ഇന്ത്യയുടെ റേറ്റിംഗ് മൂഡീസ് താഴ്ത്തിയത് എന്തുകൊണ്ട്?

മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയുടെ റേറ്റിംഗ് താഴ്ത്തിയത് കോവിഡ് ബാധമൂലമുള്ള സാമ്പത്തിക പ്രതിസന്ധി കാരണമല്ലെന്ന് വിശദീകരണം. ഇന്നലെയാണ് രാജ്യാന്തര ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് Baa 2 വില്‍ നിന്ന് Baa 3 യിലേക്ക് കുറച്ചത്. മൂഡീസിന്റെ താഴ്ന്ന റേറ്റിംഗിലൊന്നാണിത്. ഇന്ത്യയുടെ കാര്യത്തില്‍ എന്നും ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്ന രാജ്യാന്തര ഏജന്‍സിയാണ് മൂഡീസ്.

എന്തുകൊണ്ട് റേറ്റിംഗ് താഴ്ന്നു?

പ്രധാനമായും നാല് കാരണങ്ങള്‍ കൊണ്ടാണ് രാജ്യത്തിന്റെ റേറ്റിംഗ് മൂഡീസ് താഴ്ത്തിയിരിക്കുന്നത്.

1. 2017 ന് ശേഷം സാമ്പത്തിക പരിഷ്‌കാര നടപടികള്‍ നടപ്പാക്കുന്നതില്‍ വരുത്തുന്ന വീഴ്ച

2. ദീര്‍ഘകാലത്തേക്ക് താരതമ്യേന കുറഞ്ഞ സാമ്പത്തിക വളര്‍ച്ച

3. സംസ്ഥാനങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നിലയിലുണ്ടാകുന്ന നിര്‍ണായകമായ തോതിലുള്ള കുറവ്

4. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ അനുദിനം ശക്തിയാര്‍ജ്ജിക്കുന്ന സമ്മര്‍ദ്ദം

കഴിഞ്ഞ വര്‍ഷം നവംബറില്‍ മൂഡീസ് രാജ്യത്തിന്റെ റേറ്റിംഗ് Baa സ്‌റ്റേബ്ള്‍ എന്ന തലത്തില്‍ നിന്ന് Baa നെഗറ്റീവ് എന്നതാക്കിയിരുന്നു.

റേറ്റിംഗ് താഴ്ന്നത് കോവിഡ് ബാധമൂലമോ?

കോവിഡ് ബാധമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയല്ല രാജ്യത്തിന്റെ റേറ്റിംഗ് താഴ്ത്താന്‍ കാരണമെന്ന് മൂഡീസ് വ്യക്തമാക്കുന്നു. ഇന്ത്യ ഘടനാപരമായി നേരിടുന്ന വെല്ലുവിളിയാണ് ഇതിന് കാരണം. ഇന്ത്യയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ കോവിഡ് കാരണമായിട്ടുണ്ടെന്നും മൂഡീസ് നിരീക്ഷിക്കുന്നുണ്ട്.

2017 നവംബറില്‍ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയത് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചിരുന്നു. രാജ്യത്തിന്റെ പരിഷ്‌കരണ നടപടികള്‍ക്ക് ഗതിവേഗം ആര്‍ജ്ജിക്കുമെന്ന വിശ്വാസത്തിലായിരുന്നു അന്നത്തെ റേറ്റിംഗ് ഉയര്‍ത്തല്‍. എന്നാല്‍ ആ ധാരണയാണ് ഇപ്പോള്‍ മൂഡീസ് തിരുത്തി കുറിച്ചിരിക്കുന്നത്.

താഴ്ന്ന റേറ്റിംഗ് എന്നാല്‍ ...

രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെയും സര്‍ക്കാറിന്റെ ധനസ്ഥിതിയുടെയും മോശം സ്ഥിതിയെയാണ് റേറ്റിംഗ് തുറന്നുകാട്ടുന്നത്. റേറ്റിംഗ് താഴ്ന്നതോടെ രാജ്യത്തിന്റെ ബോണ്ടുകള്‍ക്ക് മുന്‍പെന്നെത്തേക്കാള്‍ റിസ്‌ക് കൂടി. രാജ്യത്തിന്റെ കടം തിരിച്ചടവും മോശമാകുമെന്ന സൂചനയാണ് താഴ്ന്ന റേറ്റിംഗ് നല്‍കുന്നത്.

റേറ്റിംഗ് താഴ്ന്നതോടെ സര്‍ക്കാരിനും കമ്പനികള്‍ക്കും ഫണ്ട് സമാഹരണം ചെലവേറിയതാകും. ഇന്ത്യന്‍ ഓഹരി വിപണിയിലും മൂഡീസിന്റെ ഈ നീക്കം ചലനം സൃഷ്ടിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it