നമ്മുടെ കുട്ടികള്‍ എന്തുകൊണ്ട് പഠിക്കാന്‍ നാടുവിട്ടോടുന്നു?

സുഡാനില്‍ ഒരു ബഹുരാഷ്ട്ര എണ്ണക്കമ്പനിയില്‍ എന്‍ജിനീയറായിരുന്നു ബിജു. മക്കള്‍ രണ്ടുപേരായപ്പോള്‍ കലാപബാധിതമായ വിദൂരരാജ്യത്തെ നല്ല ജോലി ഇട്ടെറിഞ്ഞ് കേരളത്തിലേക്ക് പോന്നു. കുടുംബത്തോടൊപ്പം കഴിയുക. ബിസിനസെന്തെങ്കിലും ചെയ്തു മുന്നോട്ടുപോവുക എന്നിങ്ങനെ ചെറിയ മോഹങ്ങള്‍ മാത്രമായിരുന്നു ആ യുവാവിനുണ്ടായത്. മൂത്തമകന്‍ 2021ല്‍ പത്താംക്ലാസ് പാസായതോടെ കുടുംബസമേതം കാനഡയ്ക്ക് പോകുന്നതിനുള്ള കാര്യങ്ങള്‍ക്കായി ഓടി നടക്കുകയാണ് അയാളിപ്പോള്‍. ''മോന്‍ മിടുക്കനാണ്. അവനെ ഇവിടെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. പഠിപ്പിച്ചാല്‍ തന്നെ അവന് ജോലി തേടി വിദേശത്തേക്ക് പോകേണ്ടി വരും. അതിലും ഭേദം ഇപ്പോള്‍ തന്നെ കുടുംബസമേതം നാടുവിടാം. വീട് വില്‍ക്കണം. ഇപ്പോഴേ ശ്രമിച്ചാല്‍ പ്ലസ് ടു കഴിയുമ്പോഴേക്കും പോകുന്ന കാര്യം ശരിയാകും. ഇളയകുട്ടിയെയും അവിടെ പഠിപ്പിക്കാം,'' എന്തിന് പോകുന്നുവെന്ന ചോദ്യത്തിന് ബിജുവിന്റെ ഉത്തരമാണിത്. മക്കളുടെ നല്ല ഭാവിക്കായി സ്വന്തമായി സ്ഥലം വാങ്ങി, അവിടെ വെച്ച വീട് പോലും വില്‍പ്പന നടത്തി വിദേശത്ത് പോകാന്‍ തയ്യാറെടുക്കുന്ന ബിജു, കേരളത്തിലെ ഒരു 'ഒറ്റപ്പെട്ട' കുടുംബനാഥനല്ല. ഉയര്‍ന്ന സാമ്പത്തികശേഷി ഉള്ളവര്‍ മാത്രമല്ല ഇപ്പോള്‍ മക്കളെ വിദേശത്ത് പഠിക്കാന്‍ അയക്കുന്നത്. നാട്ടില്‍ ലോട്ടറി ഏജന്‍സി നടത്തുന്നവര്‍, ഫ്രീലാന്‍സായി എഴുത്ത് ജോലികള്‍ ഏറ്റെടുത്ത് ചെയ്ത് ജീവിക്കുന്നവര്‍ എന്നിങ്ങനെ സാധാരണക്കാര്‍ പോലും ഏത് വിധേനയും മക്കളെ ഉപരിപഠനത്തിന് വിദേശത്ത് അയക്കാന്‍ ശ്രമിക്കുകയാണ്.

ജീവിതത്തെ കുറിച്ചും സ്വന്തം ഭാവിയെ കുറിച്ചും നിറമുള്ള സ്വപ്‌നങ്ങള്‍ കാണുന്ന ഭൂരിഭാഗം കുട്ടികളും അവരുടെ ഉപരിപഠനത്തിനായി കേരളത്തില്‍ നില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ''പ്ലസ് ടു കഴിഞ്ഞപ്പോള്‍ കാനഡയില്‍ പോകാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചില്ല. ഡിഗ്രി കഴിഞ്ഞ് പോകാമെന്നാണ് അമ്മയുടെ വാശി. ഡിഗ്രി കഴിയുമ്പോള്‍ അമ്മ വാക്ക് മാറ്റാതിരിക്കാന്‍ ഒരു വെള്ളപ്പേപ്പറില്‍ എഴുതി ഒപ്പിട്ടുവാങ്ങി വെച്ചിരിക്കുകയാണ്. അത് മുദ്രപ്പത്രത്തിലെഴുതിക്കണമോയെന്ന ചിന്തയുമുണ്ട്,'' കുസാറ്റില്‍ എന്‍ജിനീയറിംഗിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനി പറയുന്നു.

2021ല്‍ പ്ലസ് ടു കഴിഞ്ഞ ഏകദേശം 50,000 ത്തിലേറെ കുട്ടികള്‍ കേരളത്തില്‍ ഇപ്പോള്‍ എവിടെയും ഉപരിപഠനത്തിന് ചേരാതെ ഉന്നതപഠനത്തിനുള്ള പ്രവേശന പരീക്ഷ വീണ്ടുമെഴുതാന്‍ കുത്തിയിരുന്ന് പഠിക്കുന്നുണ്ടെന്നാണ് എന്‍ട്രന്‍സ് പരിശീലനസ്ഥാപനങ്ങളിലുള്ളവര്‍ നല്‍കുന്ന സൂചന. പ്ലസ് ടുവിന് മുഴുവന്‍ മാര്‍ക്കും വാങ്ങിയ മിടുക്കര്‍ വരെ ഇതിലുണ്ട്. നീറ്റ് കിട്ടാത്തവര്‍, മികച്ച സ്‌കോര്‍ കിട്ടാത്തതിനാല്‍ ആഗ്രഹിച്ച ഐഐടികളിലോ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ കയറിപ്പറ്റാന്‍ സാധിക്കാതെ വന്നവര്‍ ഒക്കെയാണ് ''റീപ്പീറ്റ്' ചെയ്യുന്നത്. ഈ റീപ്പിറ്റേഴ്‌സ് കുറേയേറെ പേര്‍ അടുത്ത വര്‍ഷം ഇഷ്ടകോഴ്‌സ് കൈയെത്തി പിടിക്കും. മറ്റ് കുറേപേര്‍ സംസ്ഥാനം വിട്ട് നല്ല സ്ഥാപനങ്ങളില്‍ പണം കൊടുത്തെങ്കിലും ചേരും. അത്രയും പണം സംഘടിപ്പിക്കാന്‍ ഇല്ലാത്തവര്‍ യുക്രൈന്‍, മാള്‍ട്ട പോലെയുള്ള വിദേശരാജ്യങ്ങളിലേക്ക് ഫ്‌ളൈറ്റ് പിടിക്കും.

പണ്ട് സിലോണിലേക്കും മലയയിലേക്കും തൊഴില്‍ തേടി പോയവരാണ് മലയാളികള്‍. കല്‍ക്കട്ടയിലെയും ബോംബെയിലെയും സ്ഥാപനങ്ങളില്‍ സ്റ്റെനോഗ്രാഫര്‍മാരായി പോയി മറ്റൊരു തലമുറ. പിന്നെ ഒരു തലമുറ നേഴ്‌സിംഗ് പഠിച്ച് ഇറ്റലിയിലും അമേരിക്കയിലും ബ്രിട്ടനിലും എന്തിന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വരെ പോയി. പറഞ്ഞുവരുന്നത് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് തൊഴില്‍ തേടി, മികച്ച ജീവിതം സ്വപ്‌നം കണ്ടുള്ള സഞ്ചാരം മലയാളിക്ക് പുത്തരിയല്ല. പക്ഷേ, ഇപ്പോള്‍ കുട്ടികള്‍ കോളെജ് പഠനത്തിന് മുതല്‍ സംസ്ഥാനം വിട്ട് പുറത്തേക്ക് പോവുകയാണ്.
എന്തുകൊണ്ട് കുട്ടികള്‍ പുറത്തുപോകുന്നു?
അടുത്തിടെ വാട്‌സാപ്പില്‍ വൈറലായ ഒരു ഫോര്‍വേഡ് മെസേജുണ്ട്. നാടുവിടുന്ന യുവതലമുറ എന്ന തലക്കെട്ടിന് താഴെ കുട്ടികളെ നാട് വിടാന്‍ പ്രേരിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മികച്ച ജീവിതനിലവാരമില്ലാത്തത്, കോഴ കൊടുക്കാതെ സര്‍ക്കാര്‍ ജോലി പോലും കിട്ടാത്ത സാഹചര്യം, സമൂഹത്തില്‍ നടമാടുന്ന തോന്ന്യാസങ്ങള്‍, ഒരു കാര്യവും സമയബന്ധിതമായി നടക്കാത്ത സര്‍ക്കാര്‍ ഓഫീസുകള്‍, നിയമപാലകരില്‍ നിന്നുള്ള അനാവശ്യഇടപെടലുകള്‍, യുവതലമുറക്കെതിരെ നിരന്തരം നടക്കുന്ന അധിക്ഷേപങ്ങള്‍, ആക്രമണങ്ങള്‍, അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലുള്ള പൊതുസംവിധാനങ്ങളെ വരെ ഈ വാട്‌സാപ്പ് ഫോര്‍വേഡില്‍ പഴിചാരുന്നുണ്ട്. പത്തുവര്‍ഷം കഴിയുമ്പോള്‍ ചെറുപ്പക്കാര്‍ ശേഷിക്കാത്ത നാടായി കേരളം മാറുമെന്ന മുന്നറിയിപ്പോടെയാണ് ആ സന്ദേശം അവസാനിക്കുന്നത്.

വാട്‌സാപ്പ് ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് എന്ത് ആധികാരികത? എന്ന് പറഞ്ഞ് ഇതിനെ തള്ളാന്‍ പറ്റില്ല. ഈ ഫോര്‍വേഡ് മെസേജ് വൈറലായതിന്റെ അടിസ്ഥാനത്തില്‍ യുഎന്‍ഇപി ദുരന്തഅപകടസാധ്യതാ ലഘൂകരണ വിഭാഗം മേധാവിയും കരിയര്‍ വിദഗ്ധനുമായ മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പേജില്‍ ഈ വിഷയത്തില്‍ യുവാക്കളുടെ അഭിപ്രായം തേടിക്കൊണ്ട് ഒരു സര്‍വെ നടത്തി. സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും കേരളം വിടാനുള്ള കാരണമായി ആദ്യഘട്ടത്തില്‍ തന്നെ പറഞ്ഞത് 'Poor attittude towards students'' എന്നതാണ്. സമീപകാലത്തെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ അത് സത്യമാണെന്ന് മനസ്സിലാകും. യൂണിവേഴ്‌സിറ്റികള്‍ നിലകൊള്ളേണ്ടത് വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യത്തിനാകണം. എന്നാല്‍ കേരളത്തില്‍ എന്താണ് നടക്കുന്നത്? പഠിച്ച് പാസായ സര്‍ട്ടിഫിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിക്കാന്‍ കൈക്കൂലി കൊടുക്കണം. പഠിപ്പിക്കുന്നതില്‍ പലതും കാലഹരണപ്പെട്ടവ, പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും തോന്നും പോലെ. ''യൂണിവേഴ്‌സിറ്റികള്‍ രാഷ്ട്രീയക്കാരുടെ ഭാര്യമാര്‍ക്ക് സുരക്ഷിത ജോലി നല്‍കാനും പാര്‍ട്ടി അനുഭാവികളെ വൈസ് ചാന്‍സലര്‍മാരാക്കി നിയമിക്കാനുമുള്ള താവളമാകുമ്പോള്‍ കുട്ടികള്‍ നാടുവിടാതെ മറ്റെന്തു ചെയ്യണം?'' സംസ്ഥാനത്തെ പ്രമുഖ ടെക്‌നോക്രാറ്റുകള്‍ മുതല്‍ സാമൂഹ്യനിരീക്ഷകര്‍ ആത്മരോഷത്തോടെ ചോദിക്കുന്നത് ഇതാണ്.

''ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച എന്റെ ഒരു സുഹൃത്തിന് പാരിസില്‍ സ്‌കോളര്‍ഷിപ്പോടെ ഉന്നതപഠനത്തിന് അവസരം ലഭിച്ചു. അവന് വിദേശത്തേക്ക് പോകാനും മറ്റ് കാര്യങ്ങള്‍ക്കും ബിരുദസര്‍ഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുമെല്ലാം വേഗം വേണമായിരുന്നു. അക്കാര്യം ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ധരിപ്പിച്ചപ്പോള്‍ അതിവേഗം കാര്യങ്ങള്‍ ചെയ്തുകൊടുത്തു. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല ഇതുപോലെ ചെയ്യുമോ? അങ്ങനെ വേണമെങ്കില്‍ ആരുടെയൊക്കെ കാല് പിടിക്കണം, എത്ര കൈക്കൂലി കൊടുക്കണം? യൂണിവേഴ്‌സിറ്റികള്‍ കാലോചിതമായി മാറാനും കുട്ടികള്‍ക്കു വേണ്ടി നിലകൊള്ളാനും കാലോചിത വിദ്യാഭ്യാസം നല്‍കാനുള്ള ഉന്നത കേന്ദ്രങ്ങളാക്കി മാറ്റാനും ഇവിടെയുള്ള ഏതെങ്കിലും വിദ്യാര്‍ത്ഥി യൂണിയനുകള്‍ സമരം നടത്തുന്നുണ്ടോ?,'' ഐസറില്‍ പഠിച്ച് വിദേശ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിനി ചോദിക്കുന്നു.

പഠിക്കാന്‍ മാത്രമല്ല പഠിച്ചിറങ്ങിയാല്‍ കരിയറില്‍ ഉന്നതപടവുകള്‍ കയറി ഇവിടെ തന്നെ തുടരാനുള്ള അവസരങ്ങളും കുറവാണ്. ''ഒരു കുട്ടി പഠിക്കുമ്പോള്‍, അല്ലെങ്കില്‍ പഠിപ്പിക്കുമ്പോള്‍ എന്തായിരിക്കും മനസ്സില്‍. ആദ്യം നല്ല വിദ്യാഭ്യാസം. രണ്ടാമത് നല്ല ജോലി. ഇതിന് രണ്ടിനും കേരളത്തില്‍ അവസരമില്ല. കേരളത്തില്‍ തന്നെ പഠിച്ചാല്‍ ലഭിക്കുന്ന എക്‌സ്‌പോഷര്‍ വളരെ കുറവാണ്. കരിയറിന്റെ പ്രാരംഭഘട്ടത്തിലുള്ള ജോലികളുണ്ടെങ്കിലും കേരളം മൊത്തം നോക്കിക്കഴിഞ്ഞാല്‍ ഉന്നത തലത്തിലുള്ള ജോലികള്‍ വളരെ കുറവാണ്. അതായത് ഒരു ഘട്ടം കഴിഞ്ഞാല്‍ കരിയറിലെ വളര്‍ച്ച നിലച്ചുപോകും. സര്‍ക്കാരിലാണെങ്കില്‍ ഡയറക്റ്റര്‍ ലെവല്‍ അല്ലെങ്കില്‍ സിവില്‍ സര്‍വീസ് ഒക്കെയാണ് വലിയ തലമായി കാണുന്നത്. അതും എത്രപേര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റും. അതായത് കേരളത്തില്‍ റിയല്‍ ഓപ്പര്‍ച്യൂണിറ്റിയും കുറവാണ്. അതുകൊണ്ടാണ് കുട്ടികള്‍ കേരളം വിട്ട് പുറത്ത് പോകുന്നത്,'' സിഗ്നിഫൈയുടെ ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസറും നിസാന്റെ മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായിരുന്ന ടോണി തോമസ് അഭിപ്രായപ്പെടുന്നു.

പുറത്തേക്ക് പോകാനുള്ള കാരണമെഴുതാന്‍ വേണ്ടി മുരളി തുമ്മാരുകുടി സര്‍വെയിലിട്ട മറ്റൊരു ചോദ്യത്തിന് കിട്ടിയ ഉത്തരവും ശ്രദ്ധേയമാണ്. വ്യക്തി സ്വാതന്ത്ര്യത്തില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്ഥിരമായ ഇടപെടല്‍ ആണ് പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നതിന്റെ ഒരു കാരണം. ടോണി തോമസ് തന്നെ മുന്‍പ് എഴുതിയതുപോലെ കഴിവും പ്രതിഭയുമുള്ളവര്‍ വിട്ടുപോയി മട്ടുമാത്രം അടിയുന്ന നാടായി കേരളം മാറുകയാണ്.


Related Articles

Next Story

Videos

Share it