ഗണപതി വിഗ്രഹവും ചൈനയില്‍ നിന്ന് വാങ്ങുന്നതില്‍ പരിതപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍
ഗണപതി വിഗ്രഹങ്ങള്‍ പോലും ചൈനയില്‍ നിന്ന് വാങ്ങേണ്ടി വരുന്ന ഇന്ത്യയുടെ ഗതികേടില്‍ ഖേദം പ്രകടിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം, രാജ്യത്തിന്റെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഇറക്കുമതി ചൈനയില്‍നിന്നു നടത്തുന്നതില്‍ തെറ്റില്ലെന്ന് അവര്‍ പറഞ്ഞു.
എന്തിനാണ് ഗണപതി വിഗ്രഹങ്ങള്‍ പോലും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്? കളിമണ്ണില്‍ നിന്ന് നമുക്ക് ഒരു ഗണപതി വിഗ്രഹം നിര്‍മ്മിക്കാന്‍ കഴിയില്ലേ?- ബിജെപിയുടെ തമിഴ്നാട് ഘടകത്തെ ഓണ്‍ലൈന്‍ വഴി അഭിസംബോധന ചെയ്യവേ നിര്‍മല സീതാരാമന്‍ ചോദിച്ചു. ഗണേഷ് ചതുര്‍ത്ഥി ഉത്സവത്തില്‍ കളിമണ്ണില്‍ നിര്‍മ്മിച്ച ഗണേശ വിഗ്രഹങ്ങള്‍ പ്രാദേശിക പരമ്പരാഗത തൊഴിലാളികളില്‍നിന്ന് വാങ്ങണമെന്ന് അവര്‍ പറഞ്ഞു.
ഇറക്കുമതി ഒട്ടും ചെയ്യരുതെന്ന് സ്വാശ്രയ ഇന്ത്യ (ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍) അര്‍ത്ഥമാക്കുന്നില്ല. വ്യാവസായിക വളര്‍ച്ചയ്ക്കും ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആവശ്യമായ ഇറക്കുമതികള്‍ ചെയ്യാം- മന്ത്രി പറഞ്ഞു. പ്രാദേശികമായി ലഭ്യമാകുന്നവയ്ക്കു പകരവും ഇറക്കുമതിയെ ആശ്രയിക്കുന്ന സാഹചര്യം മാറണം.
രാജ്യത്ത് ലഭ്യമല്ലാത്തതും നമ്മുടെ വ്യവസായങ്ങള്‍ക്ക് ആവശ്യമായതുമായ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാം. പക്ഷേ, ഇറക്കുമതിയിലൂടെ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യണം - ബിജെപിയുടെ തമിഴ്നാട് ഘടകത്തെ ഓണ്‍ലൈന്‍ വഴി അഭിസംബോധന ചെയ്യവേ അവര്‍ ചൂണ്ടിക്കാട്ടി. തൊഴിലവസരങ്ങളും വളര്‍ച്ചയും പോലുള്ള ആനുകൂല്യങ്ങള്‍ കൊണ്ടുവരാന്‍ കഴിയാത്ത ഇറക്കുമതി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും സ്വാശ്രയത്വത്തിനും സഹായകമല്ലെന്നും ധനമന്ത്രി പറഞ്ഞു.
പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനം പല തലങ്ങളിലും പ്രായോഗികമാകാത്തതിലുള്ള ഉത്ക്കണ്ഠ ചെന്നൈ ഇന്റര്‍നാഷണല്‍ സെന്റര്‍ സംഘടിപ്പിച്ച എംഎസ്എംഇകളെക്കുറിച്ചുള്ള ഒരു വെബിനാറില്‍ നിര്‍മ്മല സീതാരാമന്‍ പങ്കുവച്ചു. ഇതു സംബന്ധിച്ച് ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായും ബാങ്കുമായും ചര്‍ച്ച നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ ആനുകൂല്യം ഉപഭോക്താവിന് നിഷേധിക്കാതിരിക്കാന്‍ ന്യായമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ വേഗത്തില്‍ കൊണ്ടുവരാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അവര്‍ അറിയിച്ചു.
എമര്‍ജന്‍സി ക്രെഡിറ്റ് സൗകര്യത്തിന് കീഴിലെ പദ്ധതിക്ക് സ്വകാര്യ ബാങ്കുകള്‍ പിന്തുണ നല്‍കുന്നില്ലെന്ന പരാതി പരിഹരിക്കും. പൊതുമേഖലാ ബാങ്കുകള്‍ മൊത്തം 22,200 കോടി രൂപ വിതരണം ചെയ്തപ്പോള്‍ സ്വകാര്യമേഖല ബാങ്കുകള്‍ 10,700 കോടി രൂപയാണു വിതരണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു.കുടിശ്ശികയുള്ള ചരക്ക് സേവന നികുതി ബില്ലുകളെ അടിസ്ഥാനമാക്കി കൊളാറ്ററല്‍ ഫ്രീ ക്രെഡിറ്റ് നല്‍കാനുള്ള നിര്‍ദ്ദേശം മന്ത്രാലയത്തിന്റെ ആന്തരിക ചര്‍ച്ചയിലാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline