അന്ത്യമില്ലാതെ വിലക്കയറ്റം; മൊത്തവില പണപ്പെരുപ്പം 31 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം (Wholesale Price Index) 31 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഏപ്രില്‍ മാസത്തെ മൊത്തവില പണപ്പെരുപ്പം 15.08 ശതമാനത്തിലെത്തി. 1991 ഓഗസ്റ്റില്‍ 16.06 ശതമാനത്തില്‍ എത്തിയതിന് ശേഷം മൊത്തവില പണപ്പെരുപ്പം ഇത്രയും ഉയരുന്നത് ഇപ്പോഴാണ്.

തുടര്‍ച്ചയായ 13ആം മാസമാണ് പണപ്പെരുപ്പം ഇരട്ട അക്കത്തില്‍ തുടരുന്നത്. 2021 ഏപ്രിലില്‍ 1074 ശതമാനം ആയിരുന്നു മൊത്തവില പണപ്പെരുപ്പം. മിനറല്‍ ഓയിലുകള്‍, അടിസ്ഥാന ലോഹങ്ങള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യ- ഭക്ഷ്യേതര ഭക്ഷ്യ ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയുടെ വിലക്കയറ്റമാണ് ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

എന്താണ് മൊത്തവില പണപ്പെരുപ്പം

പേര് സൂചിപ്പിക്കും പോലെ സാധനങ്ങളുടെ മൊത്ത വിലയിലുണ്ടാകുന്ന മാറ്റത്തെ അടിസ്ഥാനമാക്കിയാണ് മൊത്തവില പണപ്പെരുപ്പം കണക്കാക്കുന്നത്. കമ്പനികളും മറ്റും ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവാണ് മൊത്തവില പണപ്പെരുപ്പം കൊണ്ട് സൂചിപ്പിക്കുന്നത്. നിലവില്‍ മൊത്തവില പണപ്പെരുപ്പം കണക്കാക്കുന്നത് 2011-12 കാലയളവിലെ വില നിലവാരത്തെ അടിസ്ഥാനമാക്കിയാണ്.

സാധനങ്ങളുടെ വില വില ഉയരും

കമ്പനികളുടെ ഉല്‍പ്പാദനച്ചെലവ് ഉയരുമ്പോള്‍ സ്വാഭാവികമായും അവര്‍ വില്‍ക്കുന്ന സാധനങ്ങളുടെ വിലയും വര്‍ധിക്കും. ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനവ് മാര്‍ച്ചില്‍ 8.06 ശതമാനം ആയിരുന്നത് ഏപ്രിലില്‍ 8.35 ശതമാനം ആയാണ് ഉയര്‍ന്നത്. പച്ചക്കറികളുടെ വില വര്‍ധിച്ചത് 23.24 ശതമാനം ആണ്. ഇന്ധന-ഊര്‍ജ്ജ മേഖലയില്‍ 38.66 ശതമാനവും ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ 10.17 ശതമാനവും വിലയാണ് ഏപ്രലില്‍ വര്‍ധിച്ചത്.

രാജ്യത്തെ ചില്ലറ പണപ്പെരുപ്പം (retail inflation) ഏപ്രിലില്‍ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 7.79 ശതമാനം ആയി ആണ് ഉയര്‍ന്നത്. വരും മാസങ്ങളിലും രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ വലിയ വിലക്കയറ്റമാവും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യം നേരിടുക.

Related Articles

Next Story

Videos

Share it