

തത്സമയ പണമിടപാട് സംവിധാനമായ യുപിഐ (UPI) ഉൾപ്പെടെയുള്ള ഡിജിറ്റൽ പണമിടപാടുകളുടെ എണ്ണം തുടർച്ചയായി റെക്കോഡ് സൃഷ്ടിക്കുമ്പോഴും മറുവശത്ത് രാജ്യത്തെ കറൻസി ഇടപാടും വർധിക്കുകയാണെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസിയുടെ മൊത്തം മൂല്യം ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ സർവകാല റെക്കോഡ് നിലവാരമായ 40 ലക്ഷം കോടി രൂപ മറികടന്നതായി എസ്ബിഐ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചു.
അതേസമയം യുപിഐ പണമിടപാടുകളുടെ മൂല്യം 28.3 ലക്ഷം കോടി രൂപയെന്ന റെക്കോഡിലേക്കും മുന്നേറിയിരിക്കുകയാണ്. രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം കറൻസിയുടെ മൂല്യത്തിന്റെ 70 ശതമാനത്തോളം വരുമിത്. എന്തുകൊണ്ടാണ് ഡിജിറ്റൽ പണമിടപാട് രാജ്യത്ത് ജനകീയമാകുമ്പോഴും കറൻസി ഉപയോഗവും വർധിക്കുന്നത്? ഘടനാപരമായ മാറ്റം സംഭവിക്കുന്നുണ്ടോ? വിശദമായി നോക്കാം.
റിസർവ് ബാങ്ക് അടിച്ചിറക്കിയ മൊത്തം കറൻസികളുടെ 97.6 ശതമാനവും പൊതുജനങ്ങളുടെ കൈവശമാണുള്ളത്. ഇതിന്റെ മൊത്തം മൂല്യം 39 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11.5 ശതമാനം വർധന. നടപ്പ് സാമ്പത്തിക വർഷം ഇതുവരെയുള്ള (2025 ഏപ്രിൽ - 2026 ജനുവരി) കാലയളവിനിടെ പ്രചാരത്തിലുള്ള കറൻസികളുടെ മൂല്യത്തിൽ 2.76 ലക്ഷം കോടി രൂപയുടെ വർധന രേഖപ്പെടുത്തി.
ഡിജിറ്റൽ പേയ്മെന്റുകൾക്ക് സ്വീകാര്യത ഉയരുമ്പോഴും രാജ്യത്ത് കറൻസി ഉപയോഗം വർധിക്കുന്നതിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണ്, എസ്ബിഐ റിസർച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇന്ത്യൻ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഇക്കോറാപ് (Ecowrap) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
1. ചെറുകിട കച്ചവടക്കാർക്ക് വരുന്ന ജിഎസ്ടി നോട്ടീസ്. 40 ലക്ഷത്തിന് മുകളിൽ വിറ്റുവരവുള്ള കച്ചവടക്കാർ ജിഎസ്ടി രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം. ഇത്തരത്തിൽ യുപിഐ ഇടപാടുകളുടെ മൂല്യം നിശ്ചിത പരിധി കഴിഞ്ഞതിനെ തുടർന്ന് കർണാടകയിൽ 18,000-ത്തോളം ചെറുകിട കച്ചവടക്കാർക്ക് ജിഎസ്ടി നോട്ടീസ് ലഭിച്ചത് വൻ വിവാദമായിരുന്നു.
കനത്ത പ്രതിഷേധം ഉയർന്നതോടെ കർണാടക സർക്കാർ ജിഎസ്ടി തീരുമാനത്തിൽ നിന്നും പിന്മാറിയെങ്കിലും സംസ്ഥാനത്തെ ചില ജില്ലകളിൽ എടിഎം വഴി പണം പിൻവലിക്കുന്നതിൽ വൻ വർധനയുണ്ടായത് ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്. ശരാശരി എടിഎം ഇടപാടിനേക്കാൾ പ്രതിമാസം 37 കോടി രൂപ വരെ അധികമായി പിൻവലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സമാന പ്രവണത പശ്ചിമബംഗാൾ, കേരള, ബിഹാർ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും പ്രകടമാണെന്നും എസ്ബിഐ റിപ്പോർട്ടിൽ സൂചിപ്പിച്ചു.
2. സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് താഴ്ന്നതും പണം കൈവശം വെക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. പണമായി കൈവശം സൂക്ഷിച്ചാലും ബാങ്കിൽ നിക്ഷേപിക്കാത്തതിലൂടെ നഷ്ടമാകാവുന്ന ആദായം നിസാരമാണെന്നതാണ് കാരണം. അതുപോലെ ആദായ നികുതിയിൽ ഇളവ് അനുവദിച്ചതോടെ നഗര പ്രദേശങ്ങളിൽ ഉപഭോഗം വർധിച്ചതും പണമിടപാട് ഉയരുന്നതിന് ഇടയാക്കി.
3. സ്വർണത്തിന് വില കുതിച്ചുയർന്നതോടെ പണയവായ്പ എടുക്കുന്നവരുടെ എണ്ണം വർധിച്ചതും ക്യാഷ് ഇടപാട് ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഇത് കുടുംബങ്ങളിലെ ഉപഭോഗവും വർധിപ്പിച്ചിട്ടുണ്ട്.
4. നോട്ട് പിൻവലിക്കലിനെ തുടർന്നുള്ള ജനങ്ങളുടെ പണം സൂക്ഷിപ്പിന്റെ ശൈലി മാറ്റം. 2000 രൂപയുടെ നോട്ട് ആർബിഐ പിൻവലിച്ചതോടെ പിന്നീടുള്ള വലിയ നോട്ടായ 500 രൂപയുടെ കറൻസി കൈവശം വെക്കുകയും ചെറിയ തുകയുടെ ഇടപാടുകൾക്ക് യുപിഐ അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റ് നടത്തുന്ന ശൈലി ജനങ്ങൾക്കിടയിൽ വർധിച്ചു.
നിലവിൽ പ്രചാരത്തിലുള്ള മൊത്തം കറൻസി മൂല്യത്തിന്റെ 86 ശതമാനവും 500 രൂപ നോട്ടിന്റേതാണ്. മറുവശത്ത് യുപിഐയുടെ ഉപജ്ഞാതാക്കളായ എൻപിസിഐ (NPCI) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജനങ്ങൾ യുപിഐ ഉപയോഗിച്ച് നടത്തുന്ന 86 ശതമാനം കച്ചവട ഇടപാടുകളും (Person-to-Merchant) 500 രൂപയിൽ താഴെയാണെന്നതും ഇതിനോട് ചേർത്തുവായിക്കാം.
ഡിജിറ്റൽ പണമിടപാടിനൊപ്പം ക്യാഷ് ഇടപാട് വർധിക്കുന്നതിൽ ജാഗ്രത പാലിക്കണമെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും എസ്ബിഐ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ വളരുന്ന ജിഡിപിയുമായി (GDP) പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം തട്ടിച്ചുനോക്കിയാൽ അനുപാതം താഴേക്കാണെന്നത് ആശ്വാസത്തിന് വക നൽകുന്നു. 2021 സാമ്പത്തിക വർഷത്തിൽ ജിഡിപി-ക്യാഷ് അനുപാതം 14.4 ശതമാനമായിരുന്നത് 2026 സാമ്പത്തിക വർഷത്തിൽ 11 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതായത് വളരുന്ന ഇന്ത്യൻ സമ്പദ്ഘടനയുടെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ക്യാഷ് ഇടപാടുകളുടെ അളവിൽ വർധനയുണ്ടെങ്കിലും ആനുപാതിക പ്രാധാന്യം കുറയുകയാണെന്ന് സാരം. അതേസമയം യുപിഐ ഇടപാടുകളെ അനാകർഷമാക്കുന്ന രീതിയിലുള്ള നടപടികൾ ഉണ്ടാകാതെ നോക്കണമെന്നും നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ വളർച്ചയ്ക്കൊപ്പം ഡിജിറ്റൽ പണമിടപാടുകൾ വർധിക്കുമെന്നുമാണ് എസ്ബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine