭാപ്തി വിശ്വാസവും പലര്‍ക്കുമുണ്ട്. എന്തായാലും ഒക്ടോബറിന് ശേഷം സ്ഥിതിഗതികളില്‍ മാറ്റം വരുമെന്ന പ്രതീക്ഷയാണ് പൊതുവേയുള്ളത്.